വാഹനം ഓടിക്കുന്നവര്‍ മാത്രമല്ല, റോഡ് നിര്‍മ്മിച്ചവരും കുടുങ്ങും; പുതിയ ബില്ലിലെ വ്യവസ്ഥയിങ്ങനെ

മോട്ടോര്‍ വാഹന നിയമ ഭേദഗതി ബില്‍ ഇന്നുമുതല്‍ നിയമമായിക്കഴിഞ്ഞു. ഇതോടെ പുതിയ നിയമത്തിനെതിരെ നിരവധി പേര്‍ രംഗത്തെത്തിയിട്ടുമുണ്ട്. ജനങ്ങളെ പിഴിയുന്നതാണ് നിയമത്തിലെന്ന് ഒരു വിഭാഗവും ആദ്യം റോഡു നന്നാക്കൂ എന്നിട്ടാവാം ജനങ്ങളെ പിഴിയുന്നതെന്ന് മറ്റൊരു വിഭാഗവും വാദിക്കുന്നു. എന്നാല്‍ പുതിയ ബില്ലില്‍ ഇതെല്ലാം ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

പുതിയ നിയമം അനുസരിച്ച് നിരത്തുകളിലുണ്ടാകുന്ന എല്ലാ അപകടങ്ങള്‍ക്കും വാഹനം ഓടിച്ച ഡ്രൈവര്‍ മാത്രമാവില്ല ഇനി കുറ്റക്കാര്‍. റോഡ് നിര്‍മാണത്തിലെ അപാകത കാരണമാണ് അപകടമുണ്ടാകുന്നതെങ്കില്‍ റോഡ് നിര്‍മ്മിച്ച കരാറുകാരനും കുടുങ്ങും. ഇത്തരം കേസുകളില്‍ ഒരുലക്ഷം രൂപവരെ കരാറുകാരന്‍ പിഴ അടക്കേണ്ടിവരും. റോഡുകളുടെ തെറ്റായ രൂപകല്‍പന, ശോചനീയാവസ്ഥ എന്നിവക്ക് കോണ്‍ട്രാക്ടര്‍മാര്‍ക്കൊപ്പം ചിലപ്പോള്‍ നഗരാധികൃതരും ഉത്തരവാദികളാകും.

അപകടമുണ്ടാകുന്നത് വാഹനത്തിന്റെ തകരാറ് കൊണ്ടാണെങ്കില്‍ വാഹന നിര്‍മാതാക്കളും കുടുങ്ങും. നൂറുകോടിരൂപ വരെയാണ് വാഹന നിര്‍മ്മാതാക്കള്‍ക്ക് പിഴയായി അടക്കേണ്ടി വരിക. മാത്രമല്ല നിര്‍മ്മാണത്തകരാറുള്ള വാഹനങ്ങള്‍ തിരിച്ചുവിളിക്കാന്‍ കമ്പനികളോട് ഉത്തരവിടാന്‍ പുതിയ നിയമം അനുസരിച്ച് സര്‍ക്കാരിനു സാധിക്കും. അതായത് വാഹനമുടമയ്ക്കുള്ള നഷ്ടപരിഹാരം നിര്‍മാതാക്കള്‍ നല്‍കുകയോ പുതിയതു മാറ്റിനല്‍കുകയോ വേണം. കൂടാതെ തകരാറുള്ള വാഹനങ്ങള്‍ കമ്പനി തിരികെ വാങ്ങി ഉപഭോക്താവിന് മുഴുവന്‍ പണവും മടക്കി നല്‍കണം, പുതിയ വാഹനങ്ങള്‍ ഡീലര്‍മാര്‍ ഉടമകള്‍ക്ക് കൈമാറേണ്ടത് രജിസ്‌ട്രേഷനു ശേഷം മാത്രം, വാഹനം എവിടെ രജിസ്റ്റര്‍ ചെയ്യണമെന്ന് ഉടമയ്ക്ക് തീരുമാനിക്കാം എന്നിങ്ങനെ ജനങ്ങളുടെ ചെറിയ പ്രശ്‌നങ്ങള്‍ പോലും ഉള്‍ക്കൊള്ളിച്ചുള്ളതാണ് പുതിയ നിയമത്തിലെ വ്യവസ്ഥകള്‍.

Top