മെയ്ക് ഇൻ ഇന്ത്യ ഫോൺ ലാവ ബ്ലേസ് പുറത്തിറങ്ങി

ഭ്യന്തര സ്മാർട് ഫോൺ നിർമാതാക്കളായ ലാവ ഇന്റർനാഷണലിന്റെ ഏറ്റവും പുതിയ ബജറ്റ് ഫോൺ ലാവ ബ്ലേസ് ഇന്ത്യയിൽ അവതരിപ്പിച്ചു. നാല് വ്യത്യസ്ത കളർ ഓപ്ഷനുകളിൽ വരുന്ന ഈ സ്മാർട് ഫോൺ മീഡിയടെക് ഹീലിയോ എ22 പ്രോസസർ ആണുള്ളത്.

ലാവ ബ്ലേസിന്റെ 3 ജിബി റാം + 64 ജിബി സ്റ്റോറേജ് മോഡലിന്റെ വില 8,699 രൂപയാണ്. ഗ്ലാസ് ബ്ലാക്ക്, ഗ്ലാസ് ബ്ലൂ, ഗ്ലാസ് ഗ്രീൻ, ഗ്ലാസ് റെഡ് കളർ വേരിയന്റുകളിലാണ് ഫോൺ വരുന്നത്. നിലവിൽ ലാവ ഇ-സ്റ്റോർ വഴി പ്രീ-ബുക്കിങ്ങിന് ലഭ്യമാണ്. ലാവ ഇ-സ്റ്റോർ, ഫ്ലിപ്കാർട്ട്, ഓഫ്‌ലൈൻ റീട്ടെയിലർമാർ വഴി ജൂലൈ 14 മുതൽ ഫോൺ വിൽപനയ്‌ക്കെത്തും. ലാവ ബ്ലേസ് മുൻകൂട്ടി ബുക്ക് ചെയ്യുന്ന ആദ്യത്തെ 1,000 ഉപഭോക്താക്കൾക്ക് ലാവ പ്രോബഡ്സ് 21 വയർലെസ് ഇയർബഡുകൾ സൗജന്യമായി നൽകും.

ഡ്യുവൽ സിം (നാനോ) ഉപയോഗിക്കാവുന്ന ലാവ ബ്ലേസ് ഹാൻഡ്സെറ്റ് ആൻഡ്രോയിഡ് 12 ലാണ് പ്രവർത്തിക്കുന്നത്. 6.51 ഇഞ്ച് എച്ച്ഡി+ ഐപിഎസ് (720×1,600 പിക്‌സൽ) ഡിസ്‌പ്ലേയ്ക്ക് 20:9 വീക്ഷണാനുപാതവും ഹോൾ-പഞ്ച് ഡിസൈനും ഉണ്ട്. 3 ജിബി റാമിനൊപ്പം മീഡിയടെക് ഹീലിയോ എ 22 ആണ് പ്രോസസർ. പ്രകടനം മെച്ചപ്പെടുത്തുന്നതിന് അധിക 3ജിബി വെർച്വൽ റാം ചേർക്കുന്നതിനുള്ള ഓപ്ഷനും ഇതിലുണ്ട്.

ലാവ ബ്ലേസിന് 13-മെഗാപിക്സൽ എഐ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണവും എൽഇഡി ഫ്ലാഷുമുണ്ട്. എച്ച്‌ഡിആർ, പനോരമ, പോർട്രെയ്‌റ്റ്, ബ്യൂട്ടി, ടൈം-ലാപ്‌സ് ഫൊട്ടോഗ്രഫി എന്നിവയുൾപ്പെടെയുള്ള ക്യാമറ മോഡുകളും ഫിൽട്ടറുകളും ഫോണിലുണ്ട്. സ്‌ക്രീൻ ഫ്ലാഷോടു കൂടിയ 8 മെഗാപിക്‌സൽ സെൽഫി ക്യാമറയും ഉണ്ട്. മൈക്രോ എസ്ഡി കാർഡ് വഴി 256 ജിബി വരെ വികസിപ്പിക്കാവുന്ന 64 ജിബി ഇന്റേണൽ സ്റ്റോറേജുമായാണ് ഫോൺ വരുന്നത്.

4ജി, ബ്ലൂടൂത്ത് വി5, 3.5mm ഓഡിയോ ജാക്ക്, വൈ-ഫൈ 802.11 b/g/n/ac, ജിപിആർഎസ്, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയാണ് പ്രധാന കണക്റ്റിവിറ്റി ഓപ്ഷനുകൾ. ആക്‌സിലറോമീറ്ററും പ്രോക്‌സിമിറ്റി സെൻസറും ഉണ്ട്. ഫിംഗർപ്രിന്റ് സെൻസറും ഫേസ് അൺലോക്ക് ഫീച്ചറും ഉൾപ്പെടുത്തിയിട്ടുണ്ട്. ലാവ ബ്ലേസിൽ 5,000എംഎഎച്ച് ആണ് ബാറ്ററി. ഒറ്റ ചാർജിൽ 40 മണിക്കൂർ വരെ പ്ലേബാക്ക് സമയവും 25 ദിവസത്തെ സ്റ്റാൻഡ്‌ബൈ സമയവും ലഭിക്കുമെന്നാണ് ലാവ അവകാശപ്പെടുന്നത്.

Top