ലാവലിന്‍ കേസ്; ഇന്ന് സമയം കിട്ടിയില്ല, ചൊവ്വാഴ്ച പരിഗണിക്കുമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ലാവലിന്‍ കേസ് സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിക്കും. വിശദമായ വാദം കേള്‍ക്കേണ്ടതിനാല്‍ ഇന്നത്തെ അവസാനത്തെ കേസായി ലിസ്റ്റ് ചെയ്യാന്‍ യുയു ലളിത് അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിക്കുകയായിരുന്നു. എന്നാല്‍ കോടതിയുടെ സമയം അവസാനിച്ചതിനാല്‍ കേസ് പരിഗണിക്കാന്‍ സാധിച്ചിരുന്നില്ല.

മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ ഊര്‍ജ്ജ വകുപ്പ് സെക്രട്ടറി കെ. മോഹനചന്ദ്രന്‍, ജോയിന്റ് സെക്രട്ടറി എ ഫ്രാന്‍സിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്താണ് സിബിഐ സുപ്രീംകോടതിയെ സമീപിച്ചത്. കേസില്‍ വാദം നടത്താന്‍ തയ്യാറാണെന്ന നിലപാട് നേരത്തെ പരിഗണിച്ചപ്പോള്‍ സോളിസിറ്റര്‍ ജനറല്‍ വ്യക്തമാക്കിയിരുന്നു. അതേസമയം, കേസില്‍ അനുബന്ധ രേഖകള്‍ കോടതിയില്‍ സമര്‍പ്പിക്കാമെന്ന് അറിയിച്ച സിബിഐ ഇതുവരെയും രേഖകള്‍ കൈമാറിയിട്ടില്ല.

വിചാരണ നേരിടണമെന്ന് ഹൈക്കോടതി വിധിച്ച ഉദ്യോഗസ്ഥരുടെ ഹര്‍ജിയും സുപ്രീംകോടതിക്ക് മുന്നിലുണ്ട്. രണ്ട് കോടതികളും മൂന്ന് പ്രതികളെ വെറുതെ വിട്ടതാണെന്നും അതിനാല്‍ ശക്തമായ വാദങ്ങള്‍ ഉന്നയിക്കാതെ അപ്പീല്‍ നിലനില്‍ക്കില്ലെന്ന് സിബിഐയോട് സുപ്രിംകോടതി പറഞ്ഞിരുന്നു.

Top