സൗദിയില്‍ നിയമ ലംഘകര്‍ വര്‍ധിക്കുന്നു ; പിടിയിലായത് 7 ലക്ഷം പേര്‍

saudi

റിയാദ്: സൗദിയില്‍ ആഭ്യന്തര, തൊഴില്‍ മന്ത്രാലയങ്ങള്‍ ചേര്‍ന്ന് നടത്തുന്ന പരിശോധനയില്‍ നിയമലംഘകര്‍ വര്‍ധിക്കുന്നതായി കണ്ടെത്തല്‍. ഇതുവരെ 7 ലക്ഷം പേരാണ് നിയമ ലംഘനത്തിന്റെ പേരില്‍ പിടിയിലായിരിക്കുന്നത്.

ഇതില്‍ ഒന്നര ലക്ഷത്തിലേറെ ആളുകളെ നാട് കടത്തിയതായാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. കഴിഞ്ഞ മൂന്നരമാസമായി നടത്തി വരുന്ന പരിശോധനയിലാണ് 6.71 ലക്ഷം പേര്‍ പിടിയിലായതായി ആഭ്യന്തര മന്ത്രാലയം കണ്ടെത്തിയിരിക്കുന്നത്.

ഇതില്‍ 60,000ത്തില്‍ കൂടുതല്‍ ആളുകള്‍ അതിര്‍ത്തി സുരക്ഷാ നിയമലംഘനം നടത്തി പിടിയിലായവരാണ് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. നാലര ലക്ഷത്തിലേറെ പേര്‍ ഇഖാമ നിയമ ലംഘകരാണ്. ഒന്നര ലക്ഷത്തോളം പേര്‍ തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചവരുമാണെന്നാണ് റിപ്പോര്‍ട്ട്.

ഒന്നര ലക്ഷത്തിലധികം പേരെ നാടുകടത്തിയിട്ടുണ്ട്. എന്നാല്‍, രണ്ട് ലക്ഷം പേര്‍ ടിക്കറ്റ് ബുക്കിങ്ങിനും എംബസി നടപടിക്കുമായി കാത്തിരിക്കുകയാണ്. അനധികൃതമായി രാജ്യത്ത് തങ്ങുന്നവര്‍ക്ക് അഭയം നല്‍കിയതിന്റെ പേരില്‍ 1300 പേരാണ് സൗദിയില്‍ പിടിയിലായിരിക്കുന്നത്.

ഇതില്‍ 198 പേര്‍ സ്വദേശികളാണ്. സ്വദേശികളില്‍ 180 പേര്‍ക്കുള്ള നടപടി പൂര്‍ത്തിയാക്കി വിട്ടയച്ചപ്പോള്‍ 18 പേരുടെ നടപടി തുടരുകയാണ്. അതേസമയം ഒന്നേകാല്‍ ലക്ഷം പേര്‍ക്ക് നിയമലംഘനത്തിനുള്ള ശിക്ഷ നല്‍കിയതായി അധികൃതര്‍ വ്യക്തമാക്കി.

Top