ലാവ്‌ലിൻ കേസ്; സി.ബി.ഐ നല്‍കിയ അപ്പീല്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

 

ന്യൂഡല്‍ഹി: ലാവ്‌ലിൻ അഴിമതികേസില്‍ സി.ബി.ഐയുടെ അപ്പീല്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പടെയുളളവരെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനെതിരെയാണ് സി.ബി.ഐ അപ്പീല്‍.

അതീവ പ്രാധാന്യമുളള കേസാണെന്നും വേഗം തീര്‍പ്പാക്കണമെന്നും കഴിഞ്ഞയാഴ്ച സി.ബി.ഐ ആവശ്യപ്പെട്ടിരുന്നു. ഇത് അംഗീകരിച്ച് അന്തിമവാദത്തിനുള്ള തീയതി കോടതി തീരുമാനിക്കുമോ എന്നാണ് ഇന്ന് അറിയാനുളളത്. ജസ്റ്റിസ് യു.യു ലളിത് അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വാദംകേള്‍ക്കുക.

രണ്ട് ഹര്‍ജികളാണ് നിലവില്‍ ലാവ്‌ലിൻ കേസുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിലുളളത്. ഒന്ന് മുഖ്യമന്ത്രി പിണറായി വിജയനുള്‍പ്പടെ മൂന്ന് പ്രതികളെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ സി.ബി.ഐ നല്‍കിയ അപ്പീലും രണ്ടാമത്തേത് പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയത് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് മൂന്ന് പ്രതികള്‍ നല്‍കിയ ഹര്‍ജിയും.

സി.ബി.ഐയുടെ ആവശ്യം അംഗീകരിക്കുകയാണെങ്കില്‍ അന്തിമ വാദത്തിനുളള തീയതി കോടതി ഇന്ന് നിശ്ചയിച്ചേക്കും.

Top