Lavalin case, the Court of Revision to consider the petition on february

pinarayi-vijayan

കൊച്ചി: എസ്എന്‍സി ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയതിനെതിരേ സിബിഐ നല്‍കിയ റിവിഷന്‍ ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി ഫെബ്രുവരിയിലേക്ക് മാറ്റി.

അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് വാദം മാറ്റിവെയ്ക്കാനുള്ള അപേക്ഷ പരിഗണിച്ചാണ് കേസ് ഒരു മാസം കഴിഞ്ഞുള്ള പരിഗണനയ്ക്കായി മാറ്റിവച്ചത്.

കേസില്‍ പിണറായി വിജയന്റെ അഭിഭാഷകനായ എം.കെ. ദാമോദരന്‍ കോടതിയില്‍ ഹാജരായില്ല. ആരോഗ്യസംബന്ധമായ കാരണങ്ങളാല്‍ ഹാജരാകാന്‍ കഴിയില്ലെന്ന് അദ്ദേഹം സിബിഐ സോളിസിറ്റര്‍ ജനറലിനെ അറിയിച്ചിരുന്നു.

നേരത്തെ ജസ്റ്റീസ് ബി. കെമാല്‍പാഷയുടെ ബെഞ്ചാണു ഹര്‍ജി പരിഗണിച്ചിരുന്നത്. ക്രിസ്മസ് അവധിക്കു ശേഷം ജഡ്ജിമാര്‍ പരിഗണിക്കുന്ന വിഷയങ്ങളില്‍ മാറ്റം വന്നതോടെയാണു റിവിഷന്‍ ഹര്‍ജി ജസ്റ്റീസ് പി. ഉബൈദിന്റെ ബെഞ്ചിലേക്കു മാറിയത്.

പിണറായി വിജയന്‍ വൈദ്യുതി മന്ത്രിയായിരുന്ന കാലത്ത് പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജലവൈദ്യുത നിലയങ്ങളുടെ നവീകരണ കരാര്‍ കനേഡിയന്‍ കമ്പനിയായ എസ്എന്‍സി ലാവ്‌ലിനു നല്‍കിയതില്‍ ക്രമക്കേടുണ്ടെന്നാണു സിബിഐയുടെ കേസ്.

ഈ കേസില്‍ തിരുവനന്തപുരം സിബിഐ കോടതി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയിരുന്നു. ഇതിനെതിരേയാണു സിബിഐ റിവിഷന്‍ ഹര്‍ജി നല്‍കിയത്. കേസില്‍ സിബിഐക്കു വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കെ.എം. നടരാജാണ് ഹാജരാകുന്നത്.

Top