‘ഇന്ത്യയിലെ നിയമം എല്ലാവര്‍ക്കും ഒരു പോലെ’; ഗുസ്തി താരങ്ങളോട് കായിക മന്ത്രി

ഡബ്ല്യുഎഫ്ഐ തലവന്‍ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരായ ഗുസ്തി താരങ്ങളുടെ പ്രതിഷേധം തുടരുന്നതിനിടെ പ്രതികരണവുമായി കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂര്‍. സമരം കേന്ദ്രസര്‍ക്കാര്‍ സൂക്ഷ്മമായി കൈകാര്യം ചെയ്യുകയാണ്. ആരോപണങ്ങളില്‍ ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തില്‍ വിശ്വാസമര്‍പ്പിക്കാനും അനുരാഗ് താക്കൂര്‍ ആവശ്യപ്പെട്ടു.

ഗുസ്തി താരങ്ങളുടെ അഭ്യര്‍ത്ഥന പ്രകാരം മാത്രമാണ് ഇതുവരെ എല്ലാ നടപടികളും സ്വീകരിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരമൊരു സാഹചര്യത്തില്‍ അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ പ്രതിഷേധക്കാര്‍ കാത്തിരിക്കണം. ഇന്ത്യയിലെ നിയമം എല്ലാവര്‍ക്കും ഒരുപോലെയാണ്. ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ സര്‍ക്കാര്‍ ആരംഭിച്ച പൊലീസ് അന്വേഷണത്തില്‍ വിശ്വാസമര്‍പ്പിക്കാന്‍ ആഹ്വാനം ചെയ്തിട്ടും താരങ്ങള്‍ ഇപ്പോഴും പ്രതിഷേധം തുടരുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

‘വിഷയം സെന്‍സിറ്റീവായാണ് സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്നത്. ഡല്‍ഹി പൊലീസ് എഫ്ഐആര്‍ ഫയല്‍ ചെയ്യണമെന്നായിരുന്നു അവരുടെ ആവശ്യം. ഒരു കമ്മിറ്റി രൂപീകരിക്കണമെന്ന ആവശ്യവും ഞങ്ങള്‍ അംഗീകരിച്ചു. ഗുസ്തി താരങ്ങള്‍ പറഞ്ഞതെല്ലാം ഞങ്ങള്‍ അംഗീകരിക്കുകയാണ് ചെയ്തത്.’ അനുരാഗ് താക്കൂര്‍ കൂട്ടിച്ചേര്‍ത്തു. ഗുസ്തി താരങ്ങളോട് മജിസ്ട്രേറ്റ് കോടതിയെ സമീപിക്കാന്‍ സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Top