സീറ്റ് വിഭജനത്തില്‍ എല്‍ഡിഎഫില്‍ ധാരണയായി; 15 സിപിഎം, 4 സിപിഐ, കേരളാ കോണ്‍ഗ്രസ് എമ്മിന് ഒരു സീറ്റ്

തിരുവനന്തപുരം : എല്‍ഡിഎഫില്‍ ലോക്‌സഭാ സീറ്റ് വിഭജനത്തില്‍ ധാരണയായി. ലോക്‌സസഭാ തിരഞ്ഞെടുപ്പില്‍ പതിനഞ്ച് സീറ്റുകളില്‍ സിപിഎം മത്സരിക്കും.. നാല് സീറ്റില്‍ സിപിഐയും ഒരു സീറ്റില്‍ കേരള കോണ്‍ഗ്രസും (എം) മത്സരിക്കും. കോട്ടയം സീറ്റിലാണ് കേരള കോണ്‍ഗ്രസ് (എം) മത്സരിക്കുന്നത്. അധിക സീറ്റ് വേണമെന്ന കേരള കോണ്‍ഗ്രസ് ആവശ്യം മുന്നണി പരിഗണിച്ചില്ല. ആര്‍ജെഡിയും സീറ്റ് ആവശ്യപ്പെട്ടു. 1952 മുതല്‍ സോഷ്യലിസ്റ്റുകള്‍ പാര്‍ലമെന്റിലേക്ക് മത്സരിക്കുന്നുണ്ടെന്ന് നേതാക്കള്‍ എല്‍ഡിഎഫ് യോഗത്തില്‍ ചൂണ്ടിക്കാട്ടി. സഹകരിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളിലേക്ക് കടക്കാനും മുന്നണി തീരുമാനിച്ചു.

എപ്പോള്‍ തെരഞ്ഞെടുപ്പ് വന്നാലും ഇടതുമുന്നണി സജ്ജമെന്ന് യോഗത്തിന് ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ഇടതുമുന്നണി കണ്‍വീനര്‍ ഇ പി ജയരാജന്‍ പറഞ്ഞു. ലോക്‌സഭാ തെരഞെടുപ്പ് വേഗമുണ്ടാകുമെന്ന് വിലയിരുത്തല്‍. പ്രഖ്യാപനത്തിന് പിന്നാലെ മുന്നണി ഘടകങ്ങള്‍ പ്രചാരണ സജ്ജമാക്കും. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ തിരിച്ചടി ഇടതുമുന്നണി അതിജീവിക്കും. ഐക്യകണ്‌ഠേന സീറ്റ് ധാരണയിലെത്താന്‍ സാധിച്ചു. നിലവില്‍ തുടരുന്ന മണ്ഡലങ്ങള്‍ തന്നെ മത്സരിക്കും. അടുത്ത മുന്നണിയോഗത്തിന് മുന്‍പ് യോഗ്യരായ സ്ഥാനാര്‍ത്ഥികളെ കണ്ടെത്തുമെന്നും കണ്‍വീനര്‍ അറിയിച്ചു.

Top