‘ലാവലിൻ’ ഇനി പ്രതിപക്ഷം മിണ്ടരുത്, സി.ബി.ഐക്ക് പിന്നിൽ ആരാണ് ? ?

ടുവിൽ പ്രതിപക്ഷത്തിൻ്റെ ആ പ്രതീക്ഷയും  തവിടുപൊടിയായിരിക്കുകയാണ്. ലാവ്ലിൻ കേസിൽ  നിയമസഭ തിരഞ്ഞെടുപ്പിനു മുൻപ് പിണറായിക്കെതിരെ വിധി വരുമെന്ന വാദത്തിൻ്റെ മുനയാണിപ്പോൾ ഒടിഞ്ഞിരിക്കുന്നത്. ഏപ്രിൽ ആറിനാണ് ഇനി കോടതി ഈ കേസു പരിഗണിക്കുന്നത്. അന്നു തന്നെ ഒരു വിധി വരാനുള്ള സാധ്യതയും വളരെ കുറവാണ്. അതായത്  നിയമസഭ തിരഞ്ഞെടുപ്പിനു മുൻപ്  ഈ കേസിൽ വിധി വരില്ലന്ന് വ്യക്തം. സി.ബി.ഐ വാദം നിലനിൽക്കുമോ എന്നു കോടതി തന്നെ ചോദിച്ച കേസാണ്  സി.ബി.ഐ നിലപാടു മൂലം അനന്തമായി വീണ്ടും വലിച്ചു നീട്ടപ്പെട്ടിരിക്കുന്നത്. സി.ബി.ഐയുടെ അസൗകര്യം കണക്കിലെടുത്താണ്  21 തവണയും സുപ്രീം കോടതി കേസ് മാറ്റിവച്ചിരിക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവര്‍ വിചാരണ നേരിടണോ വേണ്ടയോ എന്നത് സുപ്രീംകോടതിയാണ് തീരുമാനിക്കേണ്ടത്.വിചാരണ കോടതിയും കേരള ഹൈക്കോടതിയും മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള പ്രതികളെ നേരത്തെ തന്നെ വെറുതെവിട്ടിരുന്നതാണ്. അതിനാല്‍  ശക്തമായ വാദങ്ങളുമായി സിബിഐ വരണമെന്ന്  മുമ്പ് കേസ് പരിഗണിച്ചപ്പോള്‍ ജസ്റ്റിസ് യുയു ലളിത് ഓർമ്മപ്പെടുത്തുകയും ചെയ്തിരുന്നു. സി.ബി.ഐയെ വെട്ടിലാക്കിയ പ്രതികരണമായിരുന്നു ഇത്. 2017ലാണ്  ലാവ് ലിൻ കേസിൽ  പിണറായി വിജയന്‍ കെ മോഹനചന്ദ്രന്‍ എ ഫ്രാന്‍സിസ് എന്നിവരെ കേരള ഹൈക്കോടതി കുറ്റവിമുക്തരാക്കിയിരുന്നത്.

ഹൈക്കോടതിയെ പോലെ തന്നെ സുപ്രീംകോടതിയും പിണറായിയെ വെറുതെ വിടുമെന്ന് കണ്ടാണ് വിധി വരുന്നത് പരമാവധി നീട്ടികൊണ്ടു പോകാൻ  കേന്ദ്രം ശ്രമിക്കുന്നതെന്ന വാദത്തിനാണ് ഇപ്പോഴത്തെ സി.ബി.ഐ നിലപാടോടെ ശക്തി കൂടിയിരിക്കുന്നത്. ഇന്ന് തന്നെ കേസ് കേട്ടുകൂടേ എന്ന് കോടതി ചോദിച്ചെങ്കിലും സിബിഐ അഭിഭാഷകന്റെ അഭ്യര്‍ത്ഥന മാനിച്ച്ഏപ്രില്‍ ആറിലേക്ക് കേസ് വീണ്ടും മാറ്റുകയാണുണ്ടായത്.

എന്തിനാണ് ഈ കേസ് ഇങ്ങനെ മാറ്റി വയ്പ്പിക്കുന്നതെന്ന ചോദ്യത്തിന് സി.ബി.ഐയാണ് ഇനി മറുപടി പറയേണ്ടത്. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ അഭാവമാണ് കേസ് നീട്ടിവയ്ക്കാന്‍ കാരണമെന്ന വാദം ഉന്നയിക്കുന്നവർ, സോളിസിറ്റർ ജനറൽ ഹാജരായപ്പോഴത്തെ നിലപാടും മറന്നു പോകരുത്. ഇന്നു തന്നെ കേസ് കേട്ടുകൂടേ എന്ന് കോടതി ചോദിച്ചിട്ടും  സിബിഐ അഭിഭാഷകൻ ഒഴിഞ്ഞു മാറുകയാണ് ചെയ്തിരിക്കുന്നത്. ജസ്റ്റിസ് യുയു ലളിതിന്റെ നേതൃത്വത്തില്‍, ജസ്റ്റിസുമാരായ ഇന്ദിരാ ബാനര്‍ജി  കെഎം ജോസഫ് എന്നിവരടങ്ങിയ ബെഞ്ചാണ് ലാവ് ലിൻ കേസ് നിലവിൽ പരിഗണിക്കുന്നത്. അതേസമയം കോടതി ആവശ്യപ്പെട്ടതനുസരിച്ചുള്ള വാദങ്ങളുടെ രേഖാമൂലമുള്ള കുറിപ്പും ഇതുവരെ സിബിഐ കോടതിയില്‍ സമര്‍പ്പിച്ചിട്ടില്ല. ഇതും ദുരൂഹമാണ്. പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സിബിഐയും  തങ്ങളെ കുറ്റവിമുക്തരാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപട്ടികയിലുള്ള ഉദ്യോഗസ്ഥരും നല്‍കിയ ഹര്‍ജികളാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്.

ലാവ്ലിൻ കേസ് അട്ടിമറിക്കാൻ യുഡിഎഫ് പിണറായിയെ സഹായിച്ചു എന്ന് ആരോപിക്കുന്ന ബി.ജെ.പി ഇപ്പോൾ സി.ബി.ഐ സ്വീകരിക്കുന്ന നിലപാടിലാണ് നയം വ്യക്തമാക്കേണ്ടത്. പിണറായിക്കെതിരെ വിധി വരുമെന്ന് ബി.ജെ.പിക്ക് ഉറുപ്പുണ്ടായിരുന്നെങ്കിൽ  ഈ സമീപനമായിരിക്കില്ല  സി.ബി.ഐ സ്വീകരിക്കുമായിരുന്നത് എന്നതും ഉറപ്പാണ്. വലുത് എന്തോ വരാനുണ്ടെന്ന പ്രതീതി ജനിപ്പിച്ച്  നേട്ടമുണ്ടാക്കാനാണ് പ്രതിപക്ഷം ശ്രമിച്ചിരിക്കുന്നത്. ലാവ് ലിൻ കേസ് അട്ടിമറിക്കാൻ  കഴിഞ്ഞ യു.ഡി.എഫ് സർക്കാർ പിണറായിയെ സഹായിച്ചു എന്നാണ്, ബി.ജെ.പി അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ആരോപിക്കുന്നത്.

ബി.ജെ.പിയും കേന്ദ്ര സർക്കാറുമാണ് പിണറായിയെ സഹായിക്കുന്നതെന്നാണ്‌ യുഡിഎഫ്‌ നേതാക്കൾ തിരിച്ചും ആരോപിക്കുന്നത്. വല്ലാത്ത ഒരു ‘സഹായം’ തന്നെയാണിത്. ആരോപണമായാലും അതു പറയുന്നതിനും വേണം സാമാന്യ യുക്തി. എന്നാൽ യു.ഡി.എഫും ബി.ജെ.പിയും ആടിനെ പട്ടിയാക്കുന്ന പ്രചരണമാണ് ഇവിടെ നടത്തി കൊണ്ടിരിക്കുന്നത്. വേട്ടക്കാരൻ്റെ മനോഭാവമാണവർക്കുള്ളത്. ലക്ഷ്യമാകട്ടെ, പിണറായിയും സി.പി.എമ്മും മാത്രമാണ്. ലാവ് ലിനിൽ സുപ്രീം കോടതിയിൽ നിന്നും പിണറായിക്ക് അനുകൂലമായ വിധി വരുന്നതിനെയാണ് യഥാർത്ഥത്തിൽ കേന്ദ്ര സർക്കാറും ബി.ജെ.പിയും ഭയക്കുന്നത്. നിയമസഭ തിരഞ്ഞെടുപ്പിന് മുൻപ് അത്തരമൊരു വിധി വന്നാൽ  ഇടതുപക്ഷത്തിന് വലിയ നേട്ടമാകുമെന്നതാണ് പരിവാറിൻ്റെ വിലയിരുത്തൽ. അതു കൊണ്ടു തന്നെയാണ് ലാവ് ലിൻ കേസിൽ  ഈ ഒളിച്ചു കളി നടത്തുന്നത് എന്നു വേണം കരുതാൻ. ഇതോടെ  സുപ്രീം കോടതി കേസ് മാറ്റി വയ്ക്കുന്നതിൻ്റെ പഴി കേൾക്കേണ്ടി വരുന്നതും  ഇപ്പോൾ സി.പി.എമ്മിനാണ്.

കേന്ദ്രം ഭരിക്കുന്നത് സീതാറാം യെച്ചൂരി ആണെന്നാണ് യു.ഡി.എഫ് നേതാക്കളുടെ പ്രതികരണം കേട്ടാൽ തോന്നിപ്പോവുക. ബി.ജെ.പി – സി.പി.എം ധാരണയുണ്ടെന്ന് വരുത്തി തീർക്കാനാണ് വ്യാജ പ്രചരണം വഴി  യു.ഡി.എഫ് നേതൃത്വം ശ്രമിക്കുന്നത്. എന്നാൽ  സ്വന്തം അണികൾ പോലും ഇത്തരമൊരു വാദം അംഗീകരിക്കില്ലന്നത്  ചെന്നിത്തലയും കുഞ്ഞാലിക്കുട്ടിയുമാണ് ഓർക്കാതെ പോയിരിക്കുന്നത്. രാജ്യത്ത്  കമ്യൂണിസ്റ്റുകളാണ് സംഘ പരിവാറിൻ്റെ പ്രധാന ശത്രു. അത് പ്രത്യയ ശാസ്ത്രപരമായ നിലപാടുകൂടിയാണ്.

കർഷക സമരത്തിൽ പോലും കമ്യൂണിസ്റ്റ് ഗൂഢാലോചനയാണ് കേന്ദ്ര സർക്കാർ ആരോപിച്ചിരിക്കുന്നത്. ഖദറിനെ അവർ ഒരിക്കലും ഭയക്കുന്നില്ല. കാരണം ഖദറിനെ കാവിയാക്കാൻ എളുപ്പത്തിൽ ബി.ജെ.പിക്ക് കഴിയും. ഇപ്പോൾ  പോണ്ടിച്ചേരിയിൽ സംഭവിച്ചിരിക്കുന്നതും അതു തന്നെയാണ്. കേരളത്തിലും ഖദറിനെയാണ് എളുപ്പത്തിൽ കാവിയിൽ മുക്കാൻ കഴിയുക. അബ്ദുള്ളക്കുട്ടി ഇതിനകം തന്നെ കാവിയണിഞ്ഞു കഴിഞ്ഞു. കാവി പാളയത്തിൽ ചേക്കേറാൻ യുവ തുർക്കികളും റെഡിയായി തന്നെയാണ് നിൽക്കുന്നത്. ത്രിപുര ബി.ജെ.പി പിടിച്ചത് അവിടുത്തെ കോൺഗ്രസ്സിനെ ഒന്നാകെ കാവിയണിയിച്ചപ്പോഴാണ്. ഇവിടെ അവർ ശ്രമിക്കുന്നതും അതിനു തന്നെയാണ്.

കാവിപ്പട ചെമ്പടയുടെ പരിസരത്തു വന്നാൽ പോലും വലിയ പോറലാണ് ഏൽക്കുക. കേരളത്തിൻ്റെ തെരുവിൽ വീണ ചോരപ്പാടുകൾ ആ പകയുടെ കഥകൾ ഓർപ്പെടുത്തുന്നതാണ്.രാജ്യത്ത് തന്നെ സംഘ പരിവാറിന് ഏറ്റവും അധികം ബലിദാനികൾ ഉള്ള സംസ്ഥാനമാണ് കേരളം. അതു പോലെ ചെങ്കൊടിക്ക് നഷ്ടപ്പെട്ടതും അനവധി സഖാക്കളെയാണ്. സംഘ പരിവാറുകാരുടെയും കമ്യൂണിസ്റ്റുകളുടെയും ഒരിക്കലും തീരാത്ത ഈ പകയെ  സഖ്യമാക്കി യു.ഡി.എഫ് ചിത്രീകരിച്ചാൽ, അവരുടെ സമനില തെറ്റി എന്നു തന്നെയാണ് കരുതേണ്ടി വരിക. നേതാക്കളിൽ തുടങ്ങി സാധാരണ അണികളിൽ വരെ വ്യാപിച്ചു കിടക്കുന്ന പകയെ  യു.ഡി.എഫിന് വേണമെങ്കിൽ കണ്ടില്ലന്ന് നടിക്കാം. പക്ഷേ, ജനക്കൾക്ക് അതിനു കഴിയുകയില്ല.

ഒരു യോജിപ്പ്  സി.പി.എം – സംഘപരിവാർ അണികൾ സ്വപ്നത്തിൽ പോലും ചിന്തിക്കുകയുമില്ല. അവർക്ക് അതിനു കഴിയുകയുമില്ല. താമരക്ക് വോട്ട് ചെയ്യാൻ സി.പി.എം നേതാവ് പറഞ്ഞാലും അരിവാൾ ചുറ്റിക നക്ഷത്രത്തിനു വോട്ട് ചെയ്യാൻ ബി.ജെ.പി ആഹ്വാനം ചെയ്താലും പറയുന്നവന് അതു പറഞ്ഞ ഓർമ്മ മാത്രമേ കാണുകയൊള്ളു. ബി.ജെ.പി- സി.പി.എം സഖ്യ ‘ധാരണ’ നിരത്തുന്നവർ ഇക്കാര്യവും ശരിക്കും ഓർത്തു കൊള്ളണം.

Top