Lavlin Case – vs achuthanandan – court

തിരുവനന്തപുരം: എസ്.എന്‍.സി ലാവ്ലിന്‍ കേസില്‍ സി.പി.എം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ തിരുവനന്തപുരം സി.ബി.ഐ കോടതിയുടെ വിധി അംഗീകരിക്കുന്നതായി പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍. കോടതി വിധിക്കെതിരെ മറ്റൊരു മേല്‍ കോടതി വിധി വരുന്നത് വരെ തന്റെ ഈ നിലപാടില്‍ മാറ്റമില്ലെന്നും വി.എസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

ലാവിലിന്‍ കേസിന്റെ കാര്യത്തില്‍ വിചാരണക്കോടതിയുടെ വിധി വന്ന അന്ന് തന്നെ ഞാന്‍ നിലപാട് വ്യക്തമാക്കിയതാണ്. കോടതി വിധി ഞാന്‍ അംഗീകരിക്കുന്നു. വിധിക്കെതിരെ മേല്‍ക്കോടതിയില്‍ നിന്ന് മറ്റൊരു വിധി വരുന്നത് വരെ എന്റെ നിലപാടില്‍ മാറ്റമില്ല- വി.എസ് പറഞ്ഞു.

ഇതടക്കം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉന്നയിച്ച ചോദ്യങ്ങള്‍ക്കും വി.എസ് മറുപടി നല്‍കി
(തുടര്‍ന്നു വായിക്കാം…)

ഭരണത്തില്‍ ഇരുന്ന് അഴിമതി നടത്തിയ നിരവധി പേര്‍ക്കെതിരെ താന്‍ നിയമ പോരാട്ടങ്ങള്‍ നടത്തിയിട്ടുണ്ട്. ഈ കേസുകളില്‍ ജയിലില്‍ അടയ്ക്കാന്‍ കഴിഞ്ഞത് കേരളാ കോണ്‍ഗ്രസ് (ബി) ചെയര്‍മാന്‍ ആര്‍ബാലകൃഷ്ണപിള്ളയെയാണ്. അദ്ദേഹത്തിന്റെ പാര്‍ട്ടി ഇടത് പക്ഷ ജനാധിപത്യ മുന്നണിയില്‍ അംഗമല്ല. ആ നില ഇനിയും തുടരുകയും ചെയ്യുമെന്നും വി.എസ് പറഞ്ഞു.

ധര്‍മടത്തെ സ്ഥാനാര്‍ത്തി പിണറായി വിജയന്റെ തിരഞ്ഞെടുപ്പ് പരിപാടിയില്‍ അദ്ദേഹത്തിന് എതിരെ പ്രസംഗിച്ചില്ല എന്ന ചോദ്യത്തിനുള്ള മറുപടി ഇതാണ്: ‘എന്റെ പാര്‍ട്ടിയുടെയും മുന്നണിയുടെയും സീനിയര്‍ നേതാവാണ് പിണറായി വിജയന്‍. അദ്ദേഹത്തിനെതിരെ പ്രസംഗിച്ച് തോല്‍പിക്കാന്‍ താങ്കള്‍ വേറെ ആളെ അന്വേഷിക്കണം. കമ്മ്യൂണിസ്റ്റ്. പാര്‍ട്ടികളില്‍ ആശയസമരങ്ങള്‍ നടക്കുന്നത് സ്വാഭാവികമാണ്. അത് പാര്‍ട്ടി കാര്യം. ഒരു തിരഞ്ഞെടുപ്പിലേയ്ക്ക് അത് വലിച്ച് നീട്ടുന്ന സംഘടനാ വിരുദ്ധ സ്വഭാവം ഞങ്ങള്‍ക്കില്ല. ഈ സ്വഭാവം കോണ്‍ഗ്രസുകാര്‍ക്ക് പക്ഷേ കൂടപ്പിറപ്പാണ്.’

ആര്‍.എം.പി നേതാവ് ടി.പി. ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട വിഷയത്തിലും തന്റെ നിലപാടുകള്‍ക്ക് യാതൊരു മാറ്റവുമില്ലെന്ന് വി.എസ് വ്യക്തമാക്കി. ആ സംഭവം അങ്ങേയറ്റം അപലപനീയമാണ്. കുറ്റവാളികളെ നിയമത്തിന് മുന്നിലെത്തിക്കണം. എന്നാല്‍ ആര്‍.എം.പി.യെ ഉപയോഗിച്ച് യു.ഡി.എഫ്. നടത്തുന്ന രാഷ്ട്രീയ കച്ചവടത്തിന് കൂട്ടു നില്‍ക്കാന്‍ കഴിയില്ലെന്നും വി.എസ് പറഞ്ഞു.

ഏത് അപമാനവും അവഹേളനവും സഹിച്ച് അധികാരത്തില്‍ തുടരും എന്ന് പരസ്യമായി പ്രഖ്യാപിച്ച മുഖ്യമന്ത്രിയാണ് ഉമ്മന്‍ചാണ്ടി. ഇത്തരം ഒരു ഉളുപ്പില്ലായ്മ താങ്കള്‍ക്ക് ഉണ്ടായത് കൊണ്ടാണ് സലീം മോനേയും (മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിം രാജ്), സരിതാ നായരെയും പോലുള്ളവര്‍ മുഖ്യമന്ത്രിയുടെ ആഫീസിലും ഔദ്യോഗിക വസതിയിലും കയറിയിറങ്ങി നിരങ്ങിയത്. ഉമ്മന്‍ചാണ്ടിയുടെ തട്ടിപ്പ് രാഷ്ട്രീയത്തിന് ജനങ്ങള്‍ ഈ തിരഞ്ഞെടുപ്പില്‍ ചുട്ട മറുപടി നല്‍കുമെന്ന് പറഞ്ഞാണ് വി.എസ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

Top