കുട്ടികള്‍ക്കു നേരെയുള്ള ക്രൈസ്തവ പുരോഹിതരുടെ പീഡനം ; അപലപിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ

pop francis

സാന്റിയാഗോ: കുട്ടികള്‍ക്കു നേരെയുണ്ടായിട്ടുള്ള ക്രൈസ്തവ പുരോഹിതന്മാരുടെ പീഡനങ്ങളെ ശക്തമായ ഭാഷയില്‍ അപലപിച്ചു കൊണ്ട് ഫ്രാന്‍സിസ് മാര്‍പാപ്പ. ലാറ്റിനമേരിക്കന്‍ സന്ദര്‍ശനത്തിനെത്തിയ ഫ്രാന്‍സിസ് മാര്‍പാപ്പ ചിലിയില്‍ വെച്ചാണ് തന്റെ പ്രതികരണം അറിയിച്ചത്.

കുട്ടികള്‍ക്കുനേരെയുണ്ടാകുന്ന അക്രമങ്ങളില്‍ അങ്ങേയറ്റം ദു:ഖിതനാണെന്ന് പറഞ്ഞ മാര്‍പാപ്പ ഇത്തരം കാര്യങ്ങള്‍ സഭയ്ക്ക് അങ്ങേയറ്റം അപമാനകരമാണെന്നും, ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശക്തമായ നടപടികള്‍ വേണമെന്നും, ദു:ഖിതരോടൊപ്പം നില്‍ക്കുമെന്നും പറഞ്ഞു.

അതേസമയം, മാര്‍പ്പാപ്പയില്‍ നിന്ന് മാപ്പ് പറയലല്ല, നടപടിയാണു പ്രതീക്ഷിക്കുന്നതെന്നാണ് ഇരയായവര്‍ പറയുന്നത്. കുട്ടികളോട് ലൈംഗിക അതിക്രമങ്ങള്‍ കാട്ടുന്നവരെ സംരക്ഷിക്കുന്ന നയമാണ് ഇവിടുത്തെ ബിഷപ്പുമാര്‍ പുലര്‍ത്തുന്നതെന്നും, സംഭവം മൂടിവയ്ക്കാന്‍ അവര്‍ ശ്രമിക്കുന്നതായും, ഇത്തരത്തിലുള്ളവരെ പുറത്താക്കണമെന്നും
പതിനേഴാം വയസ്സില്‍ സെമിനാരിയില്‍ പഠിച്ചുകൊണ്ടിരിക്കെ വൈദികന്റെ പീഡനത്തിന് ഇരയായ ജുവാന്‍ കാര്‍ലോസ് ക്രൂസ് പറഞ്ഞു.

ചിലിയിലെ പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ രാവിലെ നടന്ന സമ്മേളനത്തെ അഭിസംബോധന ചെയ്യവെയാണ് മാര്‍പാപ്പ പ്രശ്‌നത്തെക്കുറിച്ചു പരസ്യമായി പറഞ്ഞത്. പ്രസിഡന്റ് മിഷേല്‍ ബാഷെല്‍റ്റും വേദിയില്‍ ഉണ്ടായിരുന്നു.

Top