law and order Ultimately , police officers and beacons light

തിരുവനന്തപുരം : ഐഎഎസ്- ഐഎഫ്എസ്, ഉദ്യോഗസ്ഥര്‍ക്ക് പുറമേ ഐപിഎസ് ഉദ്യോഗസ്ഥര്‍ക്ക് മേലും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ പിടി വീഴുന്നു.

ക്രമസമാധാന ചുമതലയില്ലാത്ത പൊലീസ് ഉദ്യോഗസ്ഥര്‍ നീല ബീക്കണ്‍ ലൈറ്റും കൊടിയും ഉപയോഗിക്കുന്നതിനെതിരെ നടപടി ആവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്ക് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ കത്ത് നല്‍കും.

ഡിഐജി റാങ്ക് മുതല്‍ ഡിജിപി റാങ്ക് വരെയുള്ളവര്‍ക്ക് പൊലീസിന്റെ ‘ പി ‘ എന്ന് ആലേഖനം ചെയ്ത നീല കൊടി വാഹനത്തില്‍ ഉപയോഗിക്കാന്‍ നിലവില്‍ ഐപിഎസ് ഫ്‌ളാഗ് റൂള്‍സ് പ്രകാരം അധികാരമുണ്ട്.

എന്നാല്‍ ഐഎഎസ് കാരെ സംബന്ധിച്ച് ഒരു നിയമത്തിലും കൊടി ഉപയോഗിക്കാന്‍ നിര്‍ദ്ദേശമില്ലെന്നതാണ് യാഥാര്‍ഥ്യം.ഐപിഎസുകാര്‍ കൊടിവച്ച് പറന്ന് നടക്കുന്നത് കണ്ടാണ് ഐഎഎസ് അസോസിയേഷന്‍ യോഗം കൂടി ഫ്‌ളാഗ് വയ്ക്കാന്‍ തീരുമാനമെടുത്തിരുന്നത്.

ഐഎഎസ് അക്കാദമിയായ മസൂറിയിലെ ട്രെയിനിംങ് സെന്ററിന്റെ ഔദ്യോഗിക ലോഗോ ഉപയോഗിച്ചാണ് ഐഎഎസ് പതാക തയ്യാറാക്കിയിരുന്നത്.

ചീഫ് സെക്രട്ടറിമാര്‍ മുതല്‍ സെക്രട്ടറിമാര്‍ വരെയും കലക്ടര്‍മാര്‍,ഐഎഎസ്‌കാരായ സബ് കലക്ടര്‍മാര്‍ എന്നിവരുടെയും ഔദ്യോഗിക വാഹനങ്ങളിലാണ് നീല ബീക്കണ്‍ ലൈറ്റ് വയ്ക്കാന്‍ അനുമതി ഉണ്ടായിരുന്നത്.

എന്നാല്‍ ഐഎഎസ് പട്ടം കിട്ടിയ സകലരും വലുപ്പ ചെറുപ്പ ഭേദമന്യേ ബീക്കണ്‍ ലൈറ്റും വച്ച് വിലസി നടന്നതോടെയാണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ പിടി വീണത്.പല വാഹനങ്ങള്‍ക്കും നമ്പര്‍ ഇല്ലാതിരുന്നതും പരിശോധനയില്‍ കണ്ടെത്തിയിരുന്നു.

ചീഫ് സെക്രട്ടറിക്ക് ഇതുസംബന്ധമായി തച്ചങ്കരി നല്‍കിയ കത്തില്‍ അനധികൃതമായി ഉദ്യോഗസ്ഥര്‍ സ്ഥാപിച്ച കൊടികളും ബീക്കണ്‍ ലൈറ്റും നീക്കം ചെയ്യുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

ഐ.പി എസുകാരനായ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷ്ണര്‍ ഐഎഎസുകാരുടെ ‘അന്തസ്സ്’ ചോദ്യം ചെയ്യുന്നതിനെതിരെ ഐഎഎസുകാര്‍ക്കിടയില്‍ വ്യാപകമായ അമര്‍ഷമുയര്‍ന്നിരിക്കെയാണ് സ്വന്തം വര്‍ഗ്ഗകാര്‍ക്കും മുന്നറിയിപ്പുമായി ഇപ്പോള്‍ തച്ചങ്കരി രംഗത്ത് വന്നിരിക്കുന്നത്.

ക്രമസമാധാന ചുമതലയില്ലാത്ത പൊലീസ് ഉദ്യോഗസ്ഥര്‍ ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കുന്നത് നിയമവിരുദ്ധമായതിനാല്‍ നീക്കം ചെയ്യാനാണ് ആവശ്യപ്പെടുന്നത്.

ഡിഐജി റാങ്ക് മുതല്‍ ഉള്ളവര്‍ക്ക് വാഹനത്തില്‍ പൊലീസിന്റെ ലോഗോ സഹിതമുള്ള കൊടി കെട്ടാന്‍ അനുമതിയുണ്ടെങ്കിലും ക്രമസമാധാന ചുമതലയില്ലാത്തവര്‍ ഇത്തരത്തില്‍ കൊടി ഉപയോഗിക്കുന്നത് വിലക്കണമെന്ന നിര്‍ദ്ദേശം ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷ്ണറുടെ ഭാഗത്ത് നിന്നുണ്ടാകും.

അടുത്ത ദിവസം തന്നെ ഇതു സംബന്ധിച്ച കത്ത് സംസ്ഥാന പൊലീസ് മേധാവിക്ക് നല്‍കുമെന്നാണ് സൂചന.

ഈ നിര്‍ദ്ദേശം നടപ്പായാല്‍ ഐ.പി.എസ് ഉദ്യോഗസ്ഥരടക്കമുള്ള വലിയ വിഭാഗത്തിന് തിരിച്ചടിയാകും.

ഐഎഎസ് ഓഫീസര്‍മാരുടെ നിയമ ലംഘനത്തിനെതിരെ രംഗത്ത് വന്ന ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷ്ണര്‍ കഴിഞ്ഞ ദിവസം വനം വകുപ്പിനും സമാനമായ കത്ത് നല്‍കിരുന്നു.

ബീക്കണ്‍ ലൈറ്റുകളും കൊടികളും അനുവദിച്ച ഉദ്യോഗസ്ഥരുടെ പട്ടിക ആവശ്യപ്പെട്ട ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷ്ണര്‍ പട്ടികയില്‍ ഇല്ലാത്തവര്‍ അവ ഉപയോഗിക്കുന്നുണ്ടെങ്കില്‍ ഉടന്‍ നീക്കം ചെയ്യണമെന്നാണ് നിര്‍ദേശിച്ചിട്ടുള്ളത്‌.

അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ മുതല്‍ മുകളിലേക്കുള്ള ഉദ്യോഗസ്ഥര്‍ക്കാണ് ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നത്.

എന്നാല്‍ നേരിട്ട് ഐഎഫ്എസ് (ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വ്വീസ്) നേടിയ ഉദ്യോഗസ്ഥരും കണ്‍ഫേഡുകാരുമെല്ലാം വ്യാപകമായി ഇത്തരത്തില്‍ ബീക്കണ്‍ ലൈറ്റും കൊടികളും ഉപയോഗിക്കുന്നുണ്ടെന്നാണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറേറ്റിന്റെ കണ്ടെത്തല്‍.

കൊടി-ബീക്കണ്‍ ലൈറ്റ് വിവാദം ചൂട് പിടിച്ചതോടെ ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ നിലപാടാണ് ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ ഉറ്റുനോക്കുന്നത്.

ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ കത്ത് കിട്ടിയ ഉടനെ രാജ്ഭവനിലെ വാഹനങ്ങളുടെ കാര്യത്തില്‍ ഗവര്‍ണര്‍ നടപടി സ്വീകരിച്ചതിനാല്‍ ഇക്കാര്യത്തില്‍ തച്ചങ്കരിയുടെ നിര്‍ദേശങ്ങള്‍ക്ക് എതിരായ നിലപാട് സ്വീകരിക്കാന്‍ സര്‍ക്കാരിന് ഇനി ബുദ്ധിമുട്ടാവും.

Top