lavlin case – high court

കൊച്ചി: എസ്എന്‍സി ലാവ്‌ലിന്‍ കേസില്‍ സിപിഎം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതിനെതിരെ നല്‍കിയ ഉപഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി രണ്ട് മാസത്തേക്ക് മാറ്റിവച്ചു.

ഹര്‍ജി അടിയന്തരമായി പരിഗണിക്കേണ്ട സാഹചര്യമില്ലെന്ന് ജസ്റ്റിസ് പി. ഉബൈദിന്റെ ബെഞ്ച് വ്യക്തമാക്കി. ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച സര്‍ക്കാരിന് കനത്ത തിരിച്ചടിയാണ് കോടതിയുടെ നടപടി.

എന്നാല്‍ കേസ് ഇപ്പോള്‍ പരിഗണിക്കേണ്ട സാഹചര്യം എന്താണെന്ന് കോടതി ചോദിച്ചു. 2000 മുതലുള്ള ഹര്‍ജികള്‍ കോടതിയില്‍ കെട്ടികിടക്കുകയാണ്. അതിനിടെയാണ് ഹര്‍ജി പരിഗണിക്കാന്‍ ആവശ്യപ്പെടുന്നത്. രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടി കോടതിയെ ഉപയോഗിക്കരുതെന്നും ഡിവിഷന്‍ ബെഞ്ച് മുന്നറിയിപ്പ് നല്‍കി.

പിണറായി അടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയ പ്രത്യേക കോടതിയുടെ വിധിക്കെതിരെ സിബിഐയും ക്രൈം നന്ദകുമാറുമാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജി പെട്ടെന്ന് തീര്‍പ്പാക്കണം എന്നു കാണിച്ച് സര്‍ക്കാര്‍ പിന്നീട് ഉപഹര്‍ജി സമര്‍പ്പിക്കുകയായിരുന്നു.

ലാവ് ലിന്‍ അഴിമതിക്ക് പിന്നില്‍ ക്രിമിനല്‍ ഗൂഢാലോചനയുണ്ടെന്നും പിണറായിക്കും മറ്റ് ഉദ്യോഗസ്ഥര്‍ക്കുമെതിരെ വ്യക്തമായ തെളിവുണ്ടായിട്ടും ഇവരെ കുറ്റവിമുക്തരാക്കി ഉത്തരവിട്ടെന്നുമാണ് സര്‍ക്കാറിന്റെയും സിബിഐയുടെയും വാദം.

Top