Law Academy issue- CPI force revenue department , the main aim is to sfi

തിരുവനന്തപുരം: ലോ അക്കാദമി സമരവുമായി മുന്നോട്ട് പോവാൻ എ ഐ എസ് എഫ് -എ ഐ വൈ എഫ് നേതൃത്വങ്ങൾക്ക് സി പി ഐ സംസ്ഥാന നേതൃത്വം നിർദ്ദേശം നൽകിയത് ഇടത് മുന്നണിയിലും ഭിന്നതക്ക് കാരണമാകുന്നു

ഇടത് വിദ്യാർത്ഥി സംഘടനയായിട്ടും എ ഐ എസ് എഫിനെ പോലും നോക്കുകുത്തിയാക്കി എസ്എഫ്ഐ ‘വല്യേട്ടൻ ‘ചമഞ്ഞതാണ് സി പി ഐ നേതൃത്യത്തെ ചൊടിപ്പിച്ചിരിക്കുന്നത്.

എസ്എഫ്ഐക്കാരെ മാത്രം ചർച്ചക്ക് വിളിച്ച് ഒത്തുതീർപ്പ് ഉണ്ടാക്കിയതിലുള്ള രോഷം കഴിഞ്ഞ ദിവസം തന്നെ കാണാൻ വന്ന ലക്ഷ്മി നായരോടും പിതാവ് നാരായണൻ നായരോടും സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പ്രകടിപ്പിച്ചിരുന്നു.

സർവ്വകലാശാലയോ സർക്കാരോ വിളിച്ച് ചേർക്കുന്ന യോഗത്തിൽ നിലപാട് വ്യക്തമാക്കി ധാരണയിൽ എത്താൻ ശ്രമിക്കണമെന്നാണ് കാനത്തിന്റെ ഉപദേശം.

വി എസ് അച്ചുതാനന്ദൻ നൽകിയ പരാതിയിൽ റവന്യൂ സെക്രട്ടറി പി എച്ച് കുര്യന്റെ നേതൃത്വത്തിലുള്ള സംഘം ലോ അക്കാദമിയിൽ പരിശോധന നടത്തിയതിന് ശേഷമായിരുന്നു റവന്യൂ വകുപ്പ് കയ്യാളുന്ന സി പി ഐയുടെ സെക്രട്ടറിയെ കാണാൻ ലക്ഷ്മി നായരും പിതാവും എം എൻ സ്മാരകത്തിലെത്തിയത് എന്നതും ശ്രദ്ധേയമാണ്.

ലോ അക്കാദമിക്ക് സർക്കാർ നൽകിയ ഭൂമി ദുർവിനയോഗം ചെയ്തോ, ഏത് രൂപത്തിലാണ് പ്രവർത്തനം നടക്കുന്നത് എന്നതൊക്കെ ആയിരുന്നു സംഘം പരിശോധിച്ചിരുന്നത്.

സമരം ഒത്ത് തീർപ്പാക്കാൻ മാനേജ്മെൻറ് വഴങ്ങിയില്ലങ്കിൽ റവന്യു വകുപ്പ് ഉപയോഗിച്ച് “ബുദ്ധിമുട്ട് ‘സൃഷ്ടിക്കാനാണ് സി പി ഐയുടെ നീക്കം.

ഇത് സി പി എം നേതൃത്വവുമായുള്ള ഭിന്നതയിലും പൊട്ടിത്തെറിയിലും വരെ കലാശിക്കാൻ സാധ്യതയുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടി കാട്ടുന്നത്.

സർക്കാറുമായി ബന്ധപ്പെട്ട പല വിഷയങ്ങളിലും ഇതിനകം തന്നെ മുഖ്യമന്ത്രിയുമായി സി പി ഐ നേതൃത്വം ഉടക്കിലാണ്.ഒരു വകുപ്പിലും ആരുടെയും അപ്രമാധിത്വം അനുവദിച്ച് കൊടുക്കാത്ത മുഖ്യമന്ത്രി പിണറായി, റവന്യൂ വകുപ്പിനെ കയറൂരി വിടുമെന്ന് ആരും വിശ്വസിക്കുന്നില്ല. മാത്രമല്ല നയപരമായ ഏത് സർക്കാർ തീരുമാനത്തിനും മുഖ്യമന്ത്രിയുടെ അനുമതിയും ആവശ്യമാണ്.
റവന്യൂ വകുപ്പ് സി പി ഐക്കാണെങ്കിലും ഈ വകുപ്പിലെ ഐഎഎസുകാർ മുഖ്യമന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ്.

ഏത് ഐഎഎസുകാരനെ തെറിപ്പിക്കണമെങ്കിലും വകുപ്പ് മന്ത്രി മുൻകൂട്ടി അറിയണമെന്ന് പോലുമില്ലന്നർത്ഥം.

സി പി ഐയുമായുള്ള ‘ശീതസമര’ത്തിന്റെ പശ്ചാതലത്തിൽ യു ഡി എഫിലെ പ്രബല ഘടകകക്ഷി ഇടത്തോട് ചായുമെന്ന അഭ്യൂഹവും നിലവിലുണ്ട്. മുൻപ് യു ഡി എഫിൽ നിന്ന് പുറത്ത് ചാടിയ കേരള കോൺഗ്രസ്സ് ആവട്ടെ എപ്പോൾ സി പി എം വിളിച്ചാലും സഹകരിക്കാൻ റെഡിയായി ഇരിക്കുകയുമാണ്.

ഏതെങ്കിലും ഒരു ഘട്ടത്തിൽ സി പി ഐ മുന്നണി വിട്ട് പോയാൽ പോലും സർക്കാറിനെ നിലനിർത്തുന്നതിനാവശ്യമായ ‘ഭൂരിപക്ഷം’ കണ്ട് വച്ചിട്ടാണ് പിണറായിയുടെ തുടക്കം മുതലുള്ള നീക്കങ്ങളെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെയും അനുമാനം.

ലോ അക്കാദമിയിൽ എസ്എഫ്ഐ സമര രംഗത്ത് നിന്ന് പിന്മാറിയെങ്കിലും പ്രശ്നത്തിൽ സി പി എംഉം മുഖ്യമന്ത്രിയും വ്യക്തമായ ഒരു നിലപാട് ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല. വിഎസും സിപിഐയും ആകട്ടെ ഇക്കാര്യത്തിൽ ഒരേ നിലപാടുകാരാണ് താനും. ഇത് ഇടതു മുന്നണിയിലും ആശയ കുഴപ്പം സൃഷ്ടിച്ചിട്ടുണ്ട്.

മറ്റ് ഘടകകക്ഷികൾ ആരും നിലപാട് പ്രഖ്യാപിച്ചിട്ടില്ലങ്കിലും സി പി എംന്റെ തീരുമാനത്തിനൊപ്പം നിൽക്കാനാണ് സാധ്യത.

സി പി എം സംസ്ഥാന കമ്മിറ്റി അംഗവും മുഖ്യമന്ത്രിയുമായി ഏറെ അടുപ്പവുമുള്ള കോലിയക്കോട് കൃഷ്ണൻ നായരുടെ സഹോദരനും സഹോദരിയുടെ മകളുമാണ് അപ്പുറത്ത് നിൽക്കുന്നത് എന്നത് കൊണ്ട് മാത്രമാണ് പാർട്ടിയെ സംഘടിതമായി കടന്നാക്രമിക്കുന്നത് എന്നാണ് സി പി എം നേതൃത്വത്തിന്റെ ആരോപണം

ലോ അക്കാദമി മാനേജ്മെന്റിന്റെ വക്കാലത്ത് എടുക്കാൻ ഉദ്യേശിക്കുന്നില്ലങ്കിലും എസ്എഫ്ഐ യുമായി ഉണ്ടാക്കിയ ധാരണക്ക് അപ്പുറം ഒരു തീരുമാനമുണ്ടാക്കിച്ച് സംഘടനയെ അപഹാസ്യരാക്കുന്ന നിലപാട് എടുപ്പിക്കാൻ ശ്രമിക്കുന്നതിനോട് കടുത്ത അതൃപ്തിയാണ് സി പി എം -ഡിവൈഎഫ്ഐ- എസ്എഫ്ഐ സംഘടനകൾക്കിടയിലുള്ളത്.

ഇക്കാര്യം പാർട്ടി സംസ്ഥാന സെക്രട്ടറിയോടും മുഖ്യമന്ത്രിയോടും നേതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്. സി പി ഐയോടാണ് രോഷം കൂടുതൽ. ആർ എസ് എസിന് മുതലെടുക്കാൻ അവസരമുണ്ടാക്കുകയാണ് ചെയ്യുന്നതെന്നാണ് ആക്ഷേപം.

ലക്ഷ്മി നായർ രാജിവയ്ക്കണമെന്ന് തുടക്കം മുതൽ ആവശ്യപ്പെട്ടിരുന്ന എസ് എഫ് ഐ യോട് അഞ്ച് വർഷത്തേക്ക് പ്രിൻസിപ്പൽ പദവി ഒഴിഞ്ഞ് നിൽക്കുന്ന ഒത്ത് തീർപ്പ് വ്യവസ്ഥ അംഗീകരിക്കണമെന്ന് നിർദ്ദേശിച്ചത് സി പി എം നേതൃത്വമായിരുന്നു.

സംഘടനാപരമായി സി പി എം നിർദ്ദേശം അംഗീകരിക്കാൻ ചുമതലപ്പെട്ടതിനാൽ മാത്രമാണ് എസ്എഫ്ഐ നേതൃത്വം ഈ നിർദ്ദേശം അനുസരിച്ചതെന്നാണ് പുറത്ത് വരുന്ന വിവരം.

അതേസമയം ഒരു വിദ്യാർത്ഥി സംഘടനക്ക് സ്വകാര്യ – സ്വാശ്രയ മാനേജുമെന്റുകളുടെ ഭാഗത്ത് നിന്ന് ലഭിക്കാവുന്ന മികച്ച നേട്ടം തന്നെയാണ് ഒത്ത് തീർപ്പ് വ്യവസ്ഥയുടെ ഭാഗമായി ലഭിച്ചതെന്നാണ് സംഘടന ഇപ്പോൾ അവകാശ പ്പെടുന്നത്. അതാകട്ടെ ഒരു പരിധി വരെ ശരിയുമാണ്.

എന്നാൽ ഇനി ഈ ഒത്ത് തീർപ്പിന് അപ്പുറം ലക്ഷ്മി നായർ രാജിവയ്ക്കുകയോ അവരെ എന്നന്നേക്കുമായി പുറത്താക്കുകയോ ചെയ്യുന്ന ഒരു സാഹചര്യം സർക്കാറിന്റെ ഇടപെടലിന്റെ ഭാഗമായി ഉണ്ടായാൽ അപ്പോഴാണ് ശരിക്കും എസ്എഫ്ഐ വെട്ടിലാകുക. സംഘടനാപരമായി വൻ തിരിച്ചടിയാകുമത്.

ഈ ഒരു സാഹചര്യത്തിലാണ് മാനേജ്മെന്റിന്റെയും വിദ്യാർത്ഥി സംഘടനകളുടെയും ഒരു സംയുക്ത യോഗം സർക്കാർ തലത്തിൽ വിളിച്ച്
അഞ്ച് വർഷം ലക്ഷ്മി നായർ മാറി നിൽക്കാമെന്ന കരാർ ഉണ്ടാക്കാമെന്ന നിർദ്ദേശം ഇടത് നേതൃത്വത്തിൽ നിന്നുയരുന്നത്.

ഇത്തരമൊരു സാഹചര്യമുണ്ടായാൽ എ ഐ എസ് എഫ് സമരം അവസാനിപ്പിക്കുമെന്നാണ് സി പി എം നേതൃത്വവും കരുതുന്നത്.

ഈ നിർദ്ദേശം മറ്റ് സംഘടനകൾ അംഗീകരിച്ചില്ലങ്കിൽ അവർ സമരം തുടരട്ടെയെന്നും. കോളേജ് പൊലീസ് സംരക്ഷണയിൽ തുറന്ന് പ്രവർത്തിക്കട്ടെ എന്നുമാണ് പാർട്ടി നേതൃത്വത്തിന്റെ അഭിപ്രായം.
ചർച്ചകളിൽ മാനേജ്മെന്റ് സ്വീകരിക്കുന്ന നിലപാടുകളാണ് ഇനി നിർണ്ണായകമാവുക.

പ്രതിപക്ഷ എംഎൽഎ അടക്കം നിരാഹാരം കിടക്കുന്നതും സംഘപരിവാർ സമരം ഏറ്റെടുത്തതുമെല്ലാം സ്ഥിതി വഷളാകുന്ന സാഹചര്യമാണ് നിലവിൽ തലസ്ഥാനത്ത് സൃഷ്ടിച്ചിരിക്കുന്നത്.

സർക്കാർ എന്ത് നിലപാട് സ്വീകരിക്കും? ലക്ഷ്മി നായർ പിടിവാശി ഉപേക്ഷിക്കുമോ ? ഇക്കാര്യങ്ങളാണ് പൊതുസമൂഹം ഇപ്പോൾ ഉറ്റുനോക്കുന്നത്.

Top