ചിന്മയാനന്ദിനെതിരെ പീഡനപരാതി നല്‍കിയ യുവതിയെ റിമാന്‍ഡ് ചെയ്തു

ന്യൂഡല്‍ഹി: ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സ്വാമി ചിന്മയാനന്ദിനെതിരേ ലൈംഗികപീഡനത്തിനു പരാതി നല്‍കിയ നിയമവിദ്യാര്‍ഥിനിയെ റിമാന്‍ഡ് ചെയ്തു. 14 ദിവസത്തേക്കാണ് പെണ്‍കുട്ടിയെ കോടതി റിമാന്‍ഡ് ചെയ്തത്. പെണ്‍കുട്ടിയുടെ അഭിഭാഷകന്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ തള്ളിയാണ് കോടതി റിമാന്‍ഡ് അനുവദിച്ചത്.

ചിന്മയാനന്ദിനെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തെന്ന കേസില്‍ അറസ്റ്റിലായ പെണ്‍കുട്ടിയെ കോടതി ജുഡീഷല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് ഷാജഹാന്‍പുര്‍ ജില്ലാ ജയിലില്‍ പെണ്‍കുട്ടിയെ എത്തിച്ചത്.

ഇന്നലെ ലക്‌നൗവിലെ കോടതി പെണ്‍കുട്ടിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സ്വീകരിച്ചിരുന്നു. നാളെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെയാണ് പ്രത്യേക സംഘം പെണ്‍കുട്ടിയെ അറസ്റ്റ് ചെയ്തത്.

രാവിലെ വീട്ടിലെത്തിയ പോലീസ് പെണ്‍കുട്ടിയെ ബലമായി വലിച്ചിറക്കി കൊണ്ടുപോകുകയായിരുന്നെന്ന് മാതാപിതാക്കള്‍ പറഞ്ഞു. ചെരുപ്പ് പോലും എടുക്കാന്‍ പോലീസ് സമ്മതിച്ചില്ലെന്നും ഇവര്‍ ആരോപിക്കുന്നു. പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധന നടത്തിയ ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ചിന്മയാനന്ദ് ഡയറക്ടറായ നിയമ കോളജിലാണ് വിദ്യാര്‍ഥിനി പഠിച്ചിരുന്നത്. ചിന്മയാനന്ദ് ഹോസ്റ്റലിലെ ബാത്ത് റൂമില്‍ നിന്നും നഗ്ന ദൃശ്യം പകര്‍ത്തുകയും ഭീഷണിപ്പെടുത്തുകയും പീഡിപ്പിക്കുകയും ചെയ്തെന്ന് നിയമ വിദ്യാര്‍ഥിനി നേരത്തെ മൊഴി നല്‍കിയിരുന്നു. ചിന്മയാനന്ദ് ഒരു വര്‍ഷത്തോളം തന്നെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചിരുന്നുവെന്ന വെളിപ്പെടുത്തലിന് പിന്നാലെയാണ് പുതിയ തെളിവുകള്‍ പെണ്‍കുട്ടി അന്വേഷണ സംഘത്തിന് കൈമാറിമാറിയത്.

പരാതിയെ സാധൂകരിക്കുന്ന 43 വീഡിയോകള്‍ അടങ്ങിയ പെന്‍ഡ്രൈവ് പെണ്‍കുട്ടി അന്വേഷണസംഘത്തിന് കൈമാറിയിരുന്നു. ചിന്മയാനന്ദന്റെ മുറിയിലേക്ക് പതിവായി വിളിപ്പിക്കുകയും തോക്കിന്‍മുനയില്‍ നിര്‍ത്തി ശരീരം മസാജ് ചെയ്യാന്‍ നിര്‍ബന്ധിച്ചിരുന്നതായും യുവതി പരാതിയില്‍ സൂചിപ്പിച്ചിരുന്നു.

Top