കേരളത്തിലെ അടുത്ത ‘ഊഴം’ ആർക്കാണെങ്കിലും അവർക്ക്, മൂന്നുവർഷം മാത്രമേ ഭരിക്കാൻ കഴിയൂ !

ടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ആര് കേരളം ഭരിച്ചാലും അവരുടെ കാലാവധി വെറും 3 വർഷം മാത്രമായിരിക്കും. ഇതിനു ശേഷം പാർലമെന്റ് – നിയമസഭാ തിരഞ്ഞെടുപ്പുകൾ ഒരിമിച്ച് നടക്കാനുള്ള സാധ്യതയാണ് തെളിയുന്നത്. ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ എന്ന ആശയത്തെ അനുകൂലിച്ച് കേന്ദ്ര നിയമ കമ്മീഷൻ കൂടി രംഗത്ത് വന്നതോടെ ബി.ജെ.പി വീണ്ടും കേന്ദ്രത്തിൽ അധികാരത്തിൽ വന്നാൽ ഈ നിയമം നടപ്പാക്കപ്പെടും. അതോടെ 2029 – ൽ രാജ്യത്തെ നിയമസഭകളിലേക്കും പാർലമെന്റിലേക്കും ഒറ്റ തിരഞ്ഞെടുപ്പായാണ് നടക്കുക. മണ്ഡല പുനർ നിർണ്ണയം പൂർത്തിയാകുന്ന സാഹചര്യത്തിൽ 2029 – ലെ തിരഞ്ഞെടുപ്പിൽ കേരളത്തിൽ അടക്കം പാർലമെന്റിലെയും – നിയമസഭയിലെയും അംഗ സംഖ്യയും വർദ്ധിക്കും.

ഒറ്റ തിരഞ്ഞെടുപ്പെന്ന ആശയം അഞ്ചു വർഷം കൊണ്ട് നടപ്പാക്കാനാകുമെന്നാണ് നിയമ കമ്മീഷൻ പറയുന്നത്. ഇതിന്റെ ആദ്യ നടപടി 2024ൽ തുടങ്ങണമെന്നാണ് നിയമ കമ്മീഷൻ നിർദ്ദേശിച്ചിരിക്കുന്നത്. 2029ൽ ഇത് പൂർണ്ണമായി നടപ്പാക്കണമെന്നും കമ്മീഷൻ ശുപാർശ ചെയ്യുന്നുണ്ട്. ഈ റിപ്പോർട്ട് കേന്ദ്ര സർക്കാർ നിയമിച്ച രാംനാഥ് കോവിന്ദ് സമിതി പഠിച്ചാണ് അന്തിമ റിപ്പോർട്ട് നൽകുക. പുതിയ മാറ്റത്തെ പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികൾ എതിർത്താലും നടപ്പാക്കാൻ തന്നെയാണ് ബി.ജെ.പിയുടെ തീരുമാനം. ഇതിനാവശ്യമായ ഭൂരിപക്ഷം നൽകണമെന്നതാണ് 2024 – ലെ തിരഞ്ഞെടുപ്പിലെ അവരുടെ പ്രധാന ആവശ്യം.

മൂന്നാമതും രാജ്യത്ത് മോദി ഭരണം വരുമെന്ന കാര്യത്തിൽ ബി.ജെ.പിക്ക് വലിയ ആത്മവിശ്വാസമാണ് ഉള്ളത്. അയോദ്ധ്യ ശ്രീരാമക്ഷേത്രവിഗ്രഹ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാനുളള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തീരുമാനം തന്നെ തന്ത്രപരമാണ്. ബി.ജെ.പിയെ 2 സീറ്റുകളിൽ നിന്നും രാജ്യം ഭരിക്കുന്ന ശേഷിയിലേക്ക് വളർത്തിയതിനു പിന്നിൽ ‘അയോദ്ധ്യ വിവാദം’ വഹിച്ച പങ്ക് വളരെ വലുതാണ്. രാമക്ഷേത്രത്തിന്റെ അവസാന നിർമ്മാണ പ്രവർത്തികൾ 2023 ഡിസംബറോടെ പൂർത്തിയാകുമെന്നാണ് നിർമാണ കമ്മിറ്റി ചെയർപേഴ്സൺ നൃപേന്ദ്ര മിശ്ര വ്യക്തമാക്കിയിരിക്കുന്നത്.

136 സനാതന പാരമ്പര്യങ്ങളിൽ നിന്നുള്ള 25,000 ഹിന്ദു മതനേതാക്കൾക്കു പുറമെ 10,000 വിശിഷ്ടാതിഥികളെയും ചടങ്ങിലേക്ക് ക്ഷണിക്കുന്നുണ്ട്. ഇതിൽ നല്ലൊരു വിഭാഗവും സംഘപരിവാർ നേതാക്കൾ ആകാനാണ് സാധ്യത. ശ്രീരാമക്ഷേത്രവിഗ്രഹ പ്രതിഷ്ഠാ ചടങ്ങിനോട് അനുബന്ധിച്ച് രാജ്യ വ്യാപകമായി പ്രത്യേക പരിപാടികൾ സംഘടിപ്പിക്കാനും ബി.ജെ.പി ആലോചിക്കുന്നുണ്ട്. ലോകസഭ തിരഞ്ഞെടുപ്പ് മുൻ നിർത്തിയാണ് ഈ നീക്കങ്ങൾ എന്നതും വ്യക്തമാണ്. മോദിക്ക് മൂന്നാം ഊഴം ഉറപ്പിക്കാൻ ഉപയോഗപ്പെടുത്താൻ കഴിയുന്നതെന്തും ഉപയോഗപ്പെടുത്താൻ തന്നെയാണ് സംഘപരിവാറിന്റെ തീരുമാനം.

ബി.ജെ.പിക്ക് എതിരെ പാർലമെന്റ് തിരഞ്ഞെടുപ്പിനു മുൻപു തന്നെ പ്രതിപക്ഷ വിശാലസഖ്യം രൂപീകരിച്ചതാണ് ബി.ജെ.പിയെ ആശങ്കയിലാഴ്ത്തിയിരിക്കുന്നത്. ഇതിനെ മറികടക്കാനുള്ള തന്ത്രമെന്ന നിലയിലാണ് വനിതാ സംവരണബില്ലും അപ്രതീക്ഷിതമായി കൊണ്ടു വന്നിരിക്കുന്നത്. രാമക്ഷേത്രം, വനിതാ സംവരണ ബിൽ, ഏക സിവിൽ കോഡ്, ‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ തുടങ്ങിയ സകലതും വരുന്ന തിരഞ്ഞെടുപ്പിൽ പ്രചരണായുധമാക്കിയാൽ പ്രതിപക്ഷ മുന്നണിയെ തകർക്കാൻ കഴിയുമെന്നാണ് ബി.ജെ.പി കരുതുന്നത്.

‘അവസരവാദികളുടെ കൂട്ടം’ എന്നാണ് പ്രതിപക്ഷ മുന്നണിയെ ബി.ജെ.പി നേതൃത്വം വിശേഷിപ്പിച്ചിരിക്കുന്നത്. പ്രതിപക്ഷത്ത് എത്ര ഏകീകരണമുണ്ടായാലും തിരഞ്ഞെടുപ്പിന് ശേഷം ഇവരിൽ പലരും കളംമാറി ചവിട്ടുമെന്ന കാര്യത്തിലും ബി.ജെ.പി നേതൃത്വത്തിന് സംശയമില്ല. 2024-ൽ ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കുന്ന ഒരു പാർലമെന്റാണ് ബി.ജെ.പി സ്വപ്നം കാണുന്നത്. അതിനു അവർക്ക് സാധിച്ചില്ലങ്കിൽ പ്രതിപക്ഷ പാർട്ടികളെ പിളർത്താനും ബി.ജെ.പി മടിക്കില്ല.

വരുന്ന തിരഞ്ഞെടുപ്പിൽ എൻ.ഡി.എക്ക് ഭൂരിപക്ഷം ലഭിച്ചില്ലങ്കിൽ പോലും ഏറ്റവും വലിയ ഒറ്റകക്ഷിയാകുക ബി.ജെ.പി തന്നെ ആയിരിക്കും. ഇക്കാര്യത്തിൽ കോൺഗ്രസ്സ് നേതാക്കൾക്കു പോലും സംശയം ഉണ്ടാകാൻ സാധ്യതയില്ല. അങ്ങനെ സംഭവിച്ചാൽ ആരെ സർക്കാർ ഉണ്ടാക്കാൻ വിളിക്കണമെന്ന് തീരുമാനിക്കേണ്ടത് രാഷ്ട്രപതിയാണ്. ഏറ്റവും വലിയ ഒറ്റകക്ഷിയെ വിളിക്കുമോ അതോ പ്രതിപക്ഷ മുന്നണിയെ വിളിക്കുമോ എന്നത് സർക്കാർ രൂപീകരണത്തിൽ നിർണ്ണായകമാകും.

ഭരിക്കാനുള്ള ഭൂരിപക്ഷം എൻ.ഡി.എക്ക് ലഭിച്ചില്ലങ്കിൽ പോലും ഭൂരിപക്ഷം തെളിയിക്കാൻ മോദിയോട് രാഷ്ട്രപതി ആവശ്യപ്പെട്ടാൽ പല പ്രതിപക്ഷ പാർട്ടികളെയും സ്വന്തം പാളയത്തിൽ എത്തിച്ച് ഭൂരിപക്ഷം ഉറപ്പാക്കാൻ ബി.ജെ.പിക്ക് നിഷ്പ്രയാസം സാധിക്കും. അത്തരമൊരു സാഹചര്യം കൂടി മനസ്സിൽ കണ്ടാണ് ഇത്തവണ ബി.ജെ.പി മുന്നോട്ട് പോകുന്നത്. പ്രതിപക്ഷ മുന്നണിയായ ‘ഇന്ത്യാ’ മുന്നണിക്ക് ഉയർത്തിക്കാട്ടാൻ ഒരു പ്രധാനമന്ത്രി സ്ഥാനാർത്ഥി ഇല്ലാത്തതും മുന്നണിയിലെ കക്ഷികൾ തമ്മിലുള്ള ഭിന്നതയും ഒടുവിൽ തങ്ങൾക്ക് നേട്ടമാകുമെന്നാണ് ബി.ജെ.പി കണക്ക് കൂട്ടുന്നത്.

‘ഇന്ത്യാ’ മുന്നണിയിൽ ഇല്ലാത്ത പ്രതിപക്ഷ പാർട്ടികളായ വൈ.എസ്.ആർ കോൺഗ്രസ്സ്, ബിജു ജനതാദൾ പാർട്ടികളുടെ പിന്തുണ ഇതിനകം തന്നെ ബി.ജെ.പി ഉറപ്പിച്ചിട്ടുണ്ട്. രാജ്യസഭയിലെ നിർണ്ണായക വോട്ടെടുപ്പുകളിൽ സർക്കാറിനെ എല്ലായ്‌പ്പോഴും സഹായിക്കുന്നതും ഈ പാർട്ടികൾ തന്നെയാണ്. മോദിയെ സർക്കാർ ഉണ്ടാക്കാൻ രാഷ്ട്രപതി വിളിച്ചാൽ കോൺഗ്രസ്സ് എം.പിമാരിൽ തന്നെ ഒരു വിഭാഗം ഒപ്പം പോരുമെന്ന പ്രതീക്ഷയും ബി.ജെ.പി നേതൃത്വത്തിനുണ്ട്.

EXPRESS KERALA VIEW

Top