Lavlin case-highcourt-justice ubaid-cpm-fear

ലാവ്‌ലിന്‍ കേസിലെ ഹൈക്കോടതി വിധി ഉറ്റുനോക്കി സിപിഎം പരിഭ്രാന്ത്രിയില്‍. സോളാര്‍ കേസില്‍ മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണമെന്ന വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കിയതടക്കം യുഡിഎഫിന് ആശ്വാസമേകിയ നിരവധി വിധികള്‍ പുറപ്പെടുവിച്ച ബെഞ്ചാണ് ലാവ്‌ലിന്‍കേസ് പരിഗണിക്കുന്നത് എന്നതാണ് സിപിഎം നേതൃത്വത്തിന്റെ നെഞ്ചിടിപ്പ് കൂട്ടുന്നത്.

നേരത്തെ കേസ് പരിഗണിച്ച ഹൈക്കോടതി പിണറായി അടക്കമുള്ള പ്രതികളെ കുറ്റവിമുക്തരാക്കിയ കീഴ്‌ക്കോടതി വിധിയുടെ നിലനില്‍പ്പ് സംശയകരമാണെന്നഭിപ്രായപ്പെട്ടിരുന്നു. അടുത്തമാസം അവസാനം ഈ കേസ് വീണ്ടും ഹൈക്കോടതിയുടെ പരിഗണനയിലെത്തുന്നുണ്ട്. ജസ്റ്റിസ് പി ഉബൈദാണ് വിവാദമായ ലാവ്‌ലിന്‍കേസ് പരിഗണിക്കുന്നത്.

നേരത്തെ നിയമസഭയിലെ അക്രമവുമായി ബന്ധപ്പെട്ട് സിപിഎം എംഎല്‍എ കെ കെ ലതിക നല്‍കിയ പരാതിയിലെ തുടര്‍നടപടികള്‍ സ്റ്റേ ചെയ്തതും, സിപിഐ എംഎല്‍എ ഇ എം ബിജിമോള്‍ക്കെതിരെ അപകീര്‍ത്തികരമായി പ്രസംഗിച്ച കേസില്‍ കോണ്‍ഗ്രസ് എംഎല്‍എ എം എ വാഹിദിനെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞതും, മന്ത്രി കെ ബാബുവിനെതിരായ എഫ്‌ഐആര്‍ സ്റ്റേ ചെയ്തും ജസ്റ്റിസ് ഉബൈദാണ്.

യുഡിഎഫിന് പിടിവള്ളിയായ ഈ ഉത്തരവുകള്‍ തന്നെയാണ് സിപിഎം നേതൃത്വത്തിന്റെ ചങ്കിടിപ്പിക്കുന്നത്.

ലാവ്‌ലിന്‍ ഇടപാടില്‍ പൊതുഖജനാവിന് നഷ്ടമുണ്ടായെന്ന സര്‍ക്കാരിന്റെ വാദം കണക്കിലെടുത്ത് ലാവലിന്‍ കേസ് വേഗത്തില്‍ തീര്‍പ്പാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ജസ്റ്റിസ് ഉബൈദ് അഭിപ്രായപ്പെട്ടിരുന്നു.

പിണറായി വിജയന്‍ ഉള്‍പ്പെടെ 7 പ്രതികളെ കുറ്റവിമുക്തരാക്കിയതിനെതിരായ റിവിഷന്‍ ഹര്‍ജിയിയിലായിരുന്നു ഈ പ്രതികരണം.

പൊതുതാല്‍പര്യം പരിഗണിച്ച് കേസ് കേള്‍ക്കുന്നെന്ന് പറഞ്ഞ കോടതി കാലതാമസം കൂടാതെ കേസ് തീര്‍പ്പാക്കുമെന്നും പറഞ്ഞിരുന്നു. പ്രതികളെ കുറ്റവിമുക്തരാക്കിയ സിബിഐ പ്രത്യേക കോടതി ഉത്തരവ് പരിധി വിട്ടെന്ന വാദത്തില്‍ കഴമ്പുണ്ടെന്നും കോടതി നിരീക്ഷിച്ചിരുന്നു.

ലാവ്‌ലിന്‍ കേസിലെ ഹൈക്കോടതി വിധി പിണറായി വിജയന്റെ രാഷ്ട്രീയഭാവിക്ക് ഏറെ നിര്‍ണ്ണായകമാണ്.

Top