ഏക സിവിൽ കോഡിൽ നിയമ കമ്മിഷന് 1 കോടിയിലേറെ നിർദേശങ്ങൾ ലഭിച്ചതായി കേന്ദ്ര നിയമ മന്ത്രി

ചണ്ഡിഗഢ് : ഏക സിവിൽ കോഡുമായി ബന്ധപ്പെട്ട് നിയമ കമ്മിഷന് ഒരു കോടിയിലേറെ നിർദേശങ്ങൾ ലഭിച്ചതായി കേന്ദ്ര നിയമമന്ത്രി അർജുന്‍ റാം മേഘ്‌വാൾ. ലഭ്യമായ നിർദേശങ്ങളിൽ വിശദമായ ചർച്ച നടത്തിയശേഷം മറ്റ് തീരുമാനങ്ങളെടുക്കുമെന്നും അത് എല്ലാവരെയും അറിയിക്കുമെന്നും മേഘ്‌വാൾ പറഞ്ഞു. സിവിൽ കോഡുമായി ബന്ധപ്പെട്ട വിഷയത്തിൽ രാജ്യത്തെ എല്ലാ വിഭാഗങ്ങളിൽനിന്നുള്ളവരുടെയും നിർദേശങ്ങൾ കേന്ദ്രം പരിഗണിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ജൂലൈ 28 വരെയായിരുന്നു നിർദേശങ്ങൾ സമർപ്പിക്കാനുള്ള സമയം. നേരത്തെ ജൂലൈ 14 ആയിരുന്നത് നിയമ കമ്മിഷൻ രണ്ട് ആഴ്ചത്തേക്കുകൂടി ദീർഘിപ്പിക്കുകയായിരുന്നു. ഇനിയും സമയം നീട്ടി നൽകേണ്ടതില്ലെന്ന തീരുമാനത്തിലാണ് കമ്മിഷൻ. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും അഭിപ്രായങ്ങൾ സ്വരൂപിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സമയം ദീർഘിപ്പിച്ചതെന്ന് കമ്മിഷൻ പറഞ്ഞിരുന്നു.

രാജ്യത്ത് വിവിധ കോടതികളിലായി കെട്ടിക്കിടക്കുന്ന കേസുകളിൽ തീർപ്പുണ്ടാക്കാൻ ഇ–കോടതികൾ പ്രവർത്തന സജ്ജമാക്കാനുള്ള തയ്യാറെടുപ്പിലാണ് സർക്കാരെന്ന് മേഘ്‌വാൾ പറഞ്ഞു. ഇ–കോടതികൾ പ്രവർത്തന സജ്ജമാകുന്ന മുറയ്ക്ക് കൂടുതൽ വേഗത്തിൽ കേസുകളിൽ വാദം കേൾക്കാനും തീർപ്പാക്കാനും കഴിയുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

Top