ലാവലിന്‍ കേസ് വെള്ളിയാഴ്ച പരിഗണിക്കും, പിണറായിക്ക് വേണ്ടി സെന്തില്‍ജഗദീഷിന് വക്കാലത്ത്

ന്യൂഡല്‍ഹി: എസ്എന്‍സി ലാവലിന്‍ കേസ് സുപ്രിം കോടതി വെള്ളിയാഴ്ച പരിഗണിക്കാനിരിക്കെ മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി അഡ്വക്കേറ്റ് ഓണ്‍ റെക്കോര്‍ഡ് സെന്തില്‍ ജഗദീഷ് വക്കാലത്ത് ഇട്ടു. തമിഴ്‌നാട് മുന്‍ ജഡ്ജി ജഗദീഷിന്റെ മകനാണ് സെന്തില്‍ ജഗദീഷ്.

സീനിയര്‍ അഭിഭാഷകരായ ഹരീഷ് സാല്‍വെ, വി ഗിരി എന്നിവരാകും പിണറായിക്ക് വേണ്ടി കേസില്‍ വാദിക്കാനായി ഹാജരാകുക. മുഖ്യമന്ത്രി കക്ഷിയായ കേസില്‍ സംസ്ഥാന സര്‍ക്കാരിന് വേണ്ടി സ്റ്റാന്റിംഗ് കൗണ്‍സില്‍ ജി പ്രകാശും സുപ്രിം കോടതിയില്‍ ഇന്ന് വക്കാലത്ത് ഇട്ടു.

കേസില്‍ വിചാരണ നേരിടണമെന്ന ഹൈക്കോടതി വിധിക്കെതിരെ പ്രതികളായ കസ്തൂരിരംഗ അയ്യര്‍, ആര്‍ ശിവദാസന്‍, കെജി രാജശേഖരന്‍ എന്നിവര്‍ സമര്‍പ്പിച്ചിരിക്കുന്ന ഹര്‍ജികളാണ് കോടതി പരിഗണിക്കുന്നത്. ജനുവരി 11 ന് കേസ് പരിഗണിച്ച കോടതി കേസിലെ വിചാരണ സ്റ്റേ ചെയ്യുകയും ഹൈക്കോടതി പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയ പിണറായി വിജയന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് നോട്ടീസ് അയക്കുകയും ചെയ്തിരുന്നു.

Top