Lavlin case; High court rejects private petitions

കൊച്ചി: ലാവ്‌ലിന്‍ കേസില്‍ കക്ഷി ചേരാന്‍ നല്‍കിയ സ്വകാര്യ ഹര്‍ജികള്‍ ഹൈക്കോടതി തള്ളി. കോട്ടയം ഭരണങ്ങാനം പനയ്ക്കല്‍ വീട്ടില്‍ ജീവന്‍ ജേക്കബിന്റെ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്. കേസില്‍ റിവിഷന്‍ ഹര്‍ജി നല്‍കാനുള്ള അധികാരം സി.ബി.ഐയ്ക്ക് മാത്രമാണെന്നും കോടതി ജസ്റ്റിസ് ബി.കെമാല്‍ പാഷ വ്യക്തമാക്കി. റിവിഷന്‍ ഹര്‍ജി നല്‍കാന്‍ രണ്ടു മാസത്തെ സമയവും സി.ബി.ഐയ്ക്ക് കോടതി നല്‍കി.

ലാവ്‌ലിന്‍ കേസില്‍ കമ്പനിയുടെ പ്രതിനിധിയായ ദിലീപ് രാഹുലനെ പ്രതിയാക്കിയിട്ടില്ലെന്നും ഇയാള്‍ക്കെതിരെ തെളിവു നല്‍കാന്‍ കഴിയുമെന്നും ചൂണ്ടിക്കാട്ടിയാണ് ജീവന്‍ ജേക്കബ് കക്ഷി ചേരാനെത്തിയത്. ദിലീപ് രാഹുലന്റെ സുഹൃത്തായിരുന്ന അന്തോണിയോ വര്‍ഗീസിന്റെ ഭാര്യ ഷാലറ്റാണ് തനിക്ക് ലാവ്‌ലിന്‍ കേസിലെ രേഖകള്‍ കൈമാറിയതെന്നായിരുന്നു ജീവന്റെ വാദം.

എന്നാല്‍ ഹര്‍ജി ദുഷ്ടലാക്കോടെ മെനഞ്ഞ കെട്ടുകഥയാണെന്നും സി.ബി.ഐ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചപ്പോഴോ പിന്നീട് സി.ബി.ഐ കോടതി കേസ് പരിഗണിച്ചപ്പോഴോ പ്രത്യക്ഷപ്പെടാതിരുന്ന ജീവന്‍ ഇപ്പോള്‍ പ്രത്യക്ഷപ്പെട്ടതിനു പിന്നില്‍ ദുരൂഹതയുണ്ടെന്നും പിണറായി വിജയന്റെ അഭിഭാഷകന്‍ വാദിച്ചത് കോടതി അംഗീകരിച്ചു.

Top