ലാവ്‌ലിന്‍: പിണറായിയുടെ ഗൂഢാലോചനക്ക് തെളിവുണ്ടെന്ന് സിബിഐ

pinarayi-vijayan1-jpg-image_-784-4101

ന്യൂഡല്‍ഹി :ലാവ്ലിന്‍ കേസില്‍ പിണറായിയുടെ ഗൂഢാലോചനയ്ക്ക് വ്യക്തമായ തെളിവുണ്ടെന്ന് സി.ബി.ഐ.

കേസില്‍ പിണറായി ഉള്‍പ്പെടെയുള്ള പ്രതികളെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച അപ്പീലിലാണ് കടുത്ത ആരോപണങ്ങളുള്ളത്.

പ്രതി പട്ടികയില്‍ നിന്ന് ഹൈക്കോടതി ഒഴിവാക്കിയ പിണറായി വിജയന്‍, കെ മോഹനചന്ദ്രന്‍, എ ഫ്രാന്‍സിസ് എന്നിവര്‍ ലാവലിന്‍ ഇടപാടിലെ ഗൂഢാലോചയില്‍ പങ്കാളികളാണ്. ഇവരെ പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കിയത് വിചാരണയെ ബാധിക്കും. ചില വ്യക്തികളെ ലാവ്‌ലിന്‍ കേസില്‍ തിരഞ്ഞ് പിടിച്ച് പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തി എന്ന ഹൈക്കോടതി വാദം തെറ്റ് ആണെന്നും സിബിഐ അപ്പീലില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

വിചാരണ ഘട്ടത്തില്‍ മാത്രമേ ഈ തെളിവുകള്‍ പരിശോധിക്കേണ്ടതുള്ളു. ലാവലിന്‍ കേസില്‍ ഹൈക്കോടതി വിചാരണ നേരിടാന്‍ നിര്‍ദേശിച്ച കെജി രാജശേഖരന്‍, ആര്‍ ശിവദാസന്‍, കസ്തുരിരംഗ അയ്യര്‍ എന്നീ കെഎസ്ഇബി ജീവനക്കാരുടെ പങ്ക് മറ്റ് പ്രതികളുടെ പങ്കാളിത്തത്തില്‍ നിന്ന് വേറിട്ട് കാണാന്‍ പാടില്ലെന്നും സിബിഐ പറയുന്നു.

പിണറായി വൈദ്യുതി മന്ത്രിയായിരിക്കെ പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ എന്നീ ജലവൈദ്യുത നിലയങ്ങളുടെ നവീകരണത്തിന് പദ്ധതിയുണ്ടാക്കിയതില്‍ 374 കോടിയുടെ നഷ്ടമുണ്ടായെന്നാണ് ലാവ്‌ലിന്‍ കേസ്. എന്നാല്‍, പിണറായി സാമ്പത്തിക നേട്ടമുണ്ടാക്കിയതായി സി.ബി.ഐയുടെ കുറ്റപത്രത്തില്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയത്.

Top