Lavlin Case; New issue is for Oommen Chandy’s future

എന്തിനാണ് ശ്രീ പിണറായി വിജയനെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും യുഡിഎഫും പേടിക്കുന്നത് ? അഴിമതിയിലും അപവാദങ്ങളിലും മുങ്ങിനില്‍ക്കുന്ന യുഡിഎഫ് സര്‍ക്കാരിന് ഇനി തിരിച്ച് വരാനുള്ള സാധ്യതയില്ലെന്നു കണ്ടാണോ? അതോ പിണറായി മുഖ്യമന്ത്രിയോ ഉപമുഖ്യമന്ത്രിയോ ആയാല്‍ അഴിക്കുള്ളിലാവുമെന്ന ഭീതിയോ?

ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കേണ്ടത് രാഷ്ട്രീയ ‘കുതന്ത്രജ്ഞനായ’ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തന്നെയാണ്.

പ്രത്യേക സിബിഐ കോടതി യാതൊരു കഴമ്പുമില്ലെന്ന് കണ്ട് എഫ്‌ഐആര്‍ പോലും റദ്ദാക്കിയ കേസില്‍ കക്ഷിയല്ലാത്ത സംസ്ഥാന സര്‍ക്കാര്‍ വിചാരണ ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുന്നതിന്റെ യുക്തി എന്താണെന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്താന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്.

സിപിഎം പിബി അംഗം കൂടിയായ മുന്‍വൈദ്യുതി മന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ വെറുതെ വിട്ട കേസില്‍ സര്‍ക്കാരിന്റെ ഇപ്പോഴത്തെ നീക്കം രാഷ്ട്രീയ നീക്കം മുന്‍നിര്‍ത്തിയുള്ളതു തന്നെയാണ്.

പ്രത്യേകിച്ച് പിണറായിയുടെ നേതൃത്വത്തില്‍ സിപിഎമ്മിന്റെ നവകേരള മാര്‍ച്ച് തുടങ്ങാനിരിക്കുന്ന സാഹചര്യത്തില്‍.

സിപിഎമ്മില്‍ മുന്‍കാലങ്ങളിലുണ്ടായത് പോലെ വിഎസ്പിണറായി ഭിന്നതയുണ്ടാകുമെന്നും അത് മുതലാക്കി അധികാരത്തില്‍ തിരിച്ച് കയറാമെന്നുമുള്ള പ്രതീക്ഷ തകര്‍ന്നതാണ് പുതിയ നീക്കത്തിന് മുഖ്യമന്ത്രിയേയും സംഘത്തെയും പ്രേരിപ്പിച്ചത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

സോളാര്‍ കേസ്,ബാര്‍ കോഴ, പാറ്റൂര്‍ ഭൂമി ഇടപാട് തുടങ്ങി നിരവധി കേസുകളില്‍ കുരുങ്ങിക്കിടക്കുന്ന മുഖ്യമന്ത്രിക്കും വിജിലന്‍സ് കേസുകളില്‍ അന്വേഷണം നേരിടുന്ന മന്ത്രിപ്പടക്കും പിണറായിയെ പോലുള്ള കരുത്തനായ ഒരുനേതാവ് അധികാര സ്ഥാനത്ത് എത്തുന്നത് സ്വപ്നത്തില്‍ പോലും സങ്കല്‍പ്പിക്കാന്‍ കഴിയില്ല.

പ്രത്യേകിച്ച് സത്യത്തിനും നീതിക്കും വേണ്ടി നിന്നതിന് അപമാനിക്കപ്പെട്ട ഡിജിപി ജേക്കബ് തോമസ്, ഋഷിരാജ് സിങ്ങ്, ലോക്‌നാഥ് ബെഹ്‌റ തുടങ്ങിയ ഐപിഎസ് ഉദ്യോഗസ്ഥര്‍ എരിയുന്ന കനലോടെ ഇരിക്കുന്ന സാഹചര്യത്തില്‍…

ഭരണമാറ്റമുണ്ടായാല്‍ ഈ ഉദ്യോഗസ്ഥര്‍ സംസ്ഥാന പൊലീസ് വിജിലന്‍സ് തലപ്പത്ത് വന്നാല്‍ പിന്നെ സംഭവിക്കാന്‍ പോകുന്നതും ഊഹിക്കാന്‍ പറ്റാവുന്നതിനുമപ്പുറമാണ്.

മാണിക്ക് മുന്‍പ് ബാധകമായ നിയമം മന്ത്രി ബാബുവിന് മുന്നില്‍ വഴിമാറിയ ചരിത്രമൊന്നും അവര്‍ ആവര്‍ത്തിക്കില്ല. പിണറായിയില്‍ അഴിമതി ആരോപിക്കുന്നവര്‍ കോടതി വിധി മാനിക്കാനാണ് തയ്യാറാകേണ്ടിയിരുന്നത്.

അല്ലാതെ നിയമത്തിന്റെ സാങ്കേതികത്വത്തില്‍ കടിച്ചുതൂങ്ങി കുരുക്കാനും വഴിമുടക്കാനുമല്ല ശ്രദ്ധിക്കേണ്ടത്.

മെഴുകുതിരിയുടെയും നിലവിളക്കിന്റെയും വെട്ടത്തില്‍ പഠനം നടത്താന്‍ വിധിക്കപ്പെട്ട ഒരു തലമുറക്ക് മുന്നില്‍ പവര്‍കട്ട് ഒഴിവാക്കി വെളിച്ചം പകര്‍ന്നത് പിണറായി വൈദ്യുതി മന്ത്രിയായിരുന്ന കാലഘട്ടത്തിലാണ്. ഇക്കാര്യത്തില്‍ പിണറായിയെ കുരിശിലേറ്റാന്‍ ശ്രമിക്കുന്നവര്‍ക്കുപോലും രണ്ടഭിപ്രായമുണ്ടാവില്ല.

സിബിഐ കോടതിക്ക് എതിരായ റിവ്യൂ ഹര്‍ജിയില്‍ ഉടന്‍ വാദം കേള്‍ക്കണമെന്നാണ് മുന്‍ കോണ്‍ഗ്രസ് നേതാവുകൂടിയായ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ടി ആസഫലി സമര്‍പ്പിച്ച ഉപഹര്‍ജിയിലെ ആവശ്യം.

കേസ് വിചാരണക്ക് പോലും യോഗ്യമല്ലെന്ന് സിബിഐ നിരീക്ഷിച്ച കേസിലാണ് ഈ ‘അഭ്യാസം’.

നിരവധി വര്‍ഷങ്ങള്‍ ലാവ്‌ലിന്റെ പേരില്‍ പിണറായിയെ വേട്ടയാടിയവര്‍ വീണ്ടും വേട്ടക്കാരനപ്പുറമുള്ള ക്രൂരതയോടെ വേട്ടയാടാന്‍ ശ്രമിക്കുന്നത് ഒരു കാരണവശാലും പ്രബുദ്ധരായ കേരളജനത അംഗീകരിക്കില്ല.

കമ്മ്യൂണിസ്റ്റ്കാരോടും കമ്മ്യൂണിസ്റ്റ് ആശയങ്ങളോടും എതിര്‍പ്പുണ്ടാകാം, അത് ജനാധിപത്യ വ്യവസ്ഥയില്‍ അനിവാര്യവുമാണ്. പക്ഷേ സ്വാര്‍ത്ഥ താല്‍പര്യത്തിനായി നിരന്തരം വേട്ടയാടാന്‍ ശ്രമിക്കുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ല. പ്രത്യേകിച്ച് വേട്ടയാടലുകളെ ചവിട്ടുപടിയാക്കിയ പോരാളികളുടെ നേരെയാകുമ്പോള്‍…

Team Express Kerala

Top