ചെന്നിത്തലയുടെ ആരോപണത്തിന്റെ മുനയൊടിച്ച്, ചുവപ്പിന്റെ മാസ് മറുപടി !

സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ശ്രീരാമനുമാണ്, കൃഷ്ണനുമാണ്, അതിനും അപ്പുറവുമാണ്. ഇക്കാര്യം ഇപ്പോള്‍ പ്രതിക്ഷത്തിനും മനസ്സിലായി കാണും. ഈ ജന നേതാവിനെതിരെ ഉയര്‍ന്ന സകല അപവാദ പ്രചരണങ്ങള്‍ക്കും സ്വന്തം മണ്ഡലത്തിലെ ജനങ്ങളാണിപ്പോള്‍ മറുപടി നല്‍കിയിരിക്കുന്നത്. പൊന്നാനി മണ്ഡലത്തില്‍ വലിയ മുന്നേറ്റമാണ് തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം നടത്തിയിരിക്കുന്നത്. യു.ഡി.എഫിന്റെ കൈവശമുണ്ടായിരുന്ന രണ്ട് പഞ്ചായത്ത് ഭരണവും ഇടതുപക്ഷം പിടിച്ചെടുത്തിട്ടുണ്ട്. പൊന്നാനി മുനിസിപ്പാലിറ്റിയിലാകട്ടെ നാണം കെട്ട തോല്‍വിയാണ് മുസ്ലീം ലീഗും കോണ്‍ഗ്രസ്സും ഏറ്റു വാങ്ങിയിരിക്കുന്നത്.

സ്വപ്നയെ മുന്‍ നിര്‍ത്തി അപവാദം പ്രചരിപ്പിച്ചവര്‍ക്ക് സ്വപ്നത്തില്‍ പോലും പ്രതീക്ഷിക്കാത്ത തിരിച്ചടിയാണിത്. സ്പീക്കര്‍ ശ്രീരാമകൃഷ്ണനെതിരായ ആരോപണം വോട്ടായി മാറിയാല്‍ മണ്ഡലത്തില്‍ മിന്നും വിജയം നേടുമെന്നായിരുന്നു യു.ഡി.എഫ് നേതൃത്വം കണക്ക് കൂട്ടിയിരുന്നത്. ആ കണക്ക് കൂട്ടലുകളാണ് ഇപ്പോള്‍ ജനങ്ങള്‍ തന്നെ തകര്‍ത്തിരിക്കുന്നത്. കേന്ദ്ര ഏജന്‍സികള്‍ക്കും ബി.ജെ.പിക്കുമുള്ള ജനകീയ മുന്നറിയിപ്പ് കൂടിയാണിത്. കെ.പി.സി.സി അദ്ധ്യക്ഷന്റെയും പ്രതിപക്ഷ നേതാവിന്റെയും വാര്‍ഡുകളില്‍ യു.ഡി.എഫ് പരാജയപ്പെട്ടപ്പോഴാണ് ശ്രീരാമകൃഷ്ണന്റെ തട്ടകത്തില്‍ മിന്നും വിജയം ഇടതുപക്ഷം നേടിയിരിക്കുന്നത്. ശ്രീരാമകൃഷ്ണനെതിരെ ഗുരുതര ആരോപണം ഉന്നയിച്ച ബി.ജെ.പി നേതാക്കള്‍ക്കും സ്വന്തം വാര്‍ഡില്‍ പോലും പാര്‍ട്ടിക്ക് വിജയം സമ്മാനിക്കാന്‍ കഴിഞ്ഞിട്ടില്ല.

കേന്ദ്രമന്ത്രി വി മുരളീധരന്റെ സ്വന്തം വാര്‍ഡില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടിരിക്കുകയാണ്. ചാനലുകളില്‍ ശ്രീരാമകൃഷ്ണനെ കടന്നാക്രമിച്ച മറ്റൊരു ബി.ജെ.പി നേതാവായ ബി ഗോപാലകൃഷ്ണന്‍ മത്സരിച്ച വാര്‍ഡില്‍ എട്ടു നിലയിലാണ് പൊട്ടിയത്. ആവേശമുണര്‍ത്തുന്ന നേട്ടമാണ് സംസ്ഥാനത്താകെ ഇടതുപക്ഷം ഇപ്പോള്‍ നേടിയിരിക്കുന്നത്. ‘സ്വപ്നയില്‍’ പ്രതീക്ഷയര്‍പ്പിച്ച രമേശ് ചെന്നിത്തലയുടെ മുഖ്യമന്ത്രി മോഹത്തിനും ഈ വിജയം കരിനിഴല്‍ പടര്‍ത്തി കഴിഞ്ഞു. ആരോപണങ്ങളല്ല ജനങ്ങളുടെ മനസ്സിനെ സ്വാധീനിക്കുക എന്ന് ഇനിയെങ്കിലും പ്രതിപക്ഷം തിരിച്ചറിയുന്നത് നല്ലതാണ്. വ്യക്തിഹത്യക്കുള്ള ഒന്നാംന്തരം പ്രഹരം കൂടിയാണ് ജനങ്ങള്‍ ഇപ്പോള്‍ നല്‍കിയിരിക്കുന്നത്.

ഇനി, ലൈഫ് മിഷന്‍, കേന്ദ്ര ഏജന്‍സി, സ്വപ്ന സുരേഷ്, ശിവശങ്കര്‍, സി.എന്‍ രവീന്ദ്രന്‍, സ്വര്‍ണ്ണക്കടത്ത്, ഡോളര്‍ കടത്ത്, ഈത്തപ്പഴം, ഖുറാന്‍ കടത്ത് എന്നൊക്കെ പറഞ്ഞ് രംഗത്ത് വന്നേക്കരുത്. അത് വിലപ്പോവുകയില്ല. നിയമസഭ തിരഞ്ഞെടുപ്പിന് ഏതാനും മാസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. പ്രതിപക്ഷത്തിന് പറയാന്‍ എന്തുണ്ട് എന്ന് സ്വയം പരിശോധിക്കുന്നത് നല്ലതായിരിക്കും. തിരഞ്ഞെടുപ്പില്‍ ജയിക്കണമെങ്കില്‍ ആദ്യം ജനങ്ങളെ അറിയണം, അവരുടെ കഷ്ടപ്പാടുകള്‍ അറിയണം, അതിന് പരിഹാരം ഉണ്ടാക്കണം. ഇതാണ് ഇടതുപക്ഷം ചെയ്തിരിക്കുന്നത്. എണ്ണി എണ്ണിപ്പറയാനും നടപ്പാക്കിയ നിരവധി പദ്ധതികള്‍ ഇടതുപക്ഷ സര്‍ക്കാറിനുണ്ട്. ദുരിതങ്ങളിലും ദുരന്തങ്ങളിലും അതിജീവനത്തിന് കരുത്ത് പകര്‍ന്നതും പിണറായി സര്‍ക്കാറാണ്.

എന്നാല്‍ യുഡിഎഫും ബി.ജെ.പിയും വിവാദങ്ങള്‍ സൃഷ്ടിക്കാന്‍ മാത്രമാണ് ശ്രമിച്ചിരുന്നത്. അതിനായി കേന്ദ്ര ഏജന്‍സികളെയും പ്രതിപക്ഷം ഫലപ്രദമായി ഉപയോഗപ്പെടുത്തുകയുണ്ടായി. ചാനലുകള്‍ കൂടി ഒപ്പമുണ്ടായാല്‍ എല്ലാം തികഞ്ഞു എന്ന് കരുതിയ മണ്ടത്തരത്തിനു കൂടിയുള്ള ഒന്നാന്തരം തിരിച്ചടിയാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. അപവാദം പ്രചരിപ്പിച്ച് ജന നേതാക്കളുടെ വ്യക്തി ജീവിതം പോലും തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ ഇനിയെങ്കിലും തിരുത്തുന്നതാണ് നല്ലത്. എല്ലാ ആരോപണങ്ങളെയും അറബിക്കടലിലാണ് ഇടതുപക്ഷം ഇപ്പോള്‍ ഒഴുക്കിയിരിക്കുന്നത്.

Top