വഞ്ചിയൂര്‍: മജിസ്‌ട്രേറ്റ്‌ ബഹിഷ്‌ക്കരണം; തീരുമാനം പിന്‍വലിച്ച് ബാര്‍ അസോസിയേഷന്‍

തിരുവനന്തപുരം: ചീഫ് ജസ്റ്റിസിന്റെ ഇടപെടലിനെ തുടര്‍ന്ന് വഞ്ചിയൂര്‍ കോടതിയിലെ മജിസ്‌ട്രേറ്റ് ദീപാ മോഹനെ ബഹിഷ്‌ക്കരിക്കാനുള്ള തീരുമാനം പിന്‍വലിച്ചതായി തിരുവനന്തപുരം ബാര്‍ അസോസിയേഷന്‍. അഭിഭാഷകര്‍ക്കെതിരെ മജിസ്‌ട്രേറ്റ് നല്‍കിയ പരാതി പിന്‍വലിക്കാതെയാണ് സമരം നിര്‍ത്തുന്നത്.

മജിസ്‌ട്രേറ്റിനെ തടഞ്ഞ അഭിഭാഷകര്‍ക്കെതിരെ കേസ് എടുത്തതില്‍ പ്രതിഷേധിച്ചാണ് അഭിഭാഷകര്‍ ബഹിഷ്‌ക്കരണം പ്രഖ്യാപിച്ചത്.
മജിസ്‌ട്രേറ്റ് ദീപ മോഹന്‍ വാഹനാപകട കേസിലെ പ്രതിയുടെ ജാമ്യം റദ്ദാക്കിയതാണ് വഞ്ചിയൂര്‍ കോടതിയില്‍ നാടകീയ സംഭവങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ജാമ്യം നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ഒരു സംഘം അഭിഭാഷകര്‍ മജിസ്ട്രേറ്റിന്റെ ചേംബറില്‍ കയറി പ്രതിഷേധിക്കുകയായിരുന്നു. മജിസ്ട്രേറ്റ് ചേംബര്‍ വിട്ടിറങ്ങുകയും ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന് പരാതി നല്‍കുകയും ചെയ്തു. മജിസ്‌ട്രേറ്റിന് നേരേ അഭിഭാഷകര്‍ ഭീഷണി മുഴക്കുകയും ചെയ്തിരുന്നു.

ഇതിനെതിരെ മജിസ്‌ട്രേറ്റ് നല്‍കിയ പരാതിയില്‍ 12 അഭിഭാഷകര്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട്. ഈ കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുള്ള ബഹിഷ്‌ക്കരണമാണ് ഇപ്പോള്‍ അവസാനിപ്പിച്ചത്.

അതേസമയം ബാര്‍ അസോസിയേഷന്‍ പ്രസിഡന്റിനെതിരെ ഉള്‍പ്പടെ ജാമ്യമില്ലാ വകുപ്പ് പ്രകാരമെടുത്ത കേസുമായി മുന്നോട്ട് പോകുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

Top