ഖാലിസ്ഥാന്‍വാദി നേതാവിന്റെ കൊലപാതകം: ഉത്തരവാദിത്തം ഏറ്റെടുത്ത് ലോറന്‍സ് ബിഷ്‌ണോയ് ഗ്യാങ്

ദില്ലി : ഖാലിസ്ഥാന്‍വാദി സംഘത്തിന്റെ നേതാവ് സുഖ് ദൂല്‍ സിങിന്റെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ലോറന്‍സ് ബിഷ്‌ണോയ് ഗ്യാങ്. സംഘാംഗങ്ങള്‍ ഫേസ്ബുക് പോസ്റ്റിലൂടെയാണ് കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത്. നിലവില്‍ മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായി അഹമ്മദാബാദിലെ ജയിലില്‍ കഴിയുകയാണ് സംഘത്തിന്റെ തലവന്‍ ലോറന്‍സ് ബിഷ്‌ണോയ്. കോണ്‍ഗ്രസ് നേതാവും ഗായകനുമായ സിദ്ദു മൂസെവാല വധകേസിലും ബിഷ്‌ണോയ് പ്രധാന പ്രതിയാണ്. വ്യാജ പാസ്‌പോര്‍ട്ടില്‍ കാനഡയിലേക്ക് കടന്ന സുഖ ദുന്‍കെ എന്ന സുഖ് ദൂല്‍ സിങ് കാനഡയിലെ വിന്നിപെഗില്‍ നടന്ന ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടത്. രണ്ടു വിഭാഗങ്ങള്‍ക്കിടയിലെ കുടിപ്പകയിലാണ് എന്‍ഐഎ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ച ദുന്‍കെ കൊല്ലപ്പെട്ടത്.

കാനഡയില്‍ ഖാലിസ്ഥാന്‍വാദി സംഘത്തിന്റെ നേതാവാണ് സുഖ് ദുന്‍കെ എന്നറിയപ്പെടുന്ന സുഖ്ദൂല്‍ സിങ്. ഇരുസംഘങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിനിടെയാണ് മരണം. ഇന്ത്യയില്‍ പല കേസുകളിലും ഉള്‍പ്പെട്ട വ്യക്തിയായിരുന്നു ഇയാള്‍. കാനഡയിലേക്ക് കടന്ന ഖാലിസ്ഥാന്‍ ഭീകരവാദികളെ വിട്ട് നല്‍കണമെന്നാവശ്യപ്പെട്ട് ഇന്ത്യ നല്‍കിയ പട്ടികയിലും ഇയാളുടെ പേര് ഉള്‍പ്പെട്ടിരുന്നു. ഖാലിസ്ഥാന്‍ വിഷയവുമായി ബന്ധപ്പെട്ട് ഇന്ത്യ-കാനഡ ബന്ധം വഷളായ സമയത്താണ് രണ്ടാം കൊലപാതകവും ഉണ്ടായത്.

Top