ലാവലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി മാറ്റിവച്ചു

ന്യൂഡല്‍ഹി: ലാവലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി മാറ്റിവച്ചു. രണ്ടാഴ്ചത്തേക്കാണ് കേസ് മാറ്റിവച്ചിരിക്കുന്നത്. ജസ്റ്റിസ് എന്‍.വി. രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഇന്ന് കേസ് പരിഗണിച്ചത്. സിബിഐക്ക് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് ഹാജരായത്.

മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം പ്രതിപട്ടികയിലുള്ള മുഴുവന്‍ പേരെയും വിചാരണ ചെയ്യണമെന്ന സിബിഐയുടെ ആവശ്യവും, കുറ്റവിമുക്തരാക്കണമെന്ന മൂന്ന് കെഎസ്ഇബി മുന്‍ ഉദ്യോഗസ്ഥരുടെ ഹര്‍ജികളുമാണ് കോടതി ലിസ്റ്റ് ചെയ്തിരുന്നത്.

കേസില്‍ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധിക്കെതിരായി സിബിഐയാണ് സുപ്രീം കോടതിയെ സമീപിച്ചത്. കേസ് മാറ്റിവയ്ക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് സിബിഐ അഭിഭാഷകന്‍ അറിയിച്ചു. കേസില്‍ വ്യക്തികളെ കക്ഷിചേര്‍ക്കാന്‍ അനുവദിക്കരുതെന്ന് പിണറായിയുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു.

പിണറായി വിജയന്‍ അഴിമതിക്കുള്ള ഗൂഢാലോചനയില്‍ പങ്കാളിയാണെന്നും ഇതിന് കൃത്യമായ തെളിവുണ്ടെന്നും സിബിഐ ആരോപിക്കുന്നു. കുറ്റപത്രത്തില്‍ നിന്ന് പിണറായി ഉള്‍പ്പടെയുള്ള പ്രതികളെ ഹൈക്കോടതി ഒഴിവാക്കിയത് വസ്തുതകള്‍ പരിശോധിക്കാതെയാണെന്നും വിധി റദ്ദാക്കണമെന്നും സിബിഐ ആവശ്യപ്പെടുന്നു.

Top