ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിനെ പിന്തുണച്ച് നിയമകമ്മീഷന്‍

ഡല്‍ഹി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിനെ പിന്തുണച്ച് നിയമകമ്മീഷന്‍. ഭരണഘടനയില്‍ ഇതിനായി പ്രത്യേക ഭാഗം എഴുതി ചേര്‍ക്കണമെന്ന് കമ്മീഷന്‍ ശുപാര്‍ശ ചെയ്യും. സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കാതെ വീണാല്‍ എല്ലാ പാര്‍ട്ടികളും ചേര്‍ന്ന ഐക്യസര്‍ക്കാരിനും നിര്‍ദ്ദേശമുണ്ട്.തദ്ദേശ തെരഞ്ഞെടുപ്പ് മുതല്‍ ലോക്സഭാ തെരഞ്ഞെടുപ്പ് വരെ ഒരേ സമയം പൂര്‍ത്തിയാക്കാമെന്ന ശുപാര്‍ശ നിയമ കമ്മീഷന്‍ നല്‍കുമെന്നാണ് വിവരം. അടുത്ത അഞ്ച് വര്‍ഷത്തിനിടെ നിയസഭ തെരഞ്ഞെടുപ്പുകള്‍ ഇതിനായി ക്രമീകരിക്കണമെന്നാണ് കമ്മീഷന്‍ തയ്യാറാക്കിയിരുന്ന ശുപാര്‍ശ. 2024നും 2029നും ഇടയിലെ നിയമസഭ തെരഞ്ഞെടുപ്പുകള്‍ പരമാവധി ഒന്നിച്ചാക്കി രണ്ട് പ്രാവശ്യമായി പൂര്‍ത്തിയാക്കണം. ചില നിയമസഭകളുടെ കാലാവധി കൂട്ടുകയും ചിലത് കുറയ്ക്കുകയും വേണം. ഉദാഹരണത്തിന് 2026ല്‍ കേരളത്തിലെ തെരഞ്ഞെടുപ്പ് നടന്നാലും നിയമസഭ കാലാവധി 3 കൊല്ലമായി ചുരുക്കേണ്ടി വരും.

പൊതു വോട്ടര്‍ പട്ടിക തയ്യാറാക്കണം എന്നതാണ് മറ്റൊരു ശുപാര്‍ശ.അധികാരത്തിലുള്ള സര്‍ക്കാര്‍ വീഴുകയോ തൂക്കുസഭ ആകുകയോ ചെയ്താല്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളെ ഉള്‍ക്കൊള്ളിച്ച് ഐക്യ സര്‍ക്കാര്‍ രൂപീകരിക്കാനും കമ്മീഷന്‍ നിര്‍ദേശിക്കുന്നതായിട്ടാണ് വിവരം. ഇതിന് കഴിഞ്ഞില്ലെങ്കില്‍ ബാക്കിയുള്ള കാലാവധിക്കായി മാത്രം സര്‍ക്കാര്‍ രൂപീകരിക്കുക എന്ന നിര്‍ദ്ദേശവുമുണ്ട്. സുപ്രധാന മാറ്റങ്ങള്‍ക്ക് ഭരണഘടനയില്‍ 15എ എന്ന പേരില്‍ പുതിയൊരു അദ്ധ്യായം എഴുതി ചേര്‍ക്കണം എന്ന ശുപാര്‍ശയാണ് നിയമകമ്മീഷന്‍ മുന്നോട്ടു വയ്ക്കുന്നത്. വന്‍ ഭൂരിപക്ഷത്തോടെ നരേന്ദ്ര മോദി തിരികെയെത്തിയാല്‍ ഈ ശുപാര്‍ശകള്‍ തുടക്കത്തില്‍ തന്നെ നടപ്പാക്കാനുള്ള സാധ്യത തള്ളാനാവില്ല.

Top