ആ സുന്ദര നിമിഷം മറക്കില്ല, കായിക ഓസ്‌കറില്‍ കയ്യൊപ്പ് ചാര്‍ത്തി ക്രിക്കറ്റ് ദൈവം!

കായികരംഗത്തെ പരമോന്നത ബഹുമതി ലോറിയസ് പുരസ്‌കാരം സ്വന്തമാക്കി ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്തെ ഇതിഹാസ നായകന്‍ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍. കായിക രംഗത്തെ ഓസ്‌കര്‍ എന്നറിയപ്പെടുന്ന ലോറിയസ് പുരസ്‌കാരം ആദ്യമായി ഇന്ത്യയിലേക്കെത്തിച്ചതും സച്ചിനാണ്. 24 വര്‍ഷത്തെ ക്രിക്കറ്റ് ജീവിതത്തിലെ ഏറ്റവും മികച്ച കായിക മുഹൂര്‍ത്തത്തിനുള്ള അംഗീകാരമാണ് സച്ചിന്‍ നേടിയത്.

ആരാധക വൃത്തങ്ങളാല്‍ സമ്പന്നമാണ് സച്ചിന്‍ എന്ന മഹാനായകന്‍. ആ ആരാധകരെ പോലും പുളകം കൊള്ളിച്ച നിമിഷം, 2011ലെ ലോകകപ്പ് വേദിയായിരുന്നു. ലോകകപ്പ് സ്വന്തമാക്കിയപ്പോള്‍ ഇന്ത്യന്‍ താരങ്ങള്‍ സച്ചിനെ തോളിലേറ്റി മൈതാനത്തെ വലംവെച്ചു. എഴുന്നേറ്റു നിന്ന് കയ്യടിച്ച ആരാധകരില്‍ പലര്‍ക്കും അറിയാതെ കണ്ണു നിറഞ്ഞ ആ നിമിഷം തന്നെയാണ് പുരസ്‌കാരത്തിന് സച്ചിനെ അര്‍ഹനാക്കിയിരിക്കുന്നത്.

ഇന്നും സച്ചിന്‍ എന്ന ഇതിഹാസ താരത്തിന് പകരം വെക്കാന്‍ ആളില്ല, എന്നതാണ് ആ താരത്തെ ക്രിക്കറ്റിന്റെ ദൈവം എന്ന പദത്തിലെത്തിച്ചിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷത്തെ മികച്ച പുരുഷ കായികതാരത്തിനുള്ള ലോറിയസ് പുരസ്‌കാരം ഫുട്ബാള്‍ താരം ലിയോണല്‍ മെസ്സിയും ഫോര്‍മുല വണ്‍ കാറോട്ട താരം ഹാമില്‍ട്ടണും നേടിയിരുന്നു.

Top