Lawyer Files Sedition Case Against Kannada Actor-Politician Ramya For ‘Pakistan Is Not Hell’ Comment

ബെംഗളൂരു: പാക്കിസ്ഥാന്‍ നരകമല്ലെന്ന പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകയും തെന്നിന്ത്യന്‍ നടിയുമായ രമ്യയ്‌ക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി.

കര്‍ണാടകയിലെ അഭിഭാഷകന്‍ കെ വിറ്റല്‍ ഗൗഡയാണ് സോവംവാര്‍പെട്ടിലെ ഫസ്റ്റ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. പാക്കിസ്ഥാനെ വാഴ്ത്തിയ രമ്യ ഇന്ത്യയെ അപമാനിച്ചെന്നും പ്രകോപിച്ചെന്നും ആരോപിച്ചാണ് ഹര്‍ജി. അഭിഭാഷകന്റെ ഹര്‍ജിയില്‍ ശനിയാഴ്ച്ച വാദം കേള്‍ക്കും.

പാക്കിസ്ഥാനിലേക്ക് പോകുന്നത് നരകതുല്യമാണെന്ന കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറുടെ പ്രസ്താവനക്കെതിരെയാണ് രമ്യ പ്രതികരിച്ചിരുന്നത്. ഞായറാഴ്ച്ച മാണ്ഡ്യയില്‍ നടന്ന ചടങ്ങിലായിരുന്നു രമ്യയുടെ പാക് പരാമര്‍ശം. തൊട്ടുപിന്നാലെ ബിജെപി പ്രവര്‍ത്തകര്‍ രമ്യക്കെതിരെ മാണ്ഡ്യയില്‍ പ്രതിഷേധ പ്രകടനം നടത്തുകയുണ്ടായി. രമ്യയ്‌ക്കെതിരെ സോഷ്യല്‍ മീഡയകളിലൂടെ ബിജെപി, എബിവിപി അനുകൂലികളും രംഗത്തെത്തിയിരുന്നു.

പാക്കിസ്ഥാനിലേക്ക് പോകുന്നത് നരക തുല്യമാണെന്നാണ് മന്ത്രി മനോഹര്‍ പരീക്കര്‍ പറഞ്ഞത്. എന്നാല്‍ അത് തെറ്റാണ്. നമ്മളെ പോലുള്ളവരാണ് അവിടെയുള്ളത്. വ്യത്യാസമില്ല. അവര്‍ ഞങ്ങളെ നല്ല രീതിയില്‍ സ്വീകരിച്ചു.

ഇസ്ലാമാബാദില്‍ അടുത്തിടെ നടന്ന സാര്‍ക്ക് യങ് പാര്‍ലമെന്റേറിയനില്‍ രമ്യ പങ്കെടുത്തിരുന്നു. പാക് പരാമര്‍ശത്തില്‍ ബിജെപി പ്രതിഷേധം ഉയര്‍ന്നെങ്കിലും മാപ്പ് പറയില്ലെന്ന നിലപാടിലാണ് രമ്യ. താന്‍ തെറ്റൊന്നും ചെയ്തിട്ടൊന്നുമില്ലെന്നും അവര്‍ പറഞ്ഞു.

പാക്കിസ്ഥാന്‍ പരാമര്‍ശത്തില്‍ തന്നെ രാജ്യദ്രോഹിയെന്ന് വിളിച്ച ബിജെപിക്കും എബിവിപിക്കും മറുപടിയുമായി രമ്യ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടേയും ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവതിന്റേയും മുന്‍കാല പാക് ‘സ്‌നേഹം’ ചൂണ്ടിക്കാട്ടി ട്വിറ്ററിലാണ് രമ്യയുടെ പ്രതികരണം.

Top