law academy issue strike stop

തിരുവനന്തപുരം: ലോ അക്കാദമി വിഷയം പരിഹരിക്കുന്നതിനായി വിദ്യാര്‍ത്ഥി പ്രതിനിധികളും മാനേജ്‌മെന്റും വിദ്യാഭ്യാസമന്ത്രിയുമായി നടത്തിയ രണ്ടാം വട്ട ചര്‍ച്ചയില്‍ സമരം ഒത്തുതീര്‍പ്പായി.

കാലതാമസം കൂടാതെ പുതിയ പ്രിന്‍സിപ്പലിനെ നിയമിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി ഉറപ്പുനല്‍കി. ലക്ഷ്മി നായര്‍ അഞ്ചുവര്‍ഷം ഫാക്കല്‍റ്റിയിലും ഉണ്ടാവില്ല. തിങ്കളാഴ്ച ക്ലാസ് തുടങ്ങും. വിദ്യാഭ്യാസമന്ത്രി കരാറില്‍ ഒപ്പിട്ടു. പുതിയ മിനിട്‌സില്‍ എസ്എഫ്‌ഐയും ഒപ്പിട്ടു. ധാരണ തെറ്റിച്ചാല്‍ സര്‍ക്കാര്‍ ഇടപെടുമെന്നും വിദ്യാഭ്യാസമന്ത്രി അറിയിച്ചു.

ചര്‍ച്ചയില്‍ മാനേജ്‌മെന്റുമായി വിദ്യാര്‍ത്ഥികള്‍ ഒത്തുതീര്‍പ്പു ധാരണയായതോടെ സമരം അവസാനിപ്പിച്ചതായി വിദ്യാര്‍ത്ഥി സംഘടനകള്‍ അറിയിച്ചു.

വിദ്യാര്‍ത്ഥികളുടെ സമരം ന്യായമാണെന്നും മാനേജ്‌മെന്റ് വിട്ടുവീഴ്ചക്കു തയ്യാറാകണമെന്നും വിദ്യാഭ്യാസമന്ത്രി ചര്‍ച്ചയില്‍ പറഞ്ഞു.

പ്രിന്‍സിപ്പല്‍ നിയമനകാര്യത്തില്‍ കൃത്യമായ മാനദണ്ഡം പാലിക്കണം. ലക്ഷ്മി നായര്‍ അഞ്ചു വര്‍ഷത്തേക്ക് മാറി നില്‍ക്കണമെന്ന കാര്യത്തില്‍ അവ്യക്തതയുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ യോഗത്തില്‍ ഉന്നയിച്ചു.

നേരത്തെ തന്നെ സമരം അവസാനിപ്പിച്ച എസ്എഫ്‌ഐയെയും ഇന്നു ചര്‍ച്ചയ്ക്ക് വിളിച്ചിരുന്നു.

പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് വിവിധ വിദ്യാര്‍ത്ഥി സംഘടനകള്‍ ഇരുപത്തിയൊന്‍പതു ദിവസമായി നടത്തിവന്ന സമരത്തിനാണ് ഇതോടെ അവസാനമായത്.

ലോ അക്കാദമിയില്‍ എം എല്‍ എ കെ മുരളീധരനും ബി ജെ പി നേതാവ് വി വി രാജേഷും നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചതായും അറിയിച്ചു.

ലോ അക്കാദമിയിലെ സമരം അവസാനിപ്പിക്കണമെന്ന കാര്യം ക്യാബിനറ്റ് മീറ്റിങ്ങില്‍ സിപിഐ മന്ത്രിമാരാണ് അവതരിപ്പിച്ചത്. സിപിഐയുടെ ഇടപെടലിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ അനുനയ നീക്കം നടത്തിയത്.

മന്ത്രി വി.എസ്. സുനില്‍കുമാറും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും സമരം ചെയ്യുന്ന വിദ്യാര്‍ഥി സംഘടനകളുടെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

പുതിയ പ്രിന്‍സിപ്പലിനെ ക്ഷണിച്ച് മാനേജ്‌മെന്റ് ഇന്ന് പത്രപരസ്യം നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് കെഎസ്‌യു അടക്കമുളള വിദ്യാര്‍ഥി സംഘടനകള്‍ മതിയായ യോഗ്യതയുളള പ്രിന്‍സിപ്പലിനെ നിയമിച്ചാല്‍ സമരം അവസാനിപ്പിക്കുമെന്ന് വ്യക്തമാക്കിയിരുന്നു.

lawaca

Top