മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ സ്ഥലം മാറ്റം: പുനഃപരിശോധിക്കണമെന്ന് അഭിഭാഷകര്‍

ന്യൂഡല്‍ഹി:മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിജയ കമലേഷ് താഹില്‍രമണിയുടെ സ്ഥലം മാറ്റം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം അഭിഭാഷകര്‍ രംഗത്ത്. തങ്ങളുടെ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ കോടതി ബഹിഷ്‌കരിക്കുമെന്നും അഭിഭാഷകര്‍ പറഞ്ഞു. രാജി തീരുമാനം ചീഫ് ജസ്റ്റിസ് പിന്‍വലിക്കണമെന്നും അഭിഭാഷകര്‍ ആവശ്യപ്പെട്ടു.

രാജ്യത്തെ ഏറ്റവും ചെറിയ ഹൈക്കോടതിയായ മേഘാലയയിലേക്ക് മാറ്റിയതിനെത്തുടര്‍ന്നാണ് താഹില്‍രമണി രാഷ്ട്രപതിക്ക് രാജി നല്‍കിയത്. കത്ത് തുടര്‍നടപടിക്കായി രാഷ്ട്രപതി കേന്ദ്രസര്‍ക്കാരിന് കൈമാറി. കഴിഞ്ഞവര്‍ഷം ഓഗസ്റ്റിലാണ് 75 ജഡ്ജിമാരുള്ള മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി താഹില്‍രമണിയെ നിയമിച്ചത്. മേഘാലയ ഹൈക്കോടതിയില്‍ ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെ നാല് ജഡ്ജിമാര്‍ മാത്രമേയുള്ളു. ഇവിടേക്കുള്ള സ്ഥലംമാറ്റം തരംതാഴ്ത്തലായി വിലയിരുത്തപ്പെട്ടിരുന്നു. ജസ്റ്റിസ് താഹില്‍രമണിയുടെ രാജിയോടെ രാജ്യത്തെ വനിതാ ചീഫ് ജസ്റ്റിസുമാരുടെ എണ്ണം ഒന്നായി ചുരുങ്ങി. ജമ്മുകശ്മീര്‍ ചീഫ് ജസ്റ്റിസ് ഗീത മിത്തല്‍ മാത്രമാണ് ഇപ്പോള്‍ ഈ പദവിയിലുള്ള വനിത.

Top