law academy issue-cpi-cpm

തിരുവനന്തപുരം: ലോ അക്കാദമിക്കെതിരെ കൂടുതല്‍ നടപടികള്‍ വേണ്ടെന്ന് സിപിഎം. അഫിലിയേഷന്‍ റദ്ദാക്കാന്‍ തക്ക പ്രശ്‌നങ്ങളില്ലെന്ന് ലോ അക്കാദമിക്കെതിരെയുള്ള നടപടി ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന കേരളാ യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് യോഗത്തില്‍ സിപിഎം അംഗങ്ങള്‍ അഭിപ്രായപ്പെട്ടു.

അഫിലിയേഷന്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ കൊണ്ടുവന്ന പ്രമേയം വോട്ടിനിട്ട് തള്ളി. സിപിഐ ഉള്‍പ്പെടെ എട്ട് അംഗങ്ങളാണ് അഫിലിയേഷന്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് വന്നത്. .

സിപിഎം ഉള്‍പ്പെടെ പന്ത്രണ്ട് അംഗങ്ങളും സര്‍ക്കാര്‍ സെക്രട്ടറിമാരും അംഗീകാരം റദ്ദാക്കേണ്ടതില്ലെന്ന് നിലപാടെടുക്കുകയായിരുന്നു.

പ്രിന്‍സിപ്പലിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് സിന്‍ഡിക്കേറ്റ് യോഗത്തില്‍ ബഹളമുണ്ടായി. അക്കാദമിയുടെ ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് അംഗങ്ങളും സിപിഐ പ്രതിനിധിയും കത്ത് നല്‍കി.

അതേസമയം സിന്‍ഡിക്കേറ്റ് യോഗത്തില്‍ വൈസ് ചാന്‍സലര്‍ പങ്കെടുക്കാതിരുന്നത് കടുത്ത വിമര്‍ശനങ്ങള്‍ക്കിടയാക്കി. സര്‍ക്കാരിനോടുള്ള വിസിയുടെ ഭക്തിയാണ് ഇതില്‍ നിന്നും മനസിലാകുന്നതെന്ന് യുഡിഎഫ് അംഗങ്ങള്‍ വിമര്‍ശിച്ചു.

ഇതിനിടെ യോഗം നടക്കുന്ന ഹാളിന് പുറത്ത് വിദ്യാര്‍ഥി സംഘടനകള്‍ നടത്തിയ മാര്‍ച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

Top