lawyers Violence against journalists at capital city

തിരുവനന്തപുരം: തലസ്ഥാനത്ത് വഞ്ചിയൂര്‍ കോടതി പരിസരത്തും ഒരുകൂട്ടം അഭിഭാഷകരുടെ അക്രമം. കോടതി ബില്‍ഡിംഗിലെ മീഡിയ റൂം ചില അഭിഭാഷകര്‍ അടച്ചുപൂട്ടി. കടകംപള്ളി കേസ് റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ ആദ്യം അഭിഭാഷകര്‍ ഗോ ബാക്ക് വിളിച്ചു.

തുടര്‍ന്ന് സംഘര്‍ഷം ഒഴിവാക്കാന്‍ മാധ്യമ പ്രവര്‍ത്തകര്‍ കോടതി വളപ്പിന് പുറത്തിറങ്ങി. എന്നാല്‍ കൂട്ടമായി എത്തിയ ഒരുകൂട്ടം അഭിഭാഷകര്‍ പുറത്തുനിന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ കല്ലേറ് നടത്തുകയായിരുന്നു.

അഭിഭാഷകരുടെ കല്ലേറില്‍ ജീവന്‍ ടിവി റിപ്പോര്‍ട്ടര്‍ അനുലാലിന് പരുക്കേറ്റു. ഏഷ്യാനെറ്റ് ന്യൂസിന്റെ വാഹനം അഭിഭാഷക സംഘം അടിച്ച് തകര്‍ത്തു. വഞ്ചിയൂര്‍ കോടതിയുടെ ഗേറ്റിന് പുറത്താണ് അഭിഭാഷകരുടെ അക്രമം. കല്ലേറില്‍ വക്കീല്‍ ഗുമസ്തനും പരുക്കേറ്റു.

മീഡിയ റൂമില്‍ മാധ്യമ പ്രവര്‍ത്തകരെ അധിക്ഷേപിച്ച് അഭിഭാഷകര്‍ പോസ്റ്ററുകള്‍ പതിച്ചു. മാധ്യമങ്ങള്‍ നാലാം ലിംഗക്കാര്‍ എന്ന് ആക്ഷേപിച്ചാണ് പോസ്റ്റര്‍. മീഡിയ റൂമിന്റെ ഭിത്തിയില്‍ ‘ശൗചാലയം’ എന്ന പോസ്റ്ററും പതിച്ചു.

അഭിഭാഷകരുടെ പ്രകോപനത്തെ തുടര്‍ന്ന് ജില്ലാ ജഡ്ജി ബാര്‍ അസോസിയേഷന്‍ നേതാക്കളെ വിളിപ്പിച്ചു.

പോസ്റ്റര്‍ പതിച്ച സംഭവം ബാര്‍ അസോസിയേഷന്‍ നിര്‍ദ്ദേശ പ്രകാരമല്ലെന്ന് പ്രസിഡന്റ് അഡ്വ. കെപി ജയചന്ദ്രന്‍ പറഞ്ഞു. സമാധാനപരമായി പ്രതിഷേധം പ്രകടിപ്പിച്ച ശേഷം പിരിഞ്ഞുപോകാനാണ് ബാര്‍ അസോസിയേഷന്‍ തീരുമാനിച്ചിരുന്നതെന്നും ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് പറഞ്ഞു.

കാടതി പരിസരത്ത് വന്‍ പോലീസ് സംഘം ക്യാമ്പ് ചെയ്തിട്ടുണ്ട്. തിരുവനന്തപുരം അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ ശിവവിക്രം ഉള്‍പ്പടെയുള്ള പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. വന്‍ മാധ്യമസംഘവും സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്.

ഹൈക്കോടതിക്ക് മുന്നില്‍ ബുധനാഴ്ചയുണ്ടായ സംഘര്‍ഷങ്ങള്‍ക്ക് തുടര്‍ച്ചയായിട്ടാണ് വഞ്ചിയൂര്‍ കോടതി വളപ്പിലും സംഘര്‍ഷം അരങ്ങേറിയത്. സംഘര്‍ഷം അവസാനിപ്പിക്കാന്‍ അഡ്വക്കേറ്റ് ജനറലിന്റെ നേതൃത്വത്തില്‍ കൊച്ചിയില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോഴാണ് തലസ്ഥാനത്ത് അഭിഭാഷകര്‍ അഴിഞ്ഞാടിയത്. അഭിഭാഷകരുടെ അക്രമങ്ങള്‍ക്കെതിരേ തൊഴിലാളി സംഘടന പ്രവര്‍ത്തകരും രംഗത്തുവന്നു.

Top