Law Acadamy Trust chairman former BJP state Vice President

തിരുവനന്തപുരം: വിവാദ കേന്ദ്രമായ ലോ അക്കാദമി ട്രസ്റ്റിന്റെ ചെയർമാൻ അഡ്വ.കെ.അയ്യപ്പൻ പിള്ള ബി ജെ പി മുൻ സംസ്ഥാന വൈസ് പ്രസിഡന്റ്.

ഇപ്പോഴും സംഘപരിവാർ നേതൃത്വങ്ങളുമായി അടുത്ത ബന്ധമുള്ള അയ്യപ്പൻ നായർ സജീവമായി ഭരണ തലപ്പത്ത് നിൽക്കെ എന്തിന് വേണ്ടിയാണ് ബി ജെ പി ദേശീയ നിർവ്വാഹക സമിതി അംഗത്തിന് നിരാഹാരം കിടക്കേണ്ടി വരുന്നതെന്നാണ് ഉയരുന്ന ചോദ്യം.

ലോ അക്കാദമി ട്രസ്റ്റ് ഡയറക്ടറായ നാരായണൻ നായർ സി പി ഐ അനുഭാവിയായും ഇദ്ദേഹത്തിന്റെ സഹോദരൻ കോലിയക്കോട് കൃഷ്ണൻ നായർ സി പി എം സംസ്ഥാന കമ്മിറ്റി അംഗവുമായതും ചൂണ്ടി കാട്ടി സി പി എം അണികളെ കടന്നാക്രമിക്കുന്ന സംഘപരിവാർ സംഘടനകളോട് ഇടത് അണികളാണ് ഈ ചോദ്യമുയർത്തുന്നത്.

ലോ അക്കാദമിക്കകത്ത് എന്ത് തീരുമാനമെടുക്കുന്നതിനും പരമാധികാരമുള്ള ട്രെസ്റ്റ് ചെയർമാൻ പ്രശ്നത്തിൽ ഇടപെടാതെ മാറി നിൽക്കുന്നത് ഇതിനകം തന്നെ സജീവ ചർച്ചാവിഷയമായിട്ടുണ്ട്.

നാരായണൻ നായരുടെ മകൾ കൂടിയായ പ്രിൻസിപ്പൽ ലക്ഷ്മി നായരുടെ അധികാരം വെട്ടി കറക്കാമെന്ന് നിലപാടെടുത്ത ചെയർമാൻ കൂടി ഉൾപ്പെട്ട ട്രസ്റ്റ് യോഗം ഇപ്പോൾ ലക്ഷ്മി നായർക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് വന്നിരിക്കുന്ന പശ്ചാതലത്തിലാണ് വിമർശനവും ശക്തമാകുന്നത്.

ഹൈക്കോടതിയെ സമീപിച്ച് പൊലീസ് സംരക്ഷണം വാങ്ങി കോളജ് തുറന്ന് പ്രവർത്തിപ്പിക്കാനാണ് ലക്ഷ്മി നായരുടെ നീക്കം.

വിദ്യാർത്ഥികളെ അത്യന്തം പ്രകോപിതരാക്കുന്ന ഈ നീക്കത്തെ ശക്തമായി നേരിടാനാണ് സമരം നടത്തുന്ന വിദ്യാർത്ഥി സംഘടനകളുടെ തീരുമാനം.

പ്രിൻസിപ്പൽ സ്ഥാനത്ത് നിന്ന് ലക്ഷ്മി നായർ മാറാതെ സമരം പിൻവലിക്കുന്ന പ്രശ്നമില്ലന്ന ഉറച്ച നിലപാട് എസ് എഫ് ഐ വിദ്യാഭ്യാസ മന്ത്രിയെയും നേരിട്ട് അറിയിച്ചിട്ടുണ്ട്.

ഇന്ന് ഡൽഹിക്ക് പോകുന്ന വിദ്യാഭ്യാസ മന്ത്രി ചൊവ്വാഴ്ച തിരിച്ച് വന്നതിന് ശേഷം മാത്രമേ സർക്കാർ തലത്തിൽ എന്തെങ്കിലും തരത്തിലുള്ള ഇടപെടലുകൾക്ക് സാധ്യതയുള്ളൂ

ലോ അക്കാദമിയിൽ പരിശോധന നടത്തിയ സിൻഡിക്കേറ്റ് ഉപസമിതിയുടെ കണ്ടെത്തൽ സംബന്ധമായ സർവകലാശാലയുടെ റിപ്പോർട്ട് ഇന്ന് പ്രോ.ചാൻസലർ കൂടിയായ വിദ്യാഭ്യാസ മന്ത്രിയുടെ മേശപ്പുറത്തെത്തും. ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തിലായിരിക്കും ഇതു സംബന്ധമായ സർക്കാർ തീരുമാനമുണ്ടാകാൻ സാധ്യത.

ലോ അക്കാദമി ഭൂമി സംബന്ധമായി വി എസ് ഉന്നയിച്ച ആവശ്യത്തിൻമേലും കേരളത്തിലെ ആദ്യത്തെ സെൽഫ് ഫിനാൻസിംങ്ങ് കോളജായ ലോ അക്കാദമിക്ക് എങ്ങിനെ പെർമിനന്റ് അഫിലിയേഷൽ കിട്ടി എന്ന ചോദ്യത്തിനും സർക്കാർ മറുപടി പറയേണ്ടി വരും.

ലോ അക്കാദമി മാനേജ്മെന്റുമായുള്ള ചർച്ച പൊളിഞ്ഞ സാഹചര്യത്തിൽ പ്രശ്നത്തിൽ സർക്കാർ ഉചിതമായ നിലപാട് സ്വീകരിക്കട്ടെ എന്ന നിലപാടാണ് സി പി എം സംസ്ഥാന നേതൃത്വം സ്വീകരിച്ചിരിക്കുന്നത്. ഇക്കാര്യം മുഖ്യമന്ത്രിയെ കോടിയേരി ബാലകൃഷ്ണൻ അറിയിച്ചിട്ടുണ്ട്.

വിദ്യാർത്ഥി പ്രക്ഷോഭത്തിന് അനുകൂലമായി ഘടകകക്ഷിയായ സി പി ഐയും ശക്തമായി രംഗത്തുള്ളതിനാൽ മന്ത്രിസഭ യോഗത്തിൽ സി പി ഐ മന്ത്രിമാർ സ്വീകരിക്കുന്ന നിലപാടും നിർണ്ണായകമാകും.

Top