ഡല്‍ഹിയില്‍ അഭിഭാഷകരും സമരവുമായി രംഗത്ത്; പ്രതിഷേധം അക്രമാസക്തം

ന്യൂഡല്‍ഹി: പൊലീസിന് പിന്നാലെ ഡല്‍ഹിയില്‍ അഭിഭാഷകരും സമരവുമായി രംഗത്ത്. ബുധനാഴ്ച രാവിലെ മുതലാണ് ഡല്‍ഹിയിലെ വിവിധ കോടതികളില്‍ അഭിഭാഷകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.

സാകേത് കോടതിയുടെ ഗേറ്റ് അഭിഭാഷകര്‍ പൂട്ടിയിട്ടു. ഇതിനെത്തുടര്‍ന്ന് നാട്ടുകാരും അഭിഭാഷകരും തമ്മില്‍ സംഘര്‍ഷമുണ്ടായി.രോഹിണി കോടതിക്ക് പുറത്ത് ഒരു അഭിഭാഷകന്‍ മണ്ണെണ്ണ ഒഴിച്ച് സ്വയംതീകൊളുത്താന്‍ ശ്രമിച്ചു.ആശിഷ് എന്ന അഭിഭാഷകനാണ് ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്താന്‍ ശ്രമിച്ചത്. ഇയാളെ സഹപ്രവര്‍ത്തകര്‍ പിന്തിരിപ്പിക്കുകയായിരുന്നു.

നവംബര്‍ രണ്ട് ശനിയാഴ്ച തീസ് ഹസാരി, സാകേത് കോടതികളില്‍ പോലീസും അഭിഭാഷകരും തമ്മിലുണ്ടായ സംഘര്‍ഷങ്ങളാണ് രാജ്യതലസ്ഥാനത്ത് ഇരുവിഭാഗങ്ങളും തമ്മിലുള്ള തര്‍ക്കം ഉടലെടുക്കാന്‍ കാരണം. പോലീസുകാരെ ആക്രമിച്ച അഭിഭാഷകരെ അറസ്റ്റ് ചെയ്യണമെന്നും മതിയായ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞദിവസം ആയിരത്തിലധികം പോലീസുകാര്‍ ഡല്‍ഹിയില്‍ പ്രതിഷേധിച്ചിരുന്നു. 11 മണിക്കൂറോളം ഈ പ്രതിഷേധം നീണ്ടുനിന്നു.

Top