Lavlin; Former CAG Vinod Rai to head of KIIFB- against BJP

കൊച്ചി: ലാവ്‌ലിന്‍ കേസില്‍ സിബിഐ കോടതി ഉത്തരവിനെതിരെ സിബിഐ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതിയില്‍ 29ന് അന്തിമ വാദം തുടങ്ങും.

സിബിഐക്ക് വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറലാണ് ഹാജരാകുക.

മുഖ്യമന്ത്രി പിണറായി വിജയനടക്കം പ്രതിസ്ഥാനത്തുണ്ടായിരുന്നവരെ വെറുതെ വിട്ട സിബിഐ കോടതി ഉത്തരവിനെയാണ് സിബിഐ ചോദ്യം ചെയ്യുന്നത്.

ഉത്തരവ് റദ്ദാക്കി കേസില്‍ വിചാരണ നടത്തണമെന്നതാണ് പ്രധാന ആവശ്യം.

സംസ്ഥാന രാഷ്ട്രീയത്തില്‍ വന്‍ കോളിളക്കം സൃഷ്ടിച്ച കേസിനെ ഇപ്പോള്‍ ശ്രദ്ധേയമാക്കുന്നത് പിണറായി വിജയന്‍ മുഖ്യമന്ത്രിയാണ് എന്നതിനാലാണ്.

ഏതെങ്കിലും കാരണത്താല്‍ ഹൈക്കോടതി സിബിഐ കോടതി നടപടി റദ്ദാക്കുകയാണെങ്കില്‍ മുഖ്യമന്ത്രിസ്ഥാനം പിണറായിക്ക് രാജി വയ്‌ക്കേണ്ടി വരും.

സംസ്ഥാന രാഷ്ട്രീയത്തിലും സിപിഎമ്മിന് ഉള്ളിലും വലിയ പ്രത്യാഘാതത്തിന് കാരണമാകും അത്തരമൊരു തീരുമാനം വന്നാല്‍. മറിച്ചാണെങ്കില്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ സിബിഐ സുപ്രീംകോടതിയെ സമീപിക്കുമെന്നും ഉറപ്പാണ്.

സംസ്ഥാനത്ത് ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ പിണറായി മുഖ്യമന്ത്രിയായതിന് ശേഷം ആക്രമണങ്ങള്‍ വര്‍ദ്ധിച്ചു വരുന്നുവെന്ന് ബിജെപി കേന്ദ്ര നേതൃത്വം തന്നെ ആരോപിക്കുന്ന പശ്ചാത്തലത്തില്‍ 29ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഹാജരാകുമെന്ന് കേന്ദ്രസര്‍ക്കാര്‍ ഉറപ്പ് വരുത്തിയിട്ടുണ്ട്.

നേരത്തെ പലതവണ കേസ് പരിഗണിച്ചപ്പോഴും സിബിഐ അഭിഭാഷകന്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറലിന് ഹാജരാവാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടതാണ് വാദം നീണ്ടുപോകാന്‍ കാരണമായിരുന്നത്.

ഇതിനിടെ ലാവ്‌ലിന്‍ കേസിലെ സാക്ഷിപ്പട്ടികയിലുള്ള മുന്‍ സിഎജി വിനോദ് റായി സംസ്ഥാന സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത ഉന്നത പദവി സ്വീകരിക്കരുതെന്ന് ആവശ്യപ്പെട്ട് ബിജെപി ദേശീയ സമിതി അംഗം വി മുരളീധരന്‍ രംഗത്ത് വന്നിട്ടുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം വിനോദ് റായ്ക്ക് കത്തയച്ചിട്ടുണ്ട്.

ലാവ്‌ലിന്‍ കേസില്‍ സാക്ഷിപ്പട്ടികയിലുള്ള വിനോദ് റായിക്ക് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡിന്റെ (കിഫ്ബി) ട്രസ്റ്റി അഡൈ്വസറി ചെയര്‍മാനായി നിയമനം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത് കേസ് അട്ടിമറിക്കാനാണെന്നാണ് മുരളീധരന്റെ ആരോപണം.

വിനോദ് റായ്ക്ക് പുറമെ ലാവ്‌ലിന്‍ സാക്ഷിപ്പട്ടികയിലുള്ള മറ്റുചില മുതിര്‍ന്ന സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥര്‍ക്കും സംസ്ഥാന സര്‍ക്കാര്‍ വിവിധ പ്രധാന തസ്തികകളില്‍ നിയമനം നല്‍കിയിട്ടുണ്ടെന്നാണ് മുരളീധരന്റെ ആക്ഷേപം.

ലാവ്‌ലിനില്‍ ബിജെപി പിടിമുറുക്കുന്നതിന്റെ സൂചനയാണ് മുരളീധരന്റെ പ്രതികരണം.

സിബിഐ നിലപാട് ശക്തമാക്കിയാല്‍ പിണറായിയെ വെറുതെ വിട്ട നടപടി ഹൈക്കോടതി റദ്ദ് ചെയ്യുമെന്നാണ് ബിജെപി നേതൃത്വം വിശ്വസിക്കുന്നത്. അങ്ങിനെ വന്നാല്‍ പിണറായി രാജി വയ്‌ക്കേണ്ടി വരുമെന്നും പുതിയ മുഖ്യമന്ത്രിയെച്ചൊല്ലി സിപിഎമ്മില്‍ ആഭ്യന്തര പ്രശ്‌നങ്ങളുണ്ടാകുമെന്നുമാണ് കണക്ക്കൂട്ടല്‍. ഇത്തരമൊരു സാഹചര്യം അടുത്ത ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപി മുന്നണിക്ക് ഗുണം ചെയ്യുമെന്നാണ് നേതൃത്വത്തിന്റെ പ്രതീക്ഷ.

Top