ആന്റണി രാജുവിനും എ.കെ ശശീന്ദ്രനും മന്ത്രിയാകാമെങ്കിൽ കെ.ബി ഗണേഷ് കുമാറിനും ആവാം, ഇതിൽ ഇരട്ട നീതി അരുത്

കേരളത്തിൽ മന്ത്രിസഭ പുനസംഘടനയെ കുറിച്ചാണ് ഇപ്പോൾ വ്യാപകമായി ചർച്ച നടക്കുന്നത്. ലോകസഭ തിരഞ്ഞെടുപ്പിലേക്ക് പോകും മുൻപ് തന്നെ മുഖം മിനുക്കി രംഗത്ത് വരാൻ ഈ മന്ത്രിസഭാ പുനസംഘടനയെ തീർച്ചയായും ഇടതുപക്ഷം ഉപയോഗപ്പെടുത്തും. അതുകൊണ്ടു തന്നെ സി.പി.എം മന്ത്രിമാരുടേയോ വകുപ്പുകളുടേയോ കാര്യത്തിലും ചില മാറ്റങ്ങൾക്കുള്ള സാധ്യത തള്ളിക്കളയാൻ കഴിയുകയില്ല. രണ്ടാം പിണറായി സർക്കാറിന്റെ ഭരണം പോരെന്ന നിലപാട് ഇടതുപക്ഷ അണികൾക്കിടയിൽ പോലും ശക്തമായ സാഹചര്യത്തിൽ മന്ത്രിസഭയിൽ ഒരു പൊളിച്ചെഴുത്ത് മുതിർന്ന സി.പി.എം നേതാക്കളും ആഗ്രഹിക്കുന്നുണ്ട്.

എന്നാൽ സി.പി.എം മന്ത്രിമാരുടെ കാര്യത്തിൽ എന്തു മാറ്റം വേണമെങ്കിലും കേന്ദ്ര നേതൃത്വത്തിന്റെ അനുമതിയോടെ പാർട്ടി സംസ്ഥാന കമ്മറ്റിയാണ് അന്തിമ തീരുമാനമെടുക്കുക. അത് സംഭവിക്കുമോ എന്നതു കണ്ടു തന്നെ അറിയേണ്ട കാര്യമാണ്. സി. പി.എം മന്ത്രിമാരുടെ വകുപ്പ് മാറ്റമാണ് ഉദ്യേശിക്കുന്നതെങ്കിൽ അതിൽ അന്തിമ തീരുമാനമെടുക്കേണ്ടതാകട്ടെ മുഖ്യമന്ത്രിയുമാണ്. ഇക്കാര്യത്തിൽ മാധ്യമങ്ങളുടെ താൽപര്യങ്ങളല്ല സി.പി.എം സംസ്ഥാന കമ്മറ്റി അംഗങ്ങളുടെ നിലപാടാണ് മുഖ്യമന്ത്രിക്ക് പരിഗണിക്കേണ്ടി വരിക.

തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ ഗതാഗത മന്ത്രി ആന്റണി രാജു എന്നിവരാണ് രണ്ടര വർഷം പൂർത്തിയാകുമ്പോൾ മാറേണ്ടി വരിക. പകരം മുൻ ധാരണ പ്രകാരം കെ.ബി ഗണേഷ് കുമാറും രാമചന്ദ്രൻ കടന്നപ്പള്ളിയുമാണ് മന്ത്രിമാരാകുക. ഇതിൽ കെ.ബി ഗണേഷ് കുമാറിനെതിരെ ഉയർന്ന ചില ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ പകരം മന്ത്രിയാവാൻ മുന്നണി ധാരണകൾ തെറ്റിച്ച് എൽ.ജെ.ഡിയും ആര്‍എസ്പി ലെനിനിസ്റ്റും രംഗത്ത് വന്നിട്ടുണ്ട്.

ഓരോ എം.എൽ.എമാർ വീതമാണ് ഈ രണ്ട് പാർട്ടികൾക്കുള്ളത്. ഇതിൽ ആർ.എസ്.പി ലെനിനിസ്റ്റ് എം.എൽ.എ കോവൂർ കുഞ്ഞുമോൻ തന്നെ മന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് ഇടതു മുന്നണിക്ക് കത്തും നൽകിയിട്ടുണ്ട്. കെ.ബി ഗണേഷ് കുമാറിനെ ഒഴിവാക്കിയാൽ ആ സ്ഥാനം ലക്ഷ്യമിട്ടാണ് ഇത്തരം ഒരു നീക്കം നടത്തുന്നത്. അതേസമയം മന്ത്രിസഭയിൽ രണ്ടര വർഷം പൂർത്തിയാക്കാൻ പോകുന്ന ഐ എൻ.എൽ പ്രതിനിധി അഹമ്മദ് ദേവർ കോവിലിനും ജനാധിപത്യ കേരള കോൺഗ്രസ്സ് പ്രതിനിധി ആന്റണി രാജുവിനും സ്ഥാനം ഒഴിയാൻ വലിയ താൽപ്പര്യമില്ലന്ന തരത്തിലുള്ള റിപ്പോർട്ടുകളും ഇപ്പോൾ പുറത്ത് വരുന്നുണ്ട്.

ഇതെല്ലാം തന്നെ ബൂർഷ്യാ പാർട്ടികളെ മുന്നണിയിൽ എടുത്തതു കൊണ്ടാണ് കമ്യൂണിസ്റ്റു പാർട്ടികൾക്ക് സഹിക്കേണ്ടി വരുന്നത്. ഈ പോക്ക് പോയാൽ അധികാര മോഹികളുടെ കൂടാരമായി ഇടതുപക്ഷവും അധികം താമസിയാതെ തന്നെ മാറും. ആരോപണങ്ങളും അപവാദങ്ങളുമാണ് മന്ത്രിമാർ ആകാതിരിക്കാനുള്ള അടിസ്ഥാന യോഗ്യതയെങ്കിൽ ഒരു മുന്നണിക്കും സർക്കാർ ഉണ്ടാക്കാൻ കഴിയുകയില്ല.

ഒന്നാം പിണറായി സർക്കാറിന്റെ കാലത്ത് വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രനെതിരെ ഉയർന്ന ഫോൺ കെണി വിവാദത്തെ തുടർന്ന് അദ്ദേഹത്തിന്റെ മന്ത്രിസ്ഥാനം നഷ്ടപ്പെട്ടെങ്കിലും ചെറിയ ഇടവേളക്കു ശേഷം അദ്ദേഹം വീണ്ടും മന്ത്രിസഭയിൽ തിരിച്ചെത്തുകയാണ് ഉണ്ടായത്. പരാതിക്കാരി മൊഴിമാറ്റിയതിനെ തുടർന്ന് ശശീന്ദ്രനെ തിരുവനന്തപുരം സിജെഎം കോടതി കുറ്റവിമുക്തനാക്കിയതോടെയാണ് അദ്ദേഹത്തിന് മന്ത്രി പദവി തിരികെ നൽകിയിരുന്നത്. ഇതു തന്നെ ഇടതുപക്ഷം പിന്തുടരുന്ന ധാർമ്മിക മൂല്യങ്ങൾക്ക് എതിരായ നടപടിയാണ്. ലൈംഗിക ചുവയോടെയാണ് മന്ത്രി എ.കെ ശശീന്ദ്രൻ യുവതിയോട് സംസാരിച്ചിരുന്നത്.

കെണിയായാലും അല്ലങ്കിലും ഒരു ഇടതുപക്ഷ മന്ത്രി ഇങ്ങനെ ഒരിക്കലും പെരുമാറാൻ പാടില്ലായിരുന്നു. പരാതിക്കാരി പിൻമാറിയതിനാൽ നിയമ നടപടിയിൽ നിന്നും രക്ഷപ്പെട്ടെങ്കിലും മന്ത്രി ഏത് രൂപത്തിലാണ് യുവതിയോട് സംസാരിച്ചത് എന്നത് രാഷ്ട്രീയ കേരളം ഒരിക്കലും മറക്കുകയില്ല. പുതുതായി ആരംഭിച്ച മംഗളം ചാനലിന്റെ ആദ്യ എക്സ്ക്ലൂസീവ് വാർത്തയായിരുന്നു ഈ സംഭാഷണത്തിലൂടെ അവർ പുറത്ത് വിട്ടിരുന്നത്. കേരളത്തെ പിടിച്ചുലച്ച ഈ വിവാദത്തിൽ മംഗളത്തെ ശത്രുപക്ഷത്ത് നിർത്തി മറ്റു മുഖ്യധാരാ മാധ്യമങ്ങൾ കൂടി നിലപാട് സ്വീകരിച്ചതാണ് എ.കെ ശശീന്ദ്രന് തിരികെ മന്ത്രിസ്ഥാനം ലഭിക്കാൻ പിടിവള്ളി ആയിരുന്നത്.

മംഗളം തങ്ങളെയും കടത്തിവെട്ടി മുന്നേറുമെന്ന ഭയമാണ് മുഖ്യധാരാ ചാനലുകളെ ഇത്തരം നിലപാട് എടുക്കാൻ പ്രേരിപ്പിച്ചിരുന്നത്. അതുകൊണ്ടു മാത്രമാണ് വിവാദ സംഭാഷണം മുൻ നിർത്തി അവരാരും തന്നെ ശശീന്ദ്രനും ഇടതുപക്ഷത്തിനും പിന്നാലെ കൂടാതിരുന്നിരുന്നത്. ആരൊക്കെ നിഷേധിച്ചാലും ഇതു തന്നെയാണ് യാഥാർത്ഥ്യം. കെ.ബി ഗണേഷ് കുമാറിനെതിരെ വാളെടുക്കുന്നവർ ഇക്കാര്യം കൂടി ഓർക്കുന്നതു നല്ലതായിരിക്കും.

അതുപോലെ തന്നെ രണ്ടാം പിണറായിസർക്കാറിൽ ആന്റണി രാജു മന്ത്രിയാകുമ്പോൾ അദ്ദേഹവും ഒരു നാണംകെട്ട കേസിൽ പ്രതിയായിരുന്നു എന്നതും നാം മറന്നു പോകരുത്. മയക്കു മരുന്നു കേസിലെ തൊണ്ടിമുതലായ അടിവസ്ത്രം മാറ്റിയ കേസിലാണ് നിരവധി വർഷങ്ങളായി പ്രതിയായി ആന്റണി രാജു തുടർന്നിരുന്നത്. ഈ കേസിലെ ഹൈക്കോടതി ഉത്തരവിനെതിരായി ഈ അടുത്തയിടെ മാത്രമാണ് ആന്റണി രാജുവിന് സ്റ്റേ ലഭിച്ചിരുന്നത്. ഈ പശ്ചാത്തലത്തിൽ ആന്റണി രാജുവിനും എ.കെ ശശീന്ദ്രനും ഇടതുമുന്നണി നൽകിയ ആനുകൂല്യത്തിന് തീർച്ചയായും കെ.ബി ഗണേഷ് കുമാറിനും അർഹതയുണ്ട്.

ഗണേഷിനെ മന്ത്രിയാക്കുന്നത് മുന്നണിയുടെ യശസ്സിന് കോട്ടം തട്ടുമെന്ന് ചൂണ്ടിക്കാട്ടി അണിയറയിൽ നീക്കം നടത്തുന്ന ഘടകകക്ഷികളും മാധ്യമ പ്രവർത്തകരും ഇക്കാര്യത്തിലും മറുപടി പറയാൻ ബാധ്യസ്ഥരാണ്. യു.ഡി.എഫിൽ നിന്നും തീർത്തും വ്യത്യസ്തമായ ഒരു സംവിധാനമാണ് ഇടതുപക്ഷം. ഈ മുന്നണിയുടെ സ്വാധീനത്തിന്റെ ബഹു ഭൂരിപക്ഷവും സി.പി.എമ്മിനെ കേന്ദീകരിച്ചാണ് നില കൊള്ളുന്നത്. സി.പി.ഐയുടെയും കേരള കോൺഗ്രസ്സിന്റെയും സ്വാധീനമാകട്ടെ ഏതാനും ജില്ലകളിൽ മാത്രമാണുള്ളത്. ഐ.എൻ.എല്ലിനും ജെ.ഡി.എസിനും ചില പഞ്ചായത്തുകളിൽ മാത്രമാണ് സ്വാധീനമുള്ളത്.

കെ.ബി ഗണേഷ് കുമാറിന് അദ്ദേഹത്തിന്റെ പാർട്ടിയായ കേരള കോൺഗ്രസ്സ് – ‘ബി’യുടെ ശക്തിയേക്കാൾ പത്തനാപുരം നിയമസഭാ മണ്ഡലത്തിൽ വ്യക്തിപരമായി ഉണ്ടാക്കിയെടുത്ത സ്വാധീനമാണ് കരുത്ത്. കൊട്ടാരക്കര മണ്ഡലത്തിലും കേരള കോൺഗ്രസ്സ് -ബിക്ക് സ്വാധീനമുണ്ട്. എൻ.എസ്.എസ് ഡയറക്ടർ ബോർഡ് അംഗമായതിനാൽ അതും രാഷ്ട്രീയമായി ഇടതുപക്ഷത്തിനാണ് ഗുണം ചെയ്യുക. ഇടതുപക്ഷത്തെ മറ്റുഘടക കക്ഷികളുടെ സ്ഥിതി പറയാതിരിക്കുന്നതാണ് ഭേദം. ഒറ്റയ്ക്ക് മത്സരിച്ചാൽ ഒരു വാർഡിൽ വിജയിക്കാനുള്ള ശേഷി പോലും ഈ പാർട്ടികൾക്കില്ല. എന്നാൽ ഈ ഈർക്കിൾ പാർട്ടികൾക്കെല്ലാം വാരിക്കോരിയാണ് സി.പി.എം മന്ത്രിസ്ഥാനങ്ങൾ നൽകിയിരിക്കുന്നത്. മുന്നണി രാഷ്ട്രീയത്തിന്റെ വല്ലാത്തൊരു ഗതികേടാണിത്.

യു.ഡി. എഫിൽ കോൺഗ്രസ്സ് കഴിഞ്ഞാൽ വലിയ സ്വാധീനമുള്ള ഏക ഘടക കക്ഷി മുസ്ലീംലീഗാണ് കോൺഗ്രസ്സിന്റെ സഹായമില്ലങ്കിലും എം.എൽ എ മാരെ സൃഷ്ടിക്കാൻ ലീഗിനു കഴിയും. ലീഗില്ലങ്കിൽ മലബാറിൽ നിന്നും ഒരൊറ്റ സീറ്റിൽ പോലും വിജയിക്കാൻ കോൺഗ്രസ്സിനു കഴിയുകയില്ല. അതുകൊണ്ടു തന്നെ ലീഗില്ലാത്ത അവസ്ഥ ചിന്തിക്കാൻ പോലും ചിന്തിക്കാൻ കോൺഗ്രസ്സിനു സാധിക്കുകയില്ല.

കേരളത്തിൽ ഒറ്റയ്ക്കു മത്സരിക്കാൻ പാർട്ടികൾ തയ്യാറായാൽ സകല ഈർക്കിൾ പാർട്ടികളുടെയും കഥയാണ് അതോടെ തീരുക. സി.പി.എമ്മിനാണ് ഇത്തരമൊരു മത്സരം ഏറെ ഗുണം ചെയ്യുക. കോൺഗ്രസ്സിനും ലീഗിനും ബി.ജെ.പിക്കും എല്ലാം അവരുടെ ഉള്ള സ്വാധീനം പ്രകടമാക്കാനും ഇതോടെ സാധിക്കും. ഒരേ പാർട്ടിയിൽ നിന്നും മുഴുവൻ മന്ത്രിമാരും വരുന്നത് ആ പാർട്ടിയിലെ നിരവധി പേർക്ക് അവസരം നൽകാനും സമ്മർദ്ദങ്ങളില്ലാതെ ഭരിക്കാനും ഭരണപക്ഷത്തിനെ സഹായിക്കും. ഇത്തരം ഒരു തിരഞ്ഞെടുപ്പ് മത്സരം ജനങ്ങളും ഏറെ ആഗ്രഹിക്കുന്നുണ്ട്. അതെന്തായാലും…പറയാതെ വയ്യ . . .

EXPRESS KERALA VIEW

Top