ലാവലിന്‍ കേസ്; പിണറായിക്കെതിരായ സിബിഐ അപ്പീല്‍ ഇന്ന് സുപ്രീം കോടതിയുടെ പരിഗണനയില്‍

ഡല്‍ഹി: എസ്എന്‍സി ലാവലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പടെ മൂന്ന് പേരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിക്കെതിരെ സിബിഐ സമര്‍പ്പിച്ച അപ്പീല്‍ ഇന്ന് സുപ്രീം കോടതിയുടെ പരിഗണനയില്‍. വിചാരണ നേരിടണം എന്ന ഹൈക്കോടതി വിധിക്കെതിരെ കെഎസ്ഇബി മുന്‍ ഉദ്യോഗസ്ഥനായ കസ്തൂരിരംഗ അയ്യര്‍, കെജി രാജശേഖരന്‍ എന്നിവര്‍ നല്‍കിയ ഹര്‍ജികളും കോടതി പരിഗണിക്കും.

ജസ്റ്റിസ്സുമാരായ ശാന്തന ഗൗഡര്‍, എന്‍വി രമണ എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് പരിണഗിക്കുന്നത്. പ്രതിപട്ടികയില്‍ നിന്ന് ഹൈക്കോടതി ഒഴിവാക്കിയ പിണറായി വിജയന്‍, കെ മോഹന ചന്ദ്രന്‍, എ ഫ്രാന്‍സിസ് എന്നിവര്‍ ലാവലിന്‍ ഇടപാടിലെ ഗൂഢാലോചനയില്‍ പങ്കാളികളാണെന്നാണ് അപ്പീലില്‍ സിബിഐ വാദം.

എല്ലാ അപ്പീലുകളിലും സുപ്രീം കോടതി നോട്ടീസ് അയച്ചുവെങ്കിലും ഇതുവരെ ആരും മറുപടി സത്യവാങ്മൂലം ഫയല്‍ ചെയ്തിട്ടില്ല. ജസ്റ്റിസ് ഉബൈദിന്റെ നേതൃത്വത്തിലുള്ള ഹൈക്കോടതി ബെഞ്ചാണ് പിണറായി വിജയനടക്കമുള്ള മൂന്നുപേരെ കുറ്റവിമുക്തനാക്കി വിധി പ്രസ്താവിച്ചത്.

പിണറായി വിജയനെതിരെ പ്രഥമദ്യഷ്ട്യാ കേസില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു. പിണറായി വിജയന്‍ കേസില്‍ പ്രതിയല്ല. പിണറായി വിജയനെ സിബിഐ തെരഞ്ഞുപിടിച്ച് വേട്ടയാടിയെന്നും കോടതി വിമര്‍ശിച്ചിരുന്നു. പിണറായി വിജയന്‍ വൈദ്യുതി മന്ത്രിയായിരിക്കെ പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ എന്നീ ജലവൈദ്യുത നിലയങ്ങളുടെ നവീകരണത്തിന് കനേഡിയന്‍ കമ്പനിയായ എസ്എന്‍സി ലാവലിന് 374 കോടി രൂപ കരാര്‍ നല്‍കിയതില്‍ കോടികളുടെ ക്രമക്കേടുണ്ടെന്നാണ് സിബിഐ യുടെ കേസ്.

Top