എല്‍ഡിഎഫ് സര്‍ക്കാര്‍ കേരളത്തെ മുടിഞ്ഞ തറവാടാക്കി; വിഡി സതീശന്‍

മുഖ്യമന്ത്രി പിണറായി വിജയനും ഇടത് സര്‍ക്കാരിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. എല്‍ഡിഎഫ് സര്‍ക്കാര്‍ കേരളത്തെ മുടിഞ്ഞ തറവാടാക്കി. അഴിമതിയുടെ പൊന്‍തൂവല്‍ അണിഞ്ഞാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇരിക്കുന്നത് എന്നും അദ്ദേഹം ആരോപിച്ചു.

എല്ലാ വകുപ്പുകളുടെയും പ്രവര്‍ത്തനം തകര്‍ന്നു. മാര്‍ക്കറ്റില്‍ കിട്ടുന്നത് പോലെയാണ് ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ബിരുദ സര്‍ട്ടിഫിക്കറ്റ് കിട്ടുന്നത്. എവിടെ അഴിമതി നടന്നാലും അത് ഒരു മാജിക്കല്‍ ബോക്‌സില്‍ ചെന്ന് വീഴും. ബോക്‌സിരിക്കുന്നത് പക്ഷേ മുഖ്യമന്ത്രിയുടെ വീട്ടിലാണ്. സര്‍ക്കാരിന്റെ അഴിമതിയുടെ പാപഭാരം കേരളത്തിലെ ജനങ്ങള്‍ ചുമക്കേണ്ട അവസ്ഥയാണ്. അദാലത്ത് നടത്തി പതിനായിരക്കണക്കിന് പരാതികള്‍ ശേഖരിച്ച് ചാക്കില്‍കെട്ടി സെക്രട്ടറിയേറ്റില്‍ കൊണ്ടുവച്ചവരാണ് സദസ്സുമായി ഇറങ്ങുന്നത്. കേരളത്തിന്റെ ദുരന്തമായി ഈ സര്‍ക്കാര്‍ മാറുന്നു എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അതേസമയം, നവകേരള ബസ്സിന്റെ പൈലറ്റ് വാഹനമിടിച്ച് യുവാവിന് ഗുരുതര പരുക്കേറ്റു. മുഖ്യമന്ത്രിമാരും മന്ത്രിമാരും സഞ്ചരിച്ച ബസ്സിന് പൈലറ്റ് പോയ വാഹനമിടിച്ച് ബൈക്ക് യാത്രക്കാരനാണ് പരുക്കേറ്റത്. തൃശൂര്‍ ചേലക്കരയിലെ നവ കേരള സദസിലേക്ക് മന്ത്രിസംഘം എത്തുമ്പോഴായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ചെറുതുരുത്തി സ്വദേശി റഷീദിനെ വടക്കാഞ്ചേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Top