കുറ്റവാളികള്‍ക്ക് ഭയമില്ലാതായിരിക്കുന്നു; യുപിയിലെ ക്രമസമാധാനനില തകര്‍ന്നു: പ്രിയങ്ക

ലഖ്നൗ: യുപിയിലെ ക്രമസമാധാനനില ആകെ തകരാറിലായിരിക്കുകയാണെന്ന് പ്രിയങ്ക ഗാന്ധി വദ്ര. കാണ്‍പുരില്‍ റെയ്ഡിനിടെ വെള്ളിയാഴ്ച രാവിലെ എട്ട് പോലീസുകാര്‍ വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തോട് പ്രതികരിക്കുകയായിരുന്നു ഉത്തര്‍ പ്രദേശിന്റെ ചുമതലയുള്ള കോണ്‍ഗ്രസ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി കൂടിയായ അവര്‍.

‘പിടികൂടാനെത്തിയ പോലീസുകാര്‍ക്ക് നേരെ കുറ്റവാളികള്‍ വെടിവെച്ചതിനെ തുടര്‍ന്ന് എട്ട് പോലീസുകാര്‍ക്കാണ് ജീവന്‍ നഷ്ടമായത്. രക്തസാക്ഷികളായ അവരുടെ കുടുംബാംഗങ്ങളോട് അനുശോചനം രേഖപ്പെടുത്തുന്നു. യുപിയിലെ ക്രമസമാധാനനില ആകെ തകരാറിലായിരിക്കുകയാണ്. കുറ്റവാളികള്‍ക്ക് ഭയമില്ലാതായിരിക്കുന്നു’. പ്രിയങ്ക ട്വീറ്റ് ചെയ്തു.

സംസ്ഥാനത്ത് പൊതുജനങ്ങളും പോലീസും സുരക്ഷിതരല്ല. സംസ്ഥാനത്തെ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രതികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു.

അതേസമയം, ജീവന്‍ നഷ്ടപ്പെട്ട എട്ട് പോലീസ് ഉദ്യോഗസ്ഥരുടെ കുടുംബങ്ങള്‍ക്ക് സംസ്ഥാന മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം രേഖപ്പെടുത്തി.

ക്രിമിനല്‍ പശ്ചാത്തലമുള്ള വികാസ് ദുബെ എന്നയാളെ തിരഞ്ഞ് ബികാരു ഗ്രാമത്തിലെത്തിയ പൊലീസുകാര്‍ക്കെതിരെയാണ് ഒളിഞ്ഞിരുന്ന പ്രതികള്‍ വെടിയുതിര്‍ത്തത്.ഡപ്യൂട്ടി സൂപ്രണ്ട്, മൂന്ന് എസ്‌ഐമാര്‍, നാലു കോണ്‍സ്റ്റബിള്‍മാര്‍ എന്നിവരാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. തലസ്ഥാനമായ ലക്‌നൗവില്‍നിന്ന് 150 കിലോമീറ്റര്‍ അകലെയാണു സംഭവം.

Top