കോട്ടയം നഗരസഭാ അധ്യക്ഷയ്‌ക്കെതിരെ അവിശ്വാസ പ്രമേയവുമായി എല്‍ഡിഎഫ്

കോട്ടയം: കോട്ടയം നഗരസഭാ അധ്യക്ഷയ്‌ക്കെതിരെ അവിശ്വാസ പ്രമേയവുമായി എല്‍ഡിഎഫ് രംഗത്ത്. ഭരണ സ്തംഭനം ആരോപിച്ചുള്ള അവിശ്വാസ പ്രമേയം ഇന്ന് ചര്‍ച്ചയ്‌ക്കെടുക്കും. യുഡിഎഫിനും എല്‍ഡിഎഫിനും 22 അംഗങ്ങള്‍ വീതമുള്ള നഗരസഭയില്‍ എട്ട് പേരുള്ള ബിജെപി നിലപാടാണ് നിര്‍ണായകമാകുക. ഈരാറ്റുപേട്ട നഗരസഭയില്‍ എല്‍ഡിഎഫ് അവിശ്വാസം പാസാകുന്നതില്‍ നിര്‍ണായകമായത് അഞ്ച് അംഗങ്ങളുള്ള എസ്ഡിപിഐ പിന്തുണയാണ്.

സംസ്ഥാനതലത്തില്‍ തന്നെ സിപിഎം കൂട്ടുക്കെട്ടാരോപണത്തിന് മറുപടി പറയേണ്ടി വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഭാഗ്യം കൊണ്ട് മാത്രം യുഡിഎഫ് ഭരിക്കുന്ന കോട്ടയം നഗരസഭയിലും അവിശ്വാസ പ്രമേയയവുമായി എല്‍ഡിഎഫ് രംഗത്ത് വരുന്നത്. നിര്‍ണായകമാകുക ബിജെപി നിലപാടാണെന്നുള്ളത് കോട്ടയത്തെ അവിശ്വാസത്തിന് സംസ്ഥാന ശ്രദ്ധ നല്‍കുന്നുണ്ട്. നഗരസഭയില്‍ ആകെ 52 അംഗങ്ങളാണ് ഉള്ളത്. അതില്‍ യുഡിഎഫ് 22, എല്‍ഡിഎഫ് 22, ബിജെപി എട്ട് എന്നിങ്ങനെയാണ് കണക്കുകള്‍.

അവിശ്വാസ പ്രമേയം പാസാകാന്‍ വേണ്ടത് 27 പേരുടെ പിന്തുണയാണ്. അതായത് ബിജെപി പിന്തുണയില്ലാതെ അവിശ്വാസം പാസാകില്ലെന്നുറപ്പ്. അല്ലെങ്കില്‍ യുഡിഎഫില്‍ നിന്ന് അഞ്ച് പേര്‍ മറുകണ്ടം ചാടണം. കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ തങ്ങള്‍ക്ക് അനുകൂലമാവുമെന്ന പ്രതീക്ഷയിലാണ് എല്‍ഡിഎഫ്.

ഇരാറ്റുപേട്ടയിലെ എസ്ഡിപിഐ പിന്തുണയില്‍ സിപിഎമ്മിനെതിരെ വലിയ വിമര്‍ശനം ബിജെപി ഉന്നയിച്ചിരുന്നു. കോണ്‍ഗ്രസ് വിമതയായി ജയിച്ച് പിന്നീട് യുഡിഎഫ് ചേരിയിലെത്തി നറുക്കെടുപ്പിലൂടെയാണ് ബിന്‍സി ചെയര്‍പേഴ്‌സണായത്. പ്രമേയ വോട്ടെടുപ്പില്‍ ബിജെപി വിട്ടുനിന്നാല്‍ വീണ്ടും നറുക്കെടുപ്പിന്റെ ഭാഗ്യപരീക്ഷണത്തിന് വേദിയാകും കോട്ടയം നഗരസഭ.

Top