സ്ത്രീയായി പോയി അല്ലെങ്കില്‍ തല്ലിച്ചതച്ചേനെ; മജിസ്‌ട്രേറ്റിനെതിരെ അഭിഭാഷകരുടെ ഭീഷണി

തിരുവനന്തപുരം: വഞ്ചിയൂര്‍ കോടതിയിലെ മജിസ്ട്രേറ്റിനെ ഭീഷണിപ്പെടുത്തിയ കേസില്‍ എഫ്.ഐ.ആറിന്റെ പകര്‍പ്പ് ലഭിച്ചു. എഫ്ഐആറില്‍ ബാര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉള്ളത്.വക്കിലന്മാരെ പേടിപ്പിക്കേണ്ടായെന്നും സ്ത്രീയായി പോയി അല്ലെങ്കില്‍ ചേംബറില്‍ നിന്ന് വലിച്ച് പുറത്തിട്ട് തല്ലിച്ചതച്ചേനെയെന്നും അഭിഭാഷകന്‍ മജിസ്ട്രേറ്റിനെ ഭീഷണിപ്പെടുത്തിയെന്നുമാണ് എഫ്ഐആറില്‍ പറയുന്നത്.

തിരുവനന്തപുരം ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് കെപി ജയചന്ദ്രന്‍ അടക്കം കണ്ടലാറിയാവുന്ന പത്ത് അഭിഭാഷകര്‍ക്കെതിരെയാണ് വഞ്ചിയൂര്‍ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ദീപ മോഹന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

പ്രതിക്ക് ജാമ്യം നിഷേധിച്ച ഉത്തരവ് പിന്‍വലിക്കുന്നോ ഇല്ലയോ എന്ന് ചോദിച്ചായിരുന്നു പ്രശ്നങ്ങള്‍ തുടങ്ങിയത്. ഇതിന് പിന്നാലെ കൂടുതല്‍ അഭിഭാഷകരെ ചേംബറിന് മുന്നിലെത്തിച്ച് പ്രതിഷേധം സംഘടിപ്പിക്കുകയും മജ്സ്ട്രേറ്റിനെ തടഞ്ഞുവെക്കുകയും ചെയ്തു.

ഒരിക്കലും ഒരു ജുഡീഷ്യല്‍ ഓഫീസറോട് അഭിഭാഷകന്‍ പെരുമാറാന്‍ പറ്റാത്ത രീതിയിലും കോടതിയുടെ അന്തസിന് നിരക്കാത്ത രീതിയിലുമാണ് അഭിഭാഷകര്‍ തന്നോട് പെരുമാറിയതെന്നും മജിസ്‌ട്രേറ്റ് പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. ഒരു കേസിലെ സാക്ഷിയെ പ്രതി ഭീഷണിപ്പെടുത്തി. ഇക്കാര്യം സാക്ഷി തന്നെ കോടതിയില്‍ മൊഴി നല്‍കിയതിനെ തുടര്‍ന്ന് പ്രതിയുടെ ജാമ്യം കോടതി റദ്ദാക്കി. ഈ ഉത്തരവ് തിരുത്തണം എന്നാവശ്യപ്പെട്ട് അഭിഭാഷകര്‍ തനിക്ക് നേരെ തിരിഞ്ഞതെന്ന് പരാതിയില്‍ പറയുന്നു.

Top