‘ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ സിപിഎമ്മിന് പങ്കില്ല,’; പ്രതികരണവുമായി ജയരാജന്‍

കണ്ണൂര്‍: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ അപ്പീലുകളിലെ ഹൈക്കോടതി വിധിയില്‍ പ്രതികരണവുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ സിപിഎമ്മിന് പങ്കില്ലെന്ന് ഇപി ജയരാജന്‍. ഫേയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ഇപി ജയരാജന്‍ ടിപി വധക്കേസില്‍ സിപിഎമ്മിന് പങ്കില്ലെന്ന് വ്യക്തമാക്കുന്നത്.

ടി പി കേസില്‍ ഉള്‍പ്പെട്ട പലരും നിരപരാധികളാണെന്നും ഇപി ജയരാജന്‍ പറഞ്ഞു. കേസില്‍ ഉള്‍പ്പെട്ട നിരപരാധികളായവര്‍ക്ക് അത് തെളിയിക്കാന്‍ ഇനിയും അവസരമുണ്ട്. ഹൈക്കോടതി വിധി വെച്ച് വീണ്ടും സിപിഎമ്മിനെ വേട്ടയാടാന്‍ ശ്രമമെന്നും കോടതി ശിക്ഷിച്ചത് കൊണ്ട് മാത്രം ഒരാള്‍ കുറ്റവാളിയാകില്ലെന്നും കുഞ്ഞനന്തന്‍ ഉറുമ്പിനെ പോലും നോവിക്കാത്ത ലോലഹൃദയത്തിന്റെ ഉടമയാണെന്നും ജയരാജന്‍ ഫേയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനനെ വിചാരണക്കോടതി വെറുതെ വിട്ടത് റദ്ദാക്കണമെന്ന് കാണിച്ച് ടിപി ചന്ദ്രശേഖരന്റെ ഭാര്യ രമ നല്‍കിയ ഹര്‍ജി തള്ളിയതും സിപിഐ എം ഗൂഢാലോചന എന്ന വാദം പൊളിക്കുന്നതാണെന്നും ഇപി ജയരാജന്‍ ഫേയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

Top