നിയമ വിദ്യാര്‍ഥിനിയെ മര്‍ദ്ദിച്ച കേസ്; പ്രതിയുടെ ഹര്‍ജി സുപ്രീംകോടതി തള്ളി

പത്തനംതിട്ട : മൗണ്ട് സിയോണ്‍ ലോ കോളേജ് നിയമ വിദ്യാര്‍ഥിനിയെ മര്‍ദ്ദിച്ച കേസില്‍ ജെയ്‌സണ്‍ ജോസഫിന്റെ ഹര്‍ജി സുപ്രീംകോടതിയും തള്ളി. മുന്‍കൂര്‍ ജാമ്യപേക്ഷ തള്ളിയ ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്തായിരുന്നു സുപ്രിം കോടതിയെ സമീപിച്ചത്. ജനുവരി 9 ന് ഹൈക്കോടതി ജാമ്യം തള്ളിയിട്ടും ജെയ്‌സണെ പൊലീസ് അറസ്റ്റ് ചെയ്തില്ല. പെണ്‍കുട്ടിയെ മര്‍ദിച്ചിട്ടില്ലെന്നാണ് ജെയ്‌സന്റെ വാദം.

അതേസമയം, ഡിസംബര്‍ 20 ന് മൗണ്ട് സിയോണ്‍ ലോ കോളേജില്‍ വെച്ച് വിദ്യാര്‍ത്ഥിനിയെ മര്‍ദിച്ചുവെന്ന പരാതി കളവാണെന്ന് ആരോപണ വിധേയനായ ജെയസണ്‍ ജോസഫ് പറയുന്നു. പെണ്‍കുട്ടിക്ക് ഒരു കുഴപ്പവുമില്ലാതെ കോളേജില്‍ നിന്ന് പുറത്ത് പോകുന്നത് സിസിടിവിയില്‍ വ്യക്തമാണെന്നും ദൃശ്യങ്ങള്‍ പുറത്തുവിട്ട് നേരത്തെ ജെയസണ്‍ അവകാശപ്പെട്ടിരുന്നു.

ജനുവരി 9 നാണ് ജെയ്‌സണ്‍ ജോസഫിന്റെ മുന്‍കൂര്‍ ജാമ്യ അപേക്ഷ ഹൈക്കോടതി തള്ളിയത്. പാര്‍ട്ടി പരിപാടികളിലടക്കം ജയിസണ്‍ സജ്ജീവമായിട്ടും ഒളിവില്ലെന്ന ആറന്മുള പൊലീസിന്റെ വാദം ഒത്തുകളിയെ തുടര്‍ന്നെന്നാണ് മര്‍ദ്ദനമേറ്റ വിദ്യാര്‍ഥിനിയുടെ ആക്ഷേപം. പൊലീസിനെതിരെ ജില്ലാ കോടതിയില്‍ വിദ്യാര്‍ഥിനി ഹര്‍ജി നല്‍കിയിട്ടുണ്ട്.

Top