law academy issue Student’s suicide threat

തിരുവനന്തപുരം: ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് ആത്മഹത്യാ ഭീഷണി.

എബിവിപി പ്രവര്‍ത്തകന്‍ ഷിനിത്ത് ആണ് ആത്മഹത്യാഭീഷണി മുഴക്കുന്നത്. ലോ അക്കാദമിക്കു മുന്നിലെ മരത്തിന്റെ മുകളില്‍ കയറിയാണ് വിദ്യാര്‍ത്ഥി ആത്മഹത്യാഭീഷണി മുഴക്കുന്നത്.മുഖം മറച്ചാണ് ഇയാള്‍ മരത്തിന് മുകളില്‍ കയറിയിരിക്കുന്നത്.

ഇയാളുടെ കയ്യില്‍ ഒരു ബാഗുമുണ്ട്. ഇതില്‍ പെട്രോളാണെന്നാണ് വിവരം. ലോ അക്കാദമിയിലെ സമരം 28ാം ദിവസത്തിലേക്ക് കടന്നിട്ടും വിദ്യാര്‍ത്ഥികളുടെ ആവശ്യം അംഗീകരിക്കാന്‍ മാനേജ്‌മെന്റ് ഇതുവരെ തയ്യാറായിട്ടില്ല.

വിദ്യാര്‍ത്ഥിക്ക് പിന്തുണയുമായി എത്തിയ എബിവിപി, എഐഎസ്എഫ്, കെഎസ്‌യു എന്നീ വിദ്യാര്‍ത്ഥി സംഘടനകളിലെ പ്രവര്‍ത്തകര്‍ മരത്തിന് കീഴില്‍ ഇരുന്ന് മുദ്രാവാക്യം വിളിക്കുകയാണ്.

വലിയ പൊലീസ് സന്നാഹവും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയിട്ടുണ്ട്. വിദ്യാര്‍ത്ഥിയെ അനുനയിപ്പിക്കാനുള്ള ശ്രമം തുടരുകയാണ്.

അതേസമയം വിദ്യാര്‍ഥി ആത്മഹത്യാ ഭീഷണി മുഴക്കിയ പശ്ചാത്തലത്തില്‍ അനുരഞ്ജന ശ്രമവുമായി തിരുവനന്തപുരം സബ് കളക്ടര്‍ ദിവ്യ എസ്. അയ്യര്‍ എത്തി.

വിദ്യാര്‍ഥികളുടെ ആവശ്യങ്ങള്‍ മേലുദ്യോഗസ്ഥരും സര്‍ക്കാരുമായും ചര്‍ച്ച ചെയ്യുമെന്ന് സബ് കലക്ടര്‍ ഉറപ്പുനല്‍കി. ലോ അക്കാദമിയില്‍ സമരം സമാധാനപരമായിരിക്കണമെന്ന് വിദ്യാര്‍ഥികളോട് കലക്ടര്‍ അഭ്യര്‍ഥിച്ചു.

ദളിത് പീഡന നിയമപ്രകാരം ലക്ഷ്മി നായരുടെ അറസ്റ്റ്, ലക്ഷ്മി നായരെ പുറത്താക്കുക, വിദേശത്തേക്ക് കടക്കാതിരിക്കാന്‍ പാസ്‌പോര്‍ട്ട് കണ്ടുകെട്ടണം തുടങ്ങിയ ആവശ്യങ്ങളാണ് വിദ്യാര്‍ഥികള്‍ മുന്നോട്ടുവച്ചിരിക്കുന്നത്.

വിദ്യാര്‍ത്ഥി സമരം ശക്തമായ പശ്ചാത്തലത്തില്‍ ലോ അക്കാദമി അനിശ്ചിതകാലത്തേക്ക് അടച്ചിട്ടിരിക്കുകയാണ്.

Top