Law Academy management says no promise more than gave sfi

തിരുവനന്തപുരം: എസ്എഫ്‌ഐക്ക് നല്‍കിയ ഉറപ്പില്‍ കൂടുതലൊന്നും സമരം തുടരുന്നവര്‍ക്ക് മുന്നില്‍ വയ്ക്കാനില്ലന്ന് ലോ അക്കാദമി മാനേജ്‌മെന്റ്. താന്‍ രാജി വയ്ക്കുന്ന പ്രശ്‌നമില്ലന്ന് ലക്ഷ്മി നായര്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് മാനേജ്‌മെന്റ് നിലപാട് വ്യക്തമാക്കിയത്.

അഞ്ച് വര്‍ഷത്തേക്ക് മാറി നില്‍ക്കുമെന്നും മാനേജ്‌മെന്റ് എടുത്ത എല്ലാ തീരുമാനങ്ങളും താന്‍ അംഗീകരിക്കുമെന്നുമുള്ള നിലപാട് സംസ്ഥാന സര്‍ക്കാര്‍ വിളിക്കുന്ന ചര്‍ച്ചയിലാണെങ്കിലും ആവര്‍ത്തിക്കുമെന്നാണ് ലക്ഷ്മി നായരുടെ നിലപാട്. ഇതിനപ്പുറം ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ലന്ന് ലോ അക്കാദമി ഡയറക്ടര്‍ കൂടിയായ പിതാവ് നാരായണന്‍ നായരെ ലക്ഷ്മി നായര്‍ അറിയിച്ചിട്ടുണ്ട്.

ലക്ഷ്മി നായരുടെ രാജി ആവശ്യപ്പെട്ട് കെ.മുരളീധരന്‍ എം എല്‍ എ നിരാഹാരം തുടങ്ങിയതിനു പിന്നാലെയാണ് ഇതില്‍ കൂടുതല്‍ വിട്ടുവീഴ്ചക്ക് തയ്യാറല്ലന്ന് പ്രഖ്യാപിച്ച് ലക്ഷ്മി നായര്‍ രംഗത്ത് വന്നിരിക്കുന്നത്.

എസ്എഫ്‌ഐയുമായുള്ള ചര്‍ച്ചയില്‍ സ്വീകരിച്ച ‘ലക്ഷ്മി നായര്‍ അഞ്ച് വര്‍ഷത്തേക്ക് മാറിനില്‍ക്കണമെന്ന ‘ആവശ്യം പോലും മകളെ കൊണ്ട് അംഗീകരിപ്പിക്കാന്‍ പിതാവ് എന്ന രീതിയില്‍ നാരായണന്‍ നായര്‍ക്ക് ഏറെ കഷ്ടപ്പെടേണ്ടി വന്നിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.

അതുകൊണ്ട് തന്നെ ലക്ഷ്മി നായരുടെ നിലപാട് ഇപ്പോള്‍ സമരരംഗത്തുള്ളവര്‍ എങ്ങനെ ‘കൈകാര്യം’ ചെയ്യുമെന്നാണ് ഇനി കണ്ടറിയേണ്ടത്.

ലക്ഷ്മി നായര്‍ അഞ്ച് വര്‍ഷത്തേക്ക് മാറി നില്‍ക്കുമെന്ന ഉറപ്പ് സര്‍ക്കാര്‍ തലത്തില്‍ ലഭിച്ചാല്‍ സി പി ഐയുടെ വിദ്യാര്‍ത്ഥി സംഘടനയായ എ ഐ എസ് എഫ് സമരത്തില്‍ നിന്ന് പിന്‍മാറുമെന്നാണ് മാനേജ്‌മെന്റ് കരുതുന്നത്.

ഇപ്പോള്‍ എസ്എഫ്‌ഐയുമായി ഉണ്ടാക്കിയ തീരുമാനം എവിടെ വേണമെങ്കിലും ആവര്‍ത്തിക്കാമെന്ന നിലപാടിലാണ് മാനേജ്‌മെന്റ്. എന്നാല്‍ ലക്ഷ്മി നായര്‍ രാജിവയ്ക്കും വരെ സമരം തുടരുമെന്ന വാശിയിലാണ് കെ എസ് യു, എം എസ് എഫ്, എ ബി വി പി സംഘടനകള്‍. കെ മുരളീധരന്റെ നിരാഹാരത്തോടെ കോണ്‍ഗ്രസ്സും, യൂത്ത് കോണ്‍ഗ്രസ്സും സമര രംഗത്ത് സജീവമായിട്ടുണ്ട്.

ബി ജെ പിയാവട്ടെ വി.മുരളീധരന്റെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റിയ പശ്ചാതലത്തില്‍ വിവി രാജേഷിനെ രംഗത്തിറക്കിയിട്ടുണ്ട്. സമരം ശക്തിപ്പെടുത്താന്‍ സംഘപരിവാര്‍ സംഘടനകള്‍ക്ക് ആര്‍ എസ് എസ് നേതൃത്വവും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

പൊലീസ് സംരക്ഷണത്തില്‍ കോളേജിന്റെ പ്രവര്‍ത്തനം മുന്നോട്ട് കൊണ്ട് പോകുമെന്ന് മാനേജ്‌മെന്റും നിലപാട് സ്വീകരിച്ച പശ്ചാതലത്തില്‍ ഇനിയും സംഘര്‍ഷഭരിതമായ അന്തരീക്ഷം ലോ അക്കാദമിയിലും പരിസരത്തും ഉണ്ടാകാനാണ് സാധ്യത. കെ എസ് യു വെള്ളിയാഴ്ച സമരം പ്രഖ്യാപിച്ചതിനാല്‍ തിങ്കളാഴ്ച മുതല്‍ ക്ലാസ്സുകള്‍ ആരംഭിക്കാനാണ് തീരുമാനം.

Top