ലോകസഭ തെരഞ്ഞെടുപ്പ്: എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും നിര്‍ണായക യോഗങ്ങള്‍ ഇന്ന്

തിരുവനന്തപുരം: ലോകസഭ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ ബാക്കി സംസ്ഥാനത്തെ മുന്നണികള്‍ക്ക് തെരഞ്ഞെടുപ്പ് ചൂട്. തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായി ഇടത് മുന്നണിയോഗം ഇന്ന് ചേരും. മുന്നണി വിപുലീകരണത്തിന് ശേഷമുള്ള ആദ്യ യോഗമാണ് ഇന്ന് ചേരുന്നത്.

കേരളാ കോണ്‍ഗ്രസ് ബി, ജനാധിപത്യ കേരളാ കോണ്‍ഗ്രസ്, ലോക് തന്ത്രിക് ജനതാദള്‍, ഐഎന്‍എല്‍, എന്നീ പുതിയതായി ഉള്‍പ്പെടുത്തിയ പാര്‍ട്ടികളടക്കം പത്ത് ഘടകക്ഷികളാണ് ഇപ്പോള്‍ ഇടത് പാളയത്തിലുള്ളത്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും വനിതാ മതിലിന്റെ തുടര്‍ച്ചയും യോഗത്തില്‍ ചര്‍ച്ചയാകും എന്നാണ് വിവരം.ഫെബ്രുവരി ആദ്യവാരം സംസ്ഥാന തല പ്രചരണ ജാഥ നടത്തുന്ന കാര്യത്തില്‍ മുന്നണി യോഗം അന്തിമ തീരുമാനമെടുക്കും.

അതേസമയം, യുഡിഎഫ് ഏകോപന സമിതി യോഗവും ഇന്നു ചേരുന്നുണ്ട്. പത്തരയ്ക്ക് കന്റോണ്‍മെന്റ് ഹൗസിലാണ് യോഗം. ലോക്‌സഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ചേരുന്ന യോഗത്തില്‍ സീറ്റ് വിഭജനം സംബന്ധിച്ച് ധാരണയിലെത്തിയേക്കും.ലീഗ് ഉള്‍പ്പെടെ ഘടകകക്ഷികള്‍ കൂടുതല്‍ സീറ്റിന് അവകാശവാദം ഉന്നയിക്കുമെങ്കിലും അത് അംഗീകരിച്ചേക്കില്ല. മുന്നണിയില്‍ ഉള്‍പ്പെടാത്ത ചെറുകക്ഷികളെ മുന്നണിയുമായി സഹകരിപ്പിക്കുന്ന കാര്യത്തിലും ഇന്ന് തീരുമാനമുണ്ടാകും.ജെഡിയു, യുഡിഎഫ് വിട്ടപ്പോള്‍ പോകാതിരുന്ന വിഭാഗവും, എന്‍ഡിഎ വിട്ടു വന്ന രാജന്‍ ബാബു വിഭാഗത്തേയും മുന്നണിയുമായി സഹകരിപ്പിക്കുന്ന കാര്യത്തിലാണ് തീരുമാനമുണ്ടാകുക.

അതേസമയം, പി സി ജോര്‍ജിനെ മുന്നണിയിലേക്കെടുക്കേണ്ടതില്ലെന്നാണ് തീരുമാനം.

Top