ചാണ്ടിയുടെ രാജി വൈകുന്നതിൽ ഇടത് അണികളിലും പ്രതിഷേധം ശക്തമാവുന്നു

തിരുവനന്തപുരം: കായല്‍ കയ്യേറ്റത്തില്‍ ഹൈക്കോടതി പരാമര്‍ശം കൂടി വന്നതോടെ തോമസ് ചാണ്ടിയുടെ നില കൂടുതല്‍ പരുങ്ങലിലായി.

എത്രയും പെട്ടെന്ന് മന്ത്രിയുടെ രാജി വാങ്ങുന്നതാണ് ഉചിതമെന്ന നിലപാടിലാണ് പ്രമുഖ സി.പി.എം നേതാക്കള്‍.

മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കോടതി പരാമര്‍ശം സംബന്ധിച്ച് ആശയവിനിമയം നടത്തിയതായും സൂചനകളുണ്ട്.

മുന്‍പ് ആരോപണമുയര്‍ന്നപ്പോള്‍ ഇ.പി.ജയരാജന്‍ രാജിവച്ചത് ചൂണ്ടിക്കാട്ടിയാണ് പല സി.പി.എം നേതാക്കളും ചാണ്ടിയുടെ രാജി ആവശ്യം പാര്‍ട്ടിക്കകത്ത് ഉന്നയിക്കുന്നത്.

പാര്‍ട്ടി സമ്മേളനങ്ങള്‍ നടന്നുകൊണ്ടിരിക്കെ വിഷയത്തില്‍ സഖാക്കളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ പറ്റാത്ത സാഹചര്യമാണുള്ളതെന്ന് ജില്ലാ നേതാക്കള്‍ സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.

ഇ.പി.ജയരാജന് നേരെ ബന്ധു നിയമന ആരോപണത്തില്‍ വിജിലന്‍സ് അന്വഷണം പ്രഖ്യാപിച്ചതോടെയാണ് ജയരാജന്‍ രാജിവച്ചിരുന്നത്.

സമാനമായ രീതിയില്‍ കോടതി നിര്‍ദ്ദേശ പ്രകാരം ഇപ്പോള്‍ തോമസ് ചാണ്ടിക്കെതിരെയും വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചു കഴിഞ്ഞു.

കോട്ടയം വിജിലന്‍സ് എസ്.പിയ്ക്കാണ് അന്വേഷണ ചുമതല.

ഈ സാഹചര്യത്തില്‍ നിഷ്പക്ഷ അന്വേഷണത്തിന് കളമൊരുക്കാന്‍ തോമസ് ചാണ്ടി രാജിവയ്ക്കണമെന്ന് തന്നെയാണ് ഇടതു അണികള്‍ക്കിടയിലെയും പൊതുവികാരം.

Top