ഔദ്യോഗികവാഹനം സ്വകാര്യയാത്രയ്ക്ക് ഉപയോ​ഗിച്ചു; 97,140 രൂപ തിരിച്ചടയ്ക്കാൻ ലതികാ സുഭാഷിന് എംഡി നിർദേശം

കൊല്ലം: കേരള വനംവികസന കോർപ്പറേഷൻ ചെയർപേഴ്‌സൺ ലതികാ സുഭാഷ് തന്റെ ഔദ്യോഗിക വാഹനത്തിൽ നടത്തിയ സ്വകാര്യ യാത്രകളുടെ പേരിൽ ചിലവാക്കിയ 97,140 രൂപ തിരിച്ചടയ്ക്കണമെന്ന് എം.ഡി. നിർദേശിച്ചു.ജനുവരി ഒന്നുമുതൽ ഏപ്രിൽ 30 വരെ ലതികാ സുഭാഷ് ഔദ്യോഗിക വാഹനം ഉപയോഗിച്ച് 7,354 കിലോമീറ്റർ സ്വകാര്യയാത്ര നടത്തിയതായി എം.ഡി. നൽകിയ കത്തിലുണ്ട്. ജൂൺ 30-നുമുമ്പായിട്ട് നഷ്ടപരിഹാര തുക അടയ്ക്കണമെന്നാണ് നിർദേശം. പണം തിരിച്ചടച്ചില്ലെങ്കിൽ ഓണറേറിയത്തിൽനിന്ന് തുക ഈടാക്കുമെന്നും പറഞ്ഞിട്ടുണ്ട്.

ഔദ്യോഗിക വാഹനമായ കെ.എൽ-05 എ.ഇ. 9173 കാർ കോർപ്പറേഷൻ ആവശ്യങ്ങൾക്കല്ലാതെ ചെയർപേഴ്‌സൺ ഉപയോഗിച്ചെന്നാണ് കണ്ടെത്തൽ. ഇതുസംബന്ധിച്ച മാധ്യമ വാർത്തകളുടെയും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ നിർദേശങ്ങളുടെയും അടിസ്ഥാനത്തിലാണ് നടപടിയെന്ന് എം.ഡി.യുടെ കത്തിൽ പറയുന്നു. എം.ഡി. പ്രകൃതി ശ്രീവാസ്തവ, ചെയർപേഴ്‌സന്റെ പ്രവർത്തനങ്ങൾക്കെതിരേ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് റിപ്പോർട്ട് നൽകിയതായും പറയുന്നുണ്ട്.

Top