lavlin case-kummanam against ramesh chennithala

തിരുവനന്തപുരം: എസ്എന്‍സി ലാവലിന്‍ കേസില്‍ ബിജെപി സിപിഎമ്മുമായി ഒത്തുകളിക്കുകയാണെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം അടിസ്ഥാന രഹിതമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കാര്യങ്ങള്‍ വ്യക്തമായി അറിയുന്ന പ്രതിപക്ഷ നേതാവ് ജനങ്ങളെ കബളിപ്പിക്കാന്‍ ശ്രമിക്കുകയാണ്.

ലാവലിന്‍ കേസ് നേരത്തെ പരിഗണിച്ചപ്പോഴെല്ലാം വാദിക്കാന്‍ തയ്യാറാണെന്ന് സിബിഐക്ക് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ അറിയിച്ചിട്ടുള്ളതാണ്. എന്നാല്‍ പിണറായി വിജയന്റെ അഭിഭാഷകനായ എം കെ ദാമോദരന്റെ രോഗാവസ്ഥ മൂലമാണ് കേസുകള്‍ മാറ്റി വെക്കുന്നത്. ഇത് ഒരു സ്വാഭാവിക നടപടി മാത്രമാണ്. എന്നാല്‍ ഇതിനെ സര്‍വ്വകക്ഷി യോഗവുമായി കൂട്ടിക്കുഴയ്ക്കുന്നത് പാപ്പരത്തമാണെന്നും കുമ്മനം വിമര്‍ശിച്ചു.

ലാവലിന്‍ കേസ് അട്ടിമറിച്ച് പിണറായി വിജയനെ രക്ഷിക്കാന്‍ ശ്രമിച്ചത് രമേശ് ചെന്നിത്തലയും കോണ്‍ഗ്രസുമാണ്. കേസിന്റെ ഗൗരവം അറിയുന്നത് കൊണ്ടാണ് മുതിര്‍ന്ന അഭിഭാഷകനായ അഡീഷണല്‍ സോളിസിറ്റര്‍ ജനറലിനെ തന്നെ കേസ് വാദിക്കാന്‍ സിബിഐ ഏല്‍പ്പിച്ചത്. കേസ് പരിഗണിച്ച ഒരവസരത്തിലും സിബിഐ അസൗകര്യം അറിയിച്ചിട്ടുമില്ല. പ്രതിഭാഗം വക്കീല്‍ ഹാജരാകാത്തത് മാത്രമാണ് കേസില്‍ വാദം നടക്കാത്തതിന്റെ കാരണം.

ഭരണത്തില്‍ ഇരുന്നപ്പോഴെല്ലാം പിണറായിയെ രക്ഷിക്കാന്‍ ശ്രമം നടത്തിയതിന്റെ ജാള്യം മറയ്ക്കാനാണ് രമേശ് ഇപ്പോള്‍ ശ്രമിക്കുന്നത്. രാഷ്ട്രീയ സംഘര്‍ഷത്തെപ്പറ്റി ചര്‍ച്ച ചെയ്യാന്‍ തിരുവനന്തപുരത്ത് ചേര്‍ന്ന സര്‍വ്വ കക്ഷി യോഗത്തില്‍ രമേശ് ചെന്നിത്തലയും പങ്കെടുത്തതാണ്. ആ യോഗത്തിലാണ് സിപിഎം ബിജെപി നേതൃത്വങ്ങള്‍ ഉഭയ കക്ഷി ചര്‍ച്ച നടത്താന്‍ തീരുമാനിച്ചത്. അതാണ് ഇപ്പോള്‍ നടപ്പാക്കിയത്. എന്നാല്‍ സര്‍വ്വകക്ഷി യോഗതീരുമാനങ്ങളെ രമേശ് ചെന്നിത്തല തുരങ്കം വെക്കുകയാണ്.

കേരളത്തില്‍ സമാധാനം നിലനിര്‍ത്താനുള്ള ശ്രമങ്ങളെ രാഷ്ട്രീയ ലാഭത്തിന് വേണ്ടി പിന്നില്‍ നിന്ന് കുത്തരുത്. ലാവലിന്‍ കേസിലെ പ്രതികള്‍ക്ക് പരമാവധി ശിക്ഷ കിട്ടണമെന്ന നിലപാടില്‍ നിന്ന് ബിജെപി ഒരിഞ്ച് പിന്നോട്ട് പോകില്ലെന്നും കുമ്മനം പറഞ്ഞു.

Top